
ആദ്യ ജയം തേടി മുംബയ്
മുംബയ് ഇന്ത്യൻസ് Vs കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
7.30 pm മുതൽ
പതിവുപോലെ ആദ്യ മത്സരങ്ങളിൽ തോറ്റ് തുടങ്ങുന്ന മുംബയ് ഇന്ത്യൻസ് വിജയട്രാക്കിലേക്ക് മാറുകയെന്ന ലക്ഷ്യവുമായാണ് ഇന്ന് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ നേരിടാൻ ഇറങ്ങുന്നത്.
മുംബയ്‌യുടെ ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. വാങ്കഡെയിലെ ഈ സീസണിലെ മുംബയ്‌യുടെ ആദ്യ മത്സരമാണിത്.
ആദ്യമത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ നാലുവിക്കറ്റിന് തോറ്റിരുന്ന മുംബയ് രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസിനോട് 36 റൺസിനാണ് പരാജയപ്പെട്ടത്.
വിലക്കുമൂലം ആദ്യ മത്സരത്തിൽ പുറത്തിരുന്ന ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ ഗുജറാത്തിനെതിരെ കളിക്കാനിറങ്ങിയെങ്കിലും ടീമിനുവേണ്ടി പ്രയോജനപ്രദമായരീതിയിൽ ബാറ്റുവീശാനായിരുന്നില്ല.
ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മലയാളി ചൈനാമാൻ സ്പിന്നർ വിഘ്നേഷ് പുത്തൂരിനെ രണ്ടാം മത്സരത്തിൽ മുംബയ് കളിപ്പിച്ചിരുന്നില്ല. ഇന്ന് അവസരം നൽകിയേക്കും.
ആദ്യ രണ്ട് കളികളിലും അവസരം നൽകിയിരുന്ന റോബിൻ മിൻസ് തിളങ്ങാത്തതും മുംബയ്‌യ്ക്ക് തിരിച്ചടിയാണ്.
ആദ്യ മത്സരത്തിൽ ആർ.സി.ബിയോട് തോറ്റിരുന്ന കൊൽക്കത്ത രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ആത്മവിശ്വാസത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
രാജസ്ഥാനെതിരെ പരിക്കുമൂലം പുറത്തിരുന്ന സ്പിൻ ആൾറൗണ്ടർ സുനിൽ നരെയ്ൻ ഇന്ന് കൊൽക്കത്താനിരയിൽ മടങ്ങിയെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |