
മ്യൂണിക്ക് : യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിന്റെ സെമിയിൽ ഇക്കുറി അരങ്ങേറുക സൂപ്പർ പോരാട്ടങ്ങൾ. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനലുകൾ കടന്ന് വമ്പന്മാരായ ഫ്രാൻസും ജർമ്മനിയും പോർച്ചുഗലും സ്പെയ്നും സെമിയിലെത്തി. ജൂൺ ആദ്യവാരം നടക്കുന്ന സെമിയിൽ ജർമ്മനി പോർച്ചുഗലിനെയും ഫ്രാൻസ് സ്പെയ്നിനെയുമാണ് നേരിടുന്നത്.
ആദ്യ പാദത്തിൽ മറുപടിയില്ലാത്ത ഏക ഗോളിന് ഡെന്മാർക്കിനോട് തോറ്റിരുന്ന പോർച്ചുഗൽ രണ്ടാം പാദത്തിൽ 5-2ന്റെ വിജയം നേടി 5-3 എന്ന ആകെ ഗോൾമാർജിനിലാണ് ക്വാർട്ടർ കടന്നത്. പോർച്ചുഗലിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ ഫ്രാൻസിസ്കോ ട്രിൻകാവോ പോർച്ചുഗലിനായി ഇരട്ട ഗോളുകൾ നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗോൺസാലോ റാമോസ് എന്നിവർ ഓരോ ഗോളടിച്ചു.ജൊവാക്വിം ആൻഡേഴ്സന്റെ സെൽഫ് ഗോളാണ് പോർച്ചുഗലിന്റെ അക്കൗണ്ട് തുറന്നത്. നിശ്ചിത 90 മിനിട്ടിൽ ആകെ ഗോൾ മാർജിനിൽ3-3ന് ഇരുടീമുകളും തുല്യതയിലായതോടെ അധികസമയത്തേക്ക് കടന്ന മത്സരത്തിൽ ട്രിൻകാവോയും റാമോസും നേടിയ ഗോളുകൾ വിധിയെഴുതി.
ആദ്യ പാദത്തിൽ 2-1ന് വിജയിച്ചിരുന്ന ജർമ്മനി രണ്ടാം പാദത്തിൽ ഇറ്റലിയോട് 3-3ന് സമനിലയിൽ പിരിഞ്ഞെങ്കിലും 5-4 എന്ന ആകെ ഗോൾ മാർജിനിലാണ് സെമിയിൽ കടന്നത്. സ്പെയ്നും ഫ്രാൻസും പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ക്വാർട്ടർ കടന്നത്. ആദ്യ പാദത്തിൽ 2-0ത്തിന് ജയിച്ചിരുന്ന ക്രൊയേഷ്യയ്ക്ക് എതിരെ രണ്ടാം പാദത്തിൽ ഫ്രാൻസ് 2-0ത്തിന് മുന്നിലെത്തിയതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിനായിരുന്നു ഫ്രാൻസിന്റെ ജയം. ക്രൊയേഷ്യയുടെ യോസിപ്പാണ് കിക്ക് പാഴാക്കിയത്. ആദ്യ പാദത്തിൽ 2-2ന് ഹോളണ്ടുമായി സമനിലയിലായിരുന്ന സ്പെയ്ൻ രണ്ടാം പാദത്തിൽ 3-3ന് സമനിലയിലായതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 5-4 എന്ന സ്കോറിനായിരുന്നു ഷൂട്ടൗട്ടിൽ സ്പെയ്നിന്റേയും ജയം. ഹോളണ്ടിന്റെ ഡോണിൽ മാലന്റെ കിക്കാണ് പാഴായത്.
രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരഫലങ്ങൾ
ജർമ്മനി 3- ഇറ്റലി 3
പോർച്ചുഗൽ 5- ഡെന്മാർക്ക് 2
സ്പെയ്ൻ 3(5)-3(4) ഹോളണ്ട്
ഫ്രാൻസ് 2(5)- ക്രൊയേഷ്യ 2(4)
സെമി ഫിക്സ്ചർ
ജർമ്മനി Vs പോർച്ചുഗൽ
ജൂൺ 5
സ്പെയ്ൻ Vs ഫ്രാൻസ്
ജൂൺ 6
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |