
ദുബായ്: കലാശക്കളിയിൽ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. ഇന്നലെ ദുബായ്‌യിൽ നടന്ന ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. 49 ഓവറിൽ നാലുവിക്കറ്റുകൾ ബാക്കിനിൽക്കെ ഇന്ത്യ ഇത് മറികടന്നു (254/6). മൂന്നാം തവണയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിടുന്നത്. ഇതോടെ കൂടുതൽ തവണ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കുന്ന ടീമെന്ന റെക്കാഡും ഇന്ത്യ സ്വന്തമാക്കി
സ്പിന്നർമാരായ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവരുടെ മികവിലാണ് ഇന്ത്യ കിവീസിനെ 251ലൊതുക്കിയത്. അർദ്ധസെഞ്ച്വറികൾ നേടിയ ഡാരിൽ മിച്ചലും (63), മിച്ചൽ ബ്രേസ്‌വെല്ലുമാണ് (53) കിവീസ് ബാറ്റിംഗിൽ തിളങ്ങിയത്. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകൻ രോഹിത് ശർമ്മ (76), ശ്രേയസ് അയ്യർ (48), ശുഭ്മാൻ ഗിൽ (31), അക്ഷർ പട്ടേൽ (29),കെ.എൽ. രാഹുൽ (34നോട്ട് ഔട്ട്) എന്നിവർ നടത്തിയ പോരാട്ടമാണ് കിരീടത്തിലെത്തിച്ചത്.
കിരീടത്തിലേക്ക് വഴിതുറന്നത്
1. ടോസ് നഷ്‌ടമായിട്ടും മനസാന്നിദ്ധ്യം നഷ്ടമാകാതെ സ്പിന്നർമാരെ കൃത്യമായി വിനിയോഗിച്ച് കിവീസ് ബാറ്റിംഗിനെ നിയന്ത്രിക്കാൻ കഴിഞ്ഞു.
2. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി വരുണും കുൽദീപും ഒരു വിക്കറ്റുമായി ജഡേജയും ക്യാപ്ടന്റെ പ്രതീക്ഷ കാത്തു.
3. കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് കൂട്ടുകെട്ടുകൾ സൃഷ്ടിക്കാനുള്ള കിവികളുടെ ശ്രമം തകർത്തു.
4. വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും എട്ടോവറിൽ 29 റൺസ് മാത്രം നൽകിയ അക്ഷർ പട്ടേൽ റൺറേറ്റ് ഉയരാതെ നോക്കി.
5. നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രോഹിത് ബാറ്റുവീശി മികച്ച തുടക്കം നൽകി. ഗില്ലും ശ്രേയസും അക്ഷറും രാഹുലും ചേസിംഗിന് ഭംഗം വരാതെ നോക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |