
പ്രീക്വാർട്ടർ ഷൂട്ടൗട്ടിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ്
ആഴ്സനലും ആസ്റ്റൺ വില്ലയും ഡോർട്ട്മുണ്ടും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ
മാഡ്രിഡ് : പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്കെടുക്കവേ രണ്ട് വട്ടം പന്തിൽ കാൽകൊണ്ടതിനാൽ ഗോൾ നിഷേധിച്ച വിവാദ തീരുമാനം റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിന്റെ വിധി നിശ്ചയിച്ചു. അത്‌ലറ്റിക്കോ താരം ജൂലിയൻ അൽവാരസ് എടുത്ത കിക്കിൽ നിന്നുള്ള ഗോൾ റഫറി നിഷേധിച്ചതോടെ 4-2 എന്ന സ്കോറിന് ഷൂട്ടൗട്ടിൽ റയൽ വിജയിക്കുകയായിരുന്നു.
ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ 2-1ന് വിജയിച്ച റയൽ കഴിഞ്ഞരാത്രി രണ്ടാം പാദത്തിൽ അത്‌ലറ്റോക്കോയുടെ മണ്ണിലെത്തി നിശ്ചിത സമയത്തും അധികസമയത്തും 1-0 എന്ന സ്കോറിന് പിന്നിലായതോടെ ആകെ ഗോൾ മാർജിൻ 2-2 എന്നായി. ഇതോടെയാണ് ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിശ്ചയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. കിക്കോഫ് വിസിൽ മുഴങ്ങി 27 സെക്കൻഡിനുള്ളിൽ കോനോർ ഗല്ലഗറിലൂടെ റയലിന്റെ വലകുലുക്കി അത്‌ലറ്റിക്കോ ഞെട്ടിച്ചിരുന്നു.ഇതിന് തിരിച്ചടി നൽകാൻ 70-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ വിനീഷ്യസ് ജൂനിയറിന് അവസരം ലഭിച്ചതാണ്. ബോക്സിനുള്ളിൽ ലെൻഗ്ളെറ്റ് എംബാപ്പയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പക്ഷേ വിനീഷ്യസ് ബാറിന് മുകളിലൂടെ അടിച്ചുകളയുകയായിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തനായി നിറംമങ്ങിക്കളിച്ച വിനിയെ ഇന്നലെ പെനാൽറ്റിക്ക് മുന്നേ പിൻവലിച്ച് പകരം എൻഡ്രിക്കിനെ ഇറക്കിയിരുന്നു.
ഷൂട്ടൗട്ടിലെ കളി
1-1
ആദ്യ കിക്കെടുത്ത റയൽ മാഡ്രിഡിന്റെ എംബാപ്പെയും അത്‌ലറ്റിക്കോയുടെ സോലോത്തും പന്ത് വലയിലെത്തിച്ചു.
2-1
റയലിന്റെ രണ്ടാം കിക്ക് ബെല്ലിംഗ്ഹാം വലയിലാക്കി. എന്നാൽ അത്‌ലറ്റിക്കോയുടെ അൽവാരസ് ഓടിയെത്തി ഷോട്ട്തൊടുക്കുംമുന്നേ കാൽവഴുതി. പന്ത് വലയിലായെങ്കിലും കിക്കെടുക്കും മുന്നേ കാൽ പന്തിൽ തൊട്ടെന്ന് വാർ പരിശോധനയിൽ കണ്ടെത്തി റഫറി ഗോൾ നിഷേധിച്ചു.
3-2
റയലിന് വേണ്ടി വൽവെർദേയും അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ഏൻജൽ കോറേയയും മൂന്നാമത്തെ കിക്ക് വലയിലാക്കി.
3-2
വസ്ക്വേസിന്റെ കിക്ക് അത്‌ലറ്റിക്കോ ഗോളി ഒബ്ളാക്ക് തടുത്തപ്പോൾ ലോറന്റേയുടെ കിക്ക് ബാറിൽതട്ടിത്തെറിച്ചു.
4-2
അന്റോണിയോ റൂഡിഗർ അഞ്ചാം കിക്ക് ഗോളാക്കിയതോടെ കളി റയലിന്റെ കയ്യിൽ.
27 സെക്കൻഡിൽ ഗോൾ
യൂറോപ്യൻ മത്സരത്തിൽ ഏറ്റവും വേഗത്തിൽ ഗോൾ നേടുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് താരമായും ഇംഗ്ളണ്ടുകാരനായ താരമായും കോനോർ ഗല്ലഗർ മാറി.
4
റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിലെ ഷൂട്ടൗട്ടിൽ വിജയിക്കുന്നത് നാലാം തവണയാണ്.
5
അത്‌ലറ്റിക്കോ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ റയലിനോട് തോൽക്കുന്നത് അഞ്ചാം തവണ.
ഗോൾ നിഷേധത്തിന്
എതിരെ സിമയോണി
ഷൂട്ടൗട്ടിൽ ഡബിൾ ടച്ചിന്റെ പേരിൽ അൽവാരസിന്റെ ഗോൾ നിഷേധിച്ചതിനെതിരെ പരസ്യമായി പ്രതികരിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമയോണി. അൽവാരസിന്റെ കാൽ രണ്ട് തവണ പന്തിൽ തട്ടിയില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നെന്നാണ് സിമയോണിയുടെ വാദം. ഡബിൾ ടച്ച് കണ്ടവരുണ്ടെങ്കിൽ കൈ ഉയർത്താനും പത്രസമ്മേളനത്തിൽ അത്‌ലറ്റിക്കോ കോച്ച് വെല്ലുവിളിച്ചു.
ആദ്യ പാദത്തിൽ വിജയം നേടിയിരുന്ന ഇംഗ്ളീഷ് ക്ളബ; ആഴ്സനൽ രണ്ടാം പാദത്തിൽ 2-2ന് സമനില വഴങ്ങിയെങ്കിലും 9-2 എന്ന ആകെ ഗോൾ മാർജിനിൽ ക്വാർട്ടറിലെത്തി. ആദ്യ പാദത്തിൽ 7-0ത്തിനാണ് ആഴ്സനൽ ഡച്ച് ക്ളബ് പി.എസ്.വിയെ തോൽപ്പിച്ചത്. ആദ്യ പാദത്തിൽ 3-1ന് ക്ളബ് ബ്രൂഗെയെ തോൽപ്പിച്ചിരുന്ന മറ്റൊരു ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ല രണ്ടാം പാദത്തിൽ 3-0ത്തിന് വിജയിച്ചു. ഫ്രഞ്ച് ക്ളബ് ലിലെയുമായി ആദ്യ പാദത്തിൽ 1-1ന് സമനില വഴങ്ങിയിരുന്ന ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ട് രണ്ടാം പാദത്തിൽ 2-1ന് വിജയം കണ്ടു.
ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ
ആഴ്സനൽ Vs റയൽ മാഡ്രിഡ്
ബയേൺ മ്യൂണിക്ക് Vs ഇന്റർ മിലാൻ
ബാഴ്സലോണ Vs ഡോർട്ട്മുണ്ട്
ആസ്റ്റൺ വില്ല Vs പി.എസ്.ജി
( ആദ്യ പാദ ക്വാർട്ടർ ഫൈനലുകൾ ഏപ്രിൽ9,10 തീയതികളിൽ, രണ്ടാം പാദം 16.17തീയതികളിൽ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |