SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 AM IST

ഇന്റർ, ദ ഡ്രാഗൺ

ucl

ബാഴ്സലോണയെ രണ്ടാം പാദ സെമിയിൽ കീഴടക്കി ഇന്റർ മിലാൻ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

ആദ്യപാദ സെമി

ബാഴ്സ 3- ഇന്റർ 3

രണ്ടാം പാദ സെമി

ഇന്റർ 4- ബാഴ്സ 3

മിലാൻ : അടിയും തിരിച്ച‌ടിയും തിരിച്ചുവരവുകളും കൊണ്ട് സംഭവബഹുലമായ രണ്ടാം പാദ സെമിഫൈനലിനൊടുവിൽ സ്പാനിഷ് ക്ളബ് ബാഴ്സലോണയെ 4-3ന് മറികടന്ന് ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാൻ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി. ഇരുവരും തമ്മിലുള്ള ആദ്യ പാദ സെമി 3-3ന് സമനിലയിൽ പിരിഞ്ഞിരുന്നു. 7-6 എന്ന ഗോൾ മാർജിനിലാണ് ഇന്ററിന്റെ ഫൈനൽ പ്രവേശം. പാരീസ് എസ്.ജിയും ആഴ്സനലും തമ്മിലുള്ള സെമിയിലെ ജേതാക്കളെയാണ് ജൂൺ ഒന്നിന് മ്യൂണിക്കിൽ നടക്കുന്ന ഫൈനലിൽ ഇന്റർ നേരിടേണ്ടത്.

സ്വന്തം തട്ടകമായ സാൻസിറോയിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന ഇന്ററിനെതിരെ രണ്ടാം പകുതിയിൽ മൂന്നുഗോളുകളടിച്ച് ബാഴ്സ വീര്യം കാട്ടി. 21-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസും 45+1-ാം മിനിട്ടിൽ ഹക്കൻ ചലാനോളുവുമാണ് ഇന്ററിന് ലീഡ് നൽകിയത്. 54-ാം മിനിട്ടിൽ എറിക് ഗാർഷ്യയും 60-ാം മിനിട്ടിൽ ഡാനി ഓൾമോയും 87-ാം മിനിട്ടിൽ റഫീഞ്ഞ്യയുമാണ് ബാഴ്സയെ മുന്നിലെത്തിച്ചത്. ഇൻജുറി ടൈമിൽ ഫ്രാൻചെസ്കോ അചെർബിയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് ഇന്റർ കളി അധികസമയത്തേക്ക് നീട്ടി.അധികസമയത്തിന്റെ 9-ാം മിനിട്ടിൽ ഡേവിഡ് ഫ്രറ്റീസിയാണ് മത്സരത്തിന്റെ വിധി കുറിച്ച ഗോൾ നേടിയത്.

മത്സരത്തിൽ കൂടുതൽ ആധിപത്യം പുലർത്തിയത് ബാഴ്സയായിരുന്നെങ്കിലും ഇന്റർ ഗോളി യാൻ സോമ്മറുടെ അതിഗംഭീരപ്രകടനമാണ് കളിയുടെ ഗതി നിയന്ത്രിച്ചത്. സോമ്മറാണ് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

ഗോളുകൾ പിറന്നത് ഇങ്ങനെ

1-0

21-ാം മിനിട്ട്

ലൗതാരോ മാർട്ടിനെസ്

മദ്ധ്യനിരയിൽ നിന്ന് പിടിച്ചെടുത്ത പന്തുമായി ഓടിക്കയറിയ ഡിമാർക്കോ നൽകിയ പാസ് ഡിഫൻഡർമാരെ കബളിപ്പിച്ച് ഡംഫ്രീസ് ലൗതാരോയ്ക്ക് നൽകി. ക്ളോസ് റേഞ്ചിൽ നിന്ന് ലൗതാരോയുടെ ഫിനിഷ്.

2-0

45+1-ാം മിനിട്ട്

ഹക്കൻ ചലാനോളു

ലൗതാരോയെ കുബാർസി ഫൗൾ ചെയ്‌തതിന് ലഭിച്ച പെനാൽറ്റി കിക്ക് ചലാനോളു ഇന്ററിന്റെ രണ്ടാം ഗോളാക്കി മാറ്റി.

2-1

54-ാം മിനിട്ട്

എറിക് ഗാർഷ്യ

രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ബാഴ്സയു‌ടെ തിരിച്ചടി. ജെറാഡ് മാർട്ടിന്റെ ആദ്യശ്രമം പ്രതിരോധത്തിൽ തട്ടിത്തെറിച്ചത് പിടിച്ചെടുത്താണ് ഗാർഷ്യ സ്കോർ ചെയ്തത്.

2-2

60-ാം മിനിട്ട്

ഡാനി ഓൾമോ

ഈ ഗോളിനും വഴിയൊരുക്കിയത് ജെറാഡ് മാർട്ടിനാണ്. ഇടതുവിംഗിൽ നിന്ന് മാർട്ടിൻ നൽകിയ തകർപ്പൻ ക്രോസിന് ഓടിയെത്തി തലവച്ച് വലയിലേക്ക് കുത്തിയിടുകയായിരുന്നു ഓൾമോ.

2-3

87-ാം മിനിട്ട്

റഫീഞ്ഞ

ബോക്സിനുള്ളിലെ ട്രിബിളിംഗിന് ശേഷം പെഡ്രി ഉയർത്തി നൽകിയ ക്രോസ് റഫീഞ്ഞ ഓടിവന്നവരവിൽ വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ കളി ബാഴ്സ കയ്യടക്കിയെന്ന് തോന്നിപ്പോയി.

3-3

90+3-ാം മിനിട്ട്

അചെർബി

കൈവിട്ടുപോയ കളി പിടിച്ചെടുത്ത് അധികസമയേക്ക് നീട്ടുകയായിരുന്നു ഫ്രാൻചെസ്കോ അചെർബി.ബോക്സിനുള്ളിൽ ഡംഫ്രീസ് നൽകിയ ക്രോസാണ് അചെർബി തകർപ്പൻ ഷോട്ടിലൂടെ ഗോളാക്കിയത്.

4-3

99-ാം മിനിട്ട്

ഫ്രറ്റീസി

പന്തുമായി ഓടിക്കയറിയ തുറാമിൽ നിന്ന് ലഭിച്ച പാസ് തരേമി ഫ്രറ്റീസിക്ക് മറിച്ചുനൽകിയതാണ് മത്സരത്തിന്റെ വിധികുറിച്ച ഗോളിൽ കലാശിച്ചത്.

3

ഇത് മൂന്നാം തവണയാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നത്. 2019-10സീസണിൽ ആദ്യമായി ഫൈനലിലെത്തി ബയേണിനെ തോൽപ്പിച്ച് കിരീ‌ടം നേടി. 2022-23 സീസണിൽ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റു.

2009/10

സീസണിലെ സെമിഫൈനലിലും ഇന്റർ മറിക‌ടന്നത് ബാഴ്ലോണയെയാണ്.

13

ഗോളുകളാണ് ബാഴ്സയും ഇന്ററും തമ്മിലുള്ള സെമിഫൈനലിന്റെ ഇരുപാദങ്ങളിലുമായി പിറന്നത്.2017/18 സീസണിലെ സെമിയിൽ ലിവർപൂളും റോമയും 13 ഗോളുകൾ നേടിയ റെക്കാഡിനൊപ്പമെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360