SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 PM IST

കായിക നയത്തിൽ സമഗ്രമാറ്റം വേണം: വി.ഡി.സതീശൻ

sports

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായികനയത്തിൽ സമഗ്ര മാറ്റം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കായികമേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കായികതാരങ്ങൾക്ക് ഭക്ഷണത്തിനുള്ള പണംപോലും ലഭിക്കുന്നില്ല. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ദേശീയ കായികവേദി സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ഉമ്മൻചാണ്ടി കായിക പുരസ്കാരങ്ങൾ കെ.പി.സി.സി ആസ്ഥാനത്ത് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ കായികരംഗത്ത് കേരളം പിന്നിലാകാൻ കാരണം സർക്കാരിന്റെ വികലമായ കായികനയമാണെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി. കായിക മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് യു.ഡി.എഫ് പഠിക്കുകയാണ്. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കും. കായികമന്ത്രി പറയുന്നതുപോലെ കളരിപ്പയറ്റ് ഒഴിവാക്കിയതല്ല ദേശീയഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിന്റെ കാരണമെന്ന് എല്ലാവർക്കും അറിയാമെന്നും വി.ഡി സതീശൻ പറഞ്ഞു.

ലഹരിക്ക് മറുപടി സ്പോർട്സ്

കേരളത്തിൽ വ്യാപിക്കുന്ന ലഹരി മാഫിയയെ ചെറുക്കാനുള്ള ഏറ്റവും നല്ല വഴി സ്പോർട്സിലേക്ക് യുവതലമുറയെ വഴിതിരിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.അതിനായി അന്താരാഷ്ട്ര നിലവാരമുള്ള കായിക പരിശീലന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദേശീയകായിക വേദിയുടെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് നിർവഹിച്ചു. ദേശീയകായികവേദി സംസ്ഥാന പ്രസിഡന്റ് എസ്.നജുമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു, നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ചെറിയാൻ ഫിലിപ്പ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സണ്ണി.വി.സക്കറിയ തുടങ്ങിയവർ പങ്കെടുത്തു.

ഉമ്മൻചാണ്ടി പുരസ്കാരം അൻസാർ.എസ്. രാജിന്

ദേശീയ കായികവേദി ഏർപ്പെടുത്തിയ സമഗ്ര കായിക വികസന റിപ്പോർട്ടിംഗിനുള്ള ഉമ്മൻചാണ്ടി പുരസ്കാരം കേരളകൗമുദി സ്പോർട്സ് എഡിറ്റർ അൻസാർ.എസ്.രാജ് ഏറ്റുവാങ്ങി. മികച്ച കായിക താരത്തിനുള്ള പുരസ്കാരം പി.ആർ ശ്രീജേഷിന് വേണ്ടി പരിശീലകൻ സി.ശശിധരൻ ഏറ്റുവാങ്ങി. കായിക റിപ്പോർട്ടർ അജയ് ബെൻ (മലയാള മനോരമ, കോട്ടയം), ഫോട്ടോഗ്രാഫർ കെ.കെ.സന്തോഷ് (മാതൃഭൂമി, കോഴിക്കോട്), ദൃശ്യമാദ്ധ്യമ റിപ്പോർട്ടർ ബിനോയി (കേരളവിഷൻ, തിരുവനന്തപുരം), പരിശീലകൻ ഗോഡ്സൺ ബാബു (നെറ്റ്‌ബാൾ), കായിക അദ്ധ്യാപിക യു.പി.സാബിറ എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360