
ദുബായ് : തുടർച്ചയായ മൂന്നാമത്തെ ഐ.സി.സി ടൂർണമെന്റിലും ഫൈനൽ കളിക്കാൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരുങ്ങുന്നു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ സെമിയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. ദക്ഷിണാഫ്രിക്കയെയാണ് ന്യൂസിലാൻഡ് സെമിയിൽ തോൽപ്പിച്ചത്.
ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ കളിക്കുകയും അതിലെല്ലാം ജയിക്കുകയും ചെയ്ത ഏകടീമാണ് ഇന്ത്യ.ഇത് ഇന്ത്യയ്ക്ക് അനുകൂല്യം നൽകുന്നുവെന്ന വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചാമ്പ്യൻസ് ട്രോഫി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് രോഹിത് ശർമ്മയും സംഘവും.മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലാൻഡ് ആകട്ടെ കാൽനൂറ്റാണ്ടിന് ശേഷമാണ് ഒരു വൈറ്റ്ബാൾ ഐ.സി.സി ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യയെ നേരിടുന്നത്.
ഗ്രൂപ്പ് റൗണ്ടിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ തോൽപ്പിക്കാനായതും ഇന്ത്യയ്ക്ക് കലാശക്കളിക്ക് ഇറങ്ങുമ്പോൾ ആത്മവിശ്വാസം പകരുന്നു. 44 റൺസിനായിരുന്നു ഈ മാസം രണ്ടിന് നടന്ന മത്സരത്തിൽ ഇന്ത്യൻ വിജയം.അന്ന് ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ 249/9 റൺസിൽ ഒതുങ്ങിയെങ്കിലും കിവീസിനെ 45.3 ഓവറിൽ 205 റൺസിന് ചുരുട്ടുകയായിരുന്നു. വിജയം അനിവാര്യമല്ലാത്തതിനാൽ ഇരുടീമുകളും സേഫ് സോണിലാണ് ഈ മത്സരം പൂർത്തിയാക്കിയത്.
സ്പിന്നിനെ തുണയ്ക്കുന്ന ദുബായ്‌യിലെ പിച്ചിൽ ബാറ്റർമാരും സ്പിന്നർമാരും തമ്മിലുള്ള പോരാട്ടത്തിനാകും ഫൈനൽ സാക്ഷളം വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ,രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരാണ് ഇന്ത്യൻ ബാറ്റിംഗിന്റെ കരുത്ത്. കിവീസ് ബാറ്റിംഗ് നിരയിൽ കേൻ വില്യംസൺ,രചിൻ രവീന്ദ്ര, ഡെവോൺ കോൺവേയ്, ഡാരിൽ മിച്ചൽ, വിൽ യംഗ് തുടങ്ങിയവരുണ്ട്.ക്യാപ്ടൻ മിച്ചൽ സാന്റ്നറാണ് കിവീസ് സ്പിൻ ബൗളിംഗിന് നേതൃത്വം നൽകുന്നത്. ഇന്ത്യയ്ക്ക് വരുൺ ചക്രവർത്തി,രവീന്ദ്ര ജഡേജ,കുൽദീപ് യാദവ് തുടങ്ങിയ മികച്ച സ്പിൻ നിരയാണുള്ളത്.
2000ത്തിൽ കെനിയയിൽ വച്ച് നടന്ന ഐ.സി.സി നോക്കൗട്ട് മത്സരത്തിലാണ് ഇരുടീമുകളും ആദ്യം ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് ജയിച്ചത് കിവീസാണ്.2021ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് ഇന്ത്യയും ന്യൂസിലാൻഡും ഫൈനലിൽ ഏറ്റുമുട്ടിയ മറ്റൊരു ഐ.സി.സി ഫൈനൽ. ഈ മത്സരത്തിലും വിജയം ന്യൂസിലാൻഡിനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |