SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 AM IST

രോഹിത് ടെസ്റ്റ് വിട്ടു

rohit

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മുംബയ് : ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അടുത്ത മാസത്തെ ഇംഗ്ളണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് രോഹിത് തന്റെ തീരുമാനം അറിയിച്ചത്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പ് നേടിയതിന് ശേഷം ആ ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്ന 38കാരനായ രോഹിത് ഏകദിനത്തിൽ കളി തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒടുവിൽ ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന പരമ്പരയിലും തുടർന്ന് ഓസ്ട്രേലിയൻ പര്യടനത്തിലും രോഹിതിന് ബാറ്റിംഗിലും ക്യാപ്ടൻസിയിലും മികവ് പുലർത്താൻ കഴിയാതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കിവീസിനോട് 3-0ത്തിനും ഓസീസിനോട് 3-1നുമാണ് ഇന്ത്യ രോഹിതിന് കീഴിൽ തോറ്റത്. തുടർന്ന് ചാമ്പ്യൻസ് ട്രോഫി നേടിയതോടെയാണ് താരത്തിന് അൽപ്പമെങ്കിലും ആശ്വാസം ലഭിച്ചത്.

രോഹിത് ടെസ്റ്റ് കരിയർ

67 മത്സരങ്ങൾ

4301 റൺസ്

212 ഉയർന്ന സ്കോർ

40.57 ശരാശരി

12 സെഞ്ച്വറികൾ

18 അർദ്ധസെഞ്ച്വറികൾ.

2013 നവംബർ ആറിന് ഈഡൻ ഗാർഡൻസിൽ സച്ചിൻ ടെൻഡുൽക്കറുടെ വിരമിക്കൽ പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ച്വറി (177)നേടിയാണ് രോഹിത് ടെസ്റ്റിൽ അരങ്ങേറിയത്.

2024 ഡിസംബറിൽ മെൽബണിൽ ഓസ്ട്രേലിയയ്ക്ക് എതിരായ നാലാം ടെസ്റ്റിലാണ് അവസാനമായി കളിച്ചത്. ആദ്യ ഇന്നിംഗ്സിൽ 3, രണ്ടാം ഇന്നിംഗ്സിൽ 9 എന്നിങ്ങനെയായിരുന്നു രോഹിതിന്റെ സ്കോർ.

ഈ പരമ്പരയിലെ അവസാന ടെസ്റ്റിൽ നിന്ന് മോശം ഫോം കാരണം രോഹിത് സ്വയം പിന്മാറിയിരുന്നു.

2022ൽ വിരാട് കൊഹ്‌ലിയിൽ നിന്നാണ് രോഹിത് ഇന്ത്യൻ ക്യാപ്ടൻസി ഏറ്റെടുത്തത്. 24 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച രോഹിത് 12 വിജയങ്ങളും മൂന്ന് സമനിലകളും നൽകി. 9 കളി തോറ്റു.

പുതിയ ക്യാപ്ടൻ വരും

രോഹിത് പിന്മാറിയതോടെ ജൂൺ 20 ന് തുടങ്ങുന്ന ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് പുതിയ നായകനെ പ്രഖ്യാപിക്കേണ്ടിവരും. ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ട് ടെസ്റ്റുകളിൽ രോഹിത് വിട്ടുനിന്നപ്പോൾ നയിച്ച ജസ്പ്രീത് ബുംറയാകും പുതിയ നായകനെന്ന് കരുതുന്നു. ഓസീസിന് എതിരായ ആദ്യ ടെസ്റ്റിൽ കുഞ്ഞിന്റെ പിറവിയെത്തുടർന്ന് രോഹിത് വിട്ടുനിന്നിരുന്നു. ഈ മത്സരത്തിൽ മാത്രമാണ് പരമ്പരയിൽ ഇന്ത്യ ജയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ROHIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360