
ലാഹോർ : ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിന് തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കൻ ടീമിനെ ദുബായ്യിലേക്കും തിരിച്ചും വെറുതെ യാത്രചെയ്യിച്ചത് ഒട്ടും ശരിയായ നടപടിയായില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഡേവിഡ് മില്ലർ.
ഹൈബ്രിഡ് മോഡലിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ്. ഇന്ത്യയുമായി സെമി കളിക്കാൻ സാദ്ധ്യതയുള്ളതിനാൽ സംഘാടകർ ദക്ഷിണാഫ്രിക്കൻ ടീമിനെയും ഓസ്ട്രേലിയൻ ടീമിനെയും കഴിഞ്ഞ ഞായറാഴ്ച വിമാനത്തിൽ ദുബായ്യിൽ എത്തിച്ചിരുന്നു. എന്നാൽ അന്ന് നടന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ തോൽപ്പിച്ചതോടെ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സെമി നിശ്ചയിക്കപ്പെട്ടു. ഇതോടെ ഓസീസ് ദുബയ്യിൽ തുടരുകയും ദക്ഷിണാഫ്രിക്കയും ന്യൂസിലാൻഡും സെമിയിൽ ഏറ്റുമുട്ടുന്നതിനായി ലാഹോറിലേക്ക് മടങ്ങുകയും ചെയ്തു. ഒരു മണിക്കൂർ 40 മിനിട്ട് യാത്രയാണ് ലാഹോറിൽ നിന്ന് ദുബായ്യിലേക്കുണ്ടായിരുന്നത്. വൈകിട്ട് നാലിന് ദുബായ്യിൽ എത്തിയ ദക്ഷിണാഫ്രിക്കൻ ടീം രാത്രി ഏഴരയ്ക്ക് മടങ്ങിയെത്തി. സെമി ഫൈനലിൽ മില്ലർ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായിരുന്നില്ല.
അതേസമയം ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഒരേ വേദിയിലായത് ടീമിന് വലിയ മുൻതൂക്കം നൽകുന്നുണ്ടെന്ന ചർച്ച ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഈ വാദവുമായി മുൻ താരങ്ങളടക്കം നേരത്തേ രംഗത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |