
യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ പ്രീ ക്വാർട്ടറിൽ
ബാഴ്സലോണ,ബയേൺ,ഇന്റർ,ലിവർപൂൾ വിജയിച്ചു
മ്യൂണിക്ക്/പാരീസ് : കഴിഞ്ഞരാത്രി നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ആദ്യ പാദ പ്രീക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ മുൻ ജേതാക്കളായ ബയേൺ മ്യൂണിക്ക്,ബാഴ്സലോണ, ലിവർപൂൾ,ഇന്റർ മിലാൻ എന്നിവർക്ക് ജയം. ബയേൺ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് മറ്റൊരു ജർമ്മൻ ക്ളബ് ബയേർ ലെവർകൂസനെ തോൽപ്പിച്ചപ്പോൾ ബാഴ്സ ഏകപക്ഷീയമായ ഒരു ഗോളിന് പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയേയും ലിവർപൂൾ ഇതേ മാർജിനിൽ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയേയുമാണ് തോൽപ്പിച്ചത്.
മത്സരത്തിന്റെ ഏറിയപങ്കും 10 പേരുമായി കളിക്കേണ്ടി വന്നിട്ടും നായകൻ റഫീഞ്ഞ നേടിയ ഗോളിന് ബെൻഫിക്കയെ തകർക്കുകയായിരുന്നു ബാഴ്സലോണ. യുവതാരം പൗ കുബാർസി 22–ാം മിനിട്ടിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെയാണ് ബാഴ്സ 10 പേരായി ചുരുങ്ങിയത്. 61–ാം മിനിട്ടിലാണ് റാഫീഞ്ഞ വിജയഗോൾ നേടിയത്. ബെൻഫിക്കൻ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്തായിരുന്നു റാഫീഞ്ഞയുടെ ഗോൾ. സീസണിൽ റാഫീഞ്ഞയുടെ 25–ാം ഗോളാണിത്, ഒൻപതാമത്തെ ചാമ്പ്യൻസ് ലീഗ് ഗോളും.
പി.എസ്.ജിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 87–ാം മിനിട്ടിൽ ഹാർവി എലിയട്ട് നേടിയ ഗോളിനാണ് ലിവർപൂളിന്റെ വിജയം. പി.എസ്.ജിയുടെ ആധിപത്യം കണ്ട മത്സരത്തിൽ ഗോൾകീപ്പർ അലിസൺ ബെക്കറിന്റെ തകർപ്പൻ പ്രകടനമാണ് ലിവർപൂളിന് രക്ഷയായത്. പി.എസ്.ജി 27 തവണ ഗോളിലേക്ക് ലക്ഷ്യമിട്ടിട്ടും ഗോളടിക്കാനാകാതിരുന്നത് അലിസന്റെ മികവുകൊണ്ടായിരുന്നു. ഒൻപതു സേവുകളാണ് അലിസൺ നടത്തിയത്. ലിവർപൂൾ തങ്ങളുടെ രണ്ട് ഷോട്ടുകളിലൊന്ന് ലക്ഷ്യത്തിലെത്തിച്ച് ജയിച്ചുകയറി.
ജർമ്മൻ ക്ലബുകളുടെ പോരാട്ടത്തിൽ ഇംഗ്ലിഷ് താരം ഹാരി കെയ്നിന്റെ ഇരട്ടഗോളാണ് ബയേൺ മ്യൂണിക്കിന് വിജയം സമ്മാനിച്ചത്. 9, 75 മിനിട്ടുകളിലാണ് കെയ്ൻ ലക്ഷ്യം കണ്ടത്. ഇതിൽ രണ്ടാം ഗോൾ പെനാൽറ്റിയിൽ നിന്നായിരുന്നു. ബയണിന്റെ മറ്റൊരു ഗോൾ 54–ാം മിനിട്ടിൽ ജമാൽ മുസ്‌ലിയാല നേടി. നോർദി മുഖിയെലെ 62–ാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായതോടെ 10 പേരുമായാണ് ലെവർക്കൂസൻ മത്സരം പൂർത്തിയാക്കിയത്.
ഫെയെനൂർദിനെതിരായ മത്സരത്തിൽ, ഇരു പകുതികളിലുമായി ഓരോ ഗോളടിച്ചാണ് ഇന്റർ മിലാൻ ജയിച്ചുകയറിയത്. 38–ാം മിനിട്ടിൽ മാർക്കസ് തുറാമും 50–ാം മിനിട്ടിൽ അർജന്റീന താരം ലൗത്താരോ മാർട്ടിനസും ലക്ഷ്യം കണ്ടു. ചാംപ്യൻസ് ലീഗിൽ ഇന്ററിനായി 18–ാം ഗോൾ നേടിയ ലൗത്താരോ, ഇതിഹാസ താരം സാന്ദ്രോ മസോളോയുടെ റെക്കാഡ് മറികടക്കുകയും ചെയ്തു.
മത്സരഫലങ്ങൾ
ബയേൺ മ്യൂണിക്ക് 3- ലെവർകൂസൻ 0
ബാഴ്സലോണ 1-ബെൻഫിക്ക 0
ലിവർപൂൾ 1- പി.എസ്.ജി 0
ഇന്റർ മിലാൻ 2- ഫെയനൂർദ് 0
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |