SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.32 AM IST

അർജന്റീന ടീം ചതിച്ചു : മന്ത്രി വി.അബ്‌ദുറഹിമാൻ

argentina

''പണം വാങ്ങിയിട്ടും വന്നില്ല, നഷ്ടപരിഹാരം നൽകേണ്ടിവരും ""

തിരൂർ: കേരളത്തിൽ അന്താരാഷ്ട്ര മത്സരം നടത്താൻ പണം വാങ്ങിയിട്ടും വരാതെ അർജന്റീന ഫുട്‌ബാൾ ടീം കേരളത്തെ വഞ്ചിച്ചുവെന്ന് കായികമന്ത്രി വി.അബ്ദുറഹിമാൻ തിരൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. അർജന്റീന ഫുട്‌ബാൾ അസോസിയേഷനെതിരെ കേസ് ഫയൽ ചെയ്യേണ്ട സാഹചര്യമാണെന്നും അവർ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും തിരൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൂടിയായ മന്ത്രി പറഞ്ഞു.

''ഇത്രയും വലിയ ചതി അവരിൽ നിന്ന് പ്രതീക്ഷിച്ചില്ല. ടീമിനെതിരെ . ഈ വഞ്ചന കേരളത്തിലെ ഫുട്‌ബാൾ പ്രേമികളെ നിരാശപ്പെടുത്തി . മെസിയും അർജന്റീന ടീമും കേരളത്തിൽ വന്ന് കളിക്കണമെന്ന് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി ഒട്ടേറെ ചർച്ചകൾ നടത്തി. ടീമിന് നൽകേണ്ട 250 കോടി രൂപ കണ്ടെത്താൻ സ്‌പോൺസർമാരെ ഏർപ്പാടാക്കുകയെന്നത് ചെറിയ കാര്യമല്ല. അതുപോലും സംഘടിപ്പിച്ചു. ആ പണവും വാങ്ങിവച്ച് ഈ കൊടുംചതി അവർ ചെയ്തത് വലിയ ദുഃഖം ഉണ്ടാക്കുന്നു. ഞങ്ങൾ അന്വേഷിച്ചപ്പോൾ അഞ്ചോളം രാജ്യങ്ങളിൽ നിന്ന് ഇതുപോലെ പണം വാങ്ങി കളിക്കാൻ പോയിട്ടില്ലെന്ന് അറിയാനായി. ഫുട്‌ബാൾ പ്രേമികളുടെ നിരാശയാണ് എനിക്കെതിരെ പ്രകടമാകുന്നത്. എന്റെ നിരാശ ആരോട് പറയും.""- അബ്ദുറഹിമാൻ പറഞ്ഞു.

മെസി വരാത്തതുമായി ബന്ധപ്പെട്ട പ്രചാരണം തിരൂരിൽ ശക്തമായതോടെയാണ് അർജന്റീന ടീമിനെതിരെയുള്ള മന്ത്രിയുടെ പ്രതികരണം. മെസിയും അർജന്റീന ടീമും കഴിഞ്ഞ വർഷം നവംബറിൽ കേരളത്തിൽ കളിക്കുമെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. പിന്നീട് ഈ വർഷം മാർച്ചിലെത്തുമെന്നും പറഞ്ഞു. അർജന്റീനയ്‌ക്കെതിരെയുള്ള മന്ത്രിയുടെ കടുത്ത ആരോപണം അന്താരാഷ്ട്ര തലത്തിൽതന്നെ വാർത്തയായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, ARGENTINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360