
ഐ.സി.സി ടൂർണമെന്റുകളിലെ നിർഭാഗ്യവാന്മാരെന്ന നാണക്കേട് മാറ്റാനാകാതെ ദക്ഷിണാഫ്രിക്ക
ഐ.സി.സി ക്രിക്കറ്റ് ടൂർണമെന്റുകളുടെ സെമി ഫൈനലുകൾ എന്നും ദക്ഷിണാഫ്രിക്കയ്ക്ക് ബാലികേറാമലയാണ്. മികച്ച താരനിരയുമായി വന്നാലും പ്രതീക്ഷയുണർത്തുന്ന പ്രകടനം കാഴ്ചവച്ചാലും സെമിഫൈനൽ എന്ന കടമ്പയിൽ തട്ടിവീഴുന്നതാണ് പതിവ്. ഇതിന് ഒരപവാദമായി കഴിഞ്ഞ വർഷം കരീബിയനിൽ നടന്ന ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലെത്തിയെങ്കിലും അവിടെ ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങി. ദക്ഷിണാഫ്രിക്കയുടെ പല സെമിഫൈനൽ തോൽവികളും നിർഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് അവരെത്തേടിയെത്തിയിട്ടുള്ളത്.
ഇത്തവണ ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെ 50 റൺസിനായിരുന്നു ടെംപ ബൗമയുടെയും സംഘത്തിന്റേയും സെമിഫൈനൽ തോൽവി. ലോഹോറിൽ ആദ്യം ബാറ്റ്ചെയ്ത കിവീസ് രചിൻ രവീന്ദ്രയുടേയും (108), കേൻ വില്യംസണിന്റേയും (102) സെഞ്ച്വറികളുടെ മികവിൽ 362/6 എന്ന സ്കോർ ഉയർത്തിയപ്പോൾ തന്നെ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിലായിരുന്നു. ഡേവിഡ് മില്ലർ സെഞ്ച്വറിയുമായി (100*) പുറത്താകാതെ നിന്നിട്ടും ബൗമ (56), വാൻഡർ ഡസൻ (69) എന്നിവർ അർദ്ധസെഞ്ച്വറികൾ നേടിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് 312/9 എന്ന സ്കോറിലേ എത്താനായുള്ളൂ.
5
ഇത് അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ തോൽക്കുന്നത്.
2000,2002,2006,2013 ചാമ്പ്യൻസ് ട്രോഫികളുടെ സെമിഫൈനലിലാണ് ഇതിനുമുമ്പ് തോറ്റത്.
1992,2007,2015,2023 ഏകദിന ലോകകപ്പുകളുടെ സെമിഫൈനലിലും തോൽക്കാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിധി.
1999 ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയുമായി ടൈ ആയി. സൂപ്പർ സിക്സ് റൗണ്ടിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവച്ചത് ഓസ്ട്രേലിയ ആയതിനാൽ അന്നും ദക്ഷിണാഫ്രിക്കയ്ക്ക് പുറത്താകേണ്ടിവന്നു.
2024 ട്വന്റി-20 ലോകകപ്പ് സെമിയിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചെങ്കിലും ഫൈനലിൽ ഇന്ത്യയോട് തോറ്റു.
1998ലെ ഐ.സി.സി നോക്കൗട്ട് ട്രോഫിയാണ് ദക്ഷിണാഫ്രിക്ക ഇതുവരെ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ സ്വന്തമാക്കിയ ഏകകിരീടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |