SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.19 AM IST

യുവേഫ ചാമ്പ്യൻസ് ലീഗ് ഏഴഴകോടെ ബാഴ്സ ക്വാർട്ടറിൽ

ucl

ലിവർപൂൾ,ബയേൺ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകളും ക്വാർട്ടറിൽ

ബാഴ്സലോണ / ലിവർപൂൾ : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ തകർപ്പൻ വിജയം നേടി മുൻ ചാമ്പ്യന്മാരായ ബാഴ്സലണോയും ലിവർപൂളും ബയേൺ മ്യൂണിക്കും മുൻ റണ്ണേഴ്സ് അപ്പായ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡും.

ആദ്യ പാദത്തിൽ ന്യൂകാസിലിനോട് 1-1ന് സമനില വഴങ്ങിയിരുന്ന ബാഴ്സലോണ ഇന്നലെ സ്വന്തം തട്ടകത്തിൽ 7-2നാണ് അവരെ തോൽപ്പിച്ചത്.ബാഴ്സയുടെ സമീപകാലത്തെ ഏറ്റവും ഉയർന്ന വിജയമാർജിനുകളിലൊന്നാണിത്.ഇരട്ട ഗോളുകൾ നേടിയ റഫീഞ്ഞയും റോബർട്ട് ലെവാൻഡോവ്‌സ്കിയും ഓരോ ഗോളടിച്ച ലാമിൻ യമാലും മാർക്ക് ബെണാലും ഫെർമിൻ ലോപ്പസും ചേർന്നാണ് ഗോളടിമേളമൊരുക്കിയത്.

ആറാം മിനിട്ടിൽ റഫീഞ്ഞയിലൂടെയാണ് ബാഴ്സ ഗോളടി തുടങ്ങിയത്. അന്തോണി എലോംഗ 15-ാം മിനിട്ടിൽ തിരിച്ചടിച്ചെങ്കിലും 18-ാം മിനിട്ടിൽ ബെണാൽ ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. 28-ാം മിനിട്ടിൽ എലാംഗ കളിവീണ്ടും സമനിലയിലാക്കി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ യമാൽ പെനാൽറ്റിയിലൂടെ നേടിയ ഗോളിന് ബാഴ്സ 3-2ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ നാലുഗോളുകൾ കൂടി വലയിലെത്തിച്ച് ബാഴ്സ ന്യൂകാസിലിനെ തരിപ്പണമാക്കി. 51-ാം മിനിട്ടിൽ ഫെമിൻ ലോപ്പസും 56,61 മിനിട്ടുകളിൽ ലെവാൻഡോവ്‌സ്കിയും 72-ാം മിനിട്ടിൽ റഫീഞ്ഞയുമാണ് വലകുലുക്കിയത്. 8-3 എന്ന ആകെ ഗോൾ മാർജിനിലാണ് ബാഴ്സയുടെ ക്വാർട്ടർ പ്രവേശനം.

ആദ്യ പാദത്തിൽ 6-1ന് ഇറ്റാലിയൻ ക്ളബ് അറ്റലാന്റയെ തോൽപ്പിച്ച ബയേൺ മ്യൂണിക്ക് രണ്ടാം പാദത്തിൽ 4-1നാണ് വിജയം കണ്ടത്. 25,54 മിനിട്ടുകളിലായി ഇരട്ടഗോളടിച്ച ഹാരി കേൻ, ഓരോ ഗോളടിച്ച ലെന്നറ്റ് കാൾ, 70-ാം മിനിട്ടിൽ ലൂയിസ് ഡയസ് എന്നിവരാണ് ബയേണിന് വേണ്ടി സ്കോർ ചെയ്തത്. ആദ്യപാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് തുർക്കി ക്ളബ് ഗലറ്റസറിയോട് തോറ്റിരുന്ന ഇംഗ്ളീഷ് ക്ളബ് ലിവർപൂൾ രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ 4-0ത്തിന്റെ ജയം നേടിയാണ് അവസാന എട്ടിലേക്ക് കടന്നത്. ഡൊമിനിക് സോബോസ്ളായ്,ഹ്യൂഗോ എക്കിറ്റിക്കെ,റയാൻ ഗ്രേവൻബെയ്ഷ്,മൊഹമ്മദ് സലാ എന്നിവരാണ് ലിവർപൂളിനായി സ്കോർ ചെയ്തത്.

കഴിഞ്ഞരാത്രി നടന്ന രണ്ടാം പാട്ടത്തിൽ 3-2ന് തോറ്റെങ്കിലും ആദ്യ പാദത്തിൽ നേടിയ 5-2ന്റെ വിജയത്തിന്റെ മികവിൽ 7-5 എന്ന ഗോൾ മാർജിനിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിലേക്ക് കടന്നത്.

ക്വാർട്ടറിൽ റയലും

ബയേണും തമ്മിൽ

രണ്ടാം പാദ പ്രീ ക്വാർട്ടർ ഫൈനലുകൾ കഴിഞ്ഞതോടെ ക്വാർട്ടർ ഫൈനൽ ഫിക്സചറായി. മുൻചാമ്പ്യന്മാരായ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലാണ് ഒരു ക്വാർട്ടർ ഫൈനൽ. നിലവിലെ ചാമ്പ്യൻസായ പി.എസ്.ജിക്ക് ലിവർപൂൾ എതിരാളികളാകും. ബാഴ്സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെയും സ്പോർടിംഗ് ലിസ്ബൺ ആഴ്സനലിനെയും നേരിടും.

ആദ്യ പാദ ക്വാർട്ടർ മത്സരങ്ങൾ ഏപ്രിൽ8നും രണ്ടാം പാദം 9നും നടക്കും.

മത്സരഫലങ്ങൾ

ബാഴ്സലോണ 7-ന്യൂകാസിൽ 2

ആദ്യ പാദം 1-1

ബയേൺ മ്യൂണിക്ക് 4- അറ്റലാന്റ 1

ആദ്യ പാദം 6-1

ലിവർപൂൾ 4- ഗലറ്റസറി 0

ആദ്യ പാദം 0-1

അത്‌ലറ്റിക്കോ 2- ടോട്ടൻഹാം 3

ആദ്യ പാദം 5-2

ക്വാർട്ടർ ഫൈനൽ ഫിക്സചർ

റയൽ മാഡ്രിഡ് Vs ബയേൺ മ്യൂണിക്ക്

ബാഴ്സലോണ Vs അത്‌ലറ്റിക്കോ മാഡ്രിഡ്

ആഴ്സനൽ Vs സ്പോർടിംഗ് ലിസ്ബൺ

പി.എസ്.ജി Vs ലിവർപൂൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360