SignIn
Kerala Kaumudi Online
Tuesday, 19 May 2026 1.01 AM IST

നന്നാവാതെ ചെന്നൈ

csk

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റ് ചെന്നൈ സൂപ്പർ കിംഗ്സ്

ചെന്നൈ : കഴിഞ്ഞരാത്രി ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർ.സി.ബിയോടും തോറ്റതോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആരാധകർ ആശങ്കയിലാണ്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ചെന്നൈ തോറ്റിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിനോട് എട്ടുവിക്കറ്റിനും പഞ്ചാബ് കിംഗ്സിനോട് അഞ്ചുവിക്കറ്റിനുമായിരുന്നു തോൽവിയെങ്കിൽ ആർ.സി.ബിയോട് തോറ്റത് 43 റൺസിനാണ്. കഴിഞ്ഞ സീസണിൽ കളിച്ച 14 മത്സരങ്ങളിൽ നാലിൽ മാത്രം ജയിച്ച് പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലായിപ്പോയ ചെന്നൈയെ ഈ സീസണിലും അതേ ദുരവസ്ഥയാണോ കാത്തിരിക്കുന്നത് എന്നതാണ് ആരാധകരുടെ ആശങ്ക.

ആർ.സി.ബിക്ക് എതിരെ ജയിക്കാൻ 251 റൺസ് വേണ്ടിയിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് 19.4 ഓവറിൽ 207 റൺസിന് ആൾഔട്ടാവുകയായിരുന്നു. വമ്പൻ സ്കോർ ചേസ് ചെയ്യാനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽതന്നെ റുതുരാജ് ഗെയ്ക്ക്‌വാദ് (7), ആയുഷ് മാത്രേ (1), സഞ്ജു സാംസൺ (9) എന്നിവരെ നഷ്ടമായതോടെ കളിയുടെ ഗതി വ്യക്തമായിരുന്നു. സർഫ്രാസ് ഖാൻ (25 പന്തുകളിൽ 50 റൺസ്),പ്രശാന്ത് വീർ(43),ജാമീ ഓവർട്ടൺ (37),ശിവം ദുബെ (18),അൻഷുൽ കാംബോജ് (19*) എന്നിവരിലൊതുങ്ങി ചെന്നൈയുടെ മറുപടി വീറ്. ആർ.സി.ബിക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രുനാൽ പാണ്ഡ്യ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി മറുനാടൻ മലയാളി താരം ദേവ്‌ദത്ത് പടിക്കൽ (29പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സുമടക്കം 50 റൺസ്), ടിം ഡേവിഡ് (25 പന്തുകളിൽ മൂന്ന് ഫോറുകളും എട്ട് സിക്സുകളുമടക്കം പുറത്താകാതെ 70 റൺസ്), രജത് പാട്ടീദാർ (19 പന്തുകളിൽ ഒരു ഫോറും ആറ് സിക്സുമടക്കം 48 റൺസ്), ഫിൽ സാൾട്ട് (30 പന്തുകളിൽ 46 റൺസ്),വിരാട് കൊഹ്‌ലി (28) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെയാണ് തകർപ്പൻ സ്കോറിലെത്തിയത്.

രവീന്ദ്ര ജഡേജയേയും സാം കറനേയും വിട്ടുകൊടുത്ത് രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസണിനെ സ്വന്തമാക്കിയാണ് ഈ സീസണിൽ ചെന്നൈ ഇറങ്ങിയത്. എന്നാൽ ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് ഒറ്റയക്കത്തിന് മുകളിൽ നേടാൻ കഴിയാതെ വന്നത് ടീമിനെ ബാധിച്ചു. 6,7,9 എന്നിങ്ങനെയാണ് സഞ്ജുവിന്റെ മൂന്ന് മത്സരങ്ങളിലെ സ്കോറുകൾ. പരിക്കുമൂലം മഹേന്ദ്രസിംഗ് ധോണിക്കും ഡെവാൾഡ് ബ്രെവിസിനുംഇതുവരെ കളിക്കാനിറങ്ങാൻ കഴിയാത്തതും ടീമിന് തിരിച്ചടിയാണ്.

ധോണിയുടെ അസാന്നിദ്ധ്യം ഫീൽഡിലെ തീരുമാനങ്ങളിൽ നന്നായി നിഴലിക്കുന്നുണ്ട്. കളി കൈവിട്ടുപോകുന്നു എന്നുതോന്നുമ്പോൾ ബൗളിംഗിലും ഫീൽഡ് പ്ളേസിംഗിലും മാറ്റങ്ങൾ കൊണ്ടുവന്ന് എതിരാളികളെ സമ്മർദ്ദത്തിലാക്കുന്ന തീരുമാനങ്ങളെടുക്കാനുള്ള ധോണിയുടെ കഴിവ് ചെന്നൈ ശരിക്കും മിസ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം അവസാന 35 പന്തുകളിൽ ആർ.സി.ബി ബാറ്റർമാരായ ടിം ഡേവിഡും രജത് പാട്ടീദാറും ചേർന്ന് അടിച്ചുകൂട്ടിയപ്പോൾ ചെന്നൈ നിരയിൽ നിന്ന് പ്രതിരോധിക്കാനുള്ള ഒരു തീരുമാനവുമുണ്ടായിരുന്നില്ല.

ഇനി 11ന് ഡൽഹിയുമായാണ് ചെന്നൈയുടെ അടുത്ത മത്സരം. ഈ മത്സരത്തിലേക്ക് ധോണി എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതിന് സാദ്ധ്യത കുറവാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഡെവാൾഡ് ബ്രെവിസ് അടുത്ത മത്സരത്തിൽ കളിക്കുമെന്ന് കോച്ച് സ്റ്റീഫൻ ഫ്ളെമിംഗ് അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ആറ് മത്സരങ്ങളിൽ 17 സിക്സടക്കം 225 റൺസടിച്ച താരമാണ് ദക്ഷിണാഫ്രിക്കക്കാരനായ ബ്രെവിസ്.

ചെന്നൈയുടെ തോൽവിക്ക് പിന്നിൽ

1.മഹേന്ദ്രസിംഗ് ധോണിയുടെ അഭാവം ഫീൽഡിൽ കൃത്യമായ തീരുമാനങ്ങളെടുക്കുന്നതിലെ അമാന്തത്തിന് കാരണമാകുന്നു.

2.ഡെവാൾഡ് ബ്രെവിസിന്റെ അഭാവം മദ്ധ്യനിര ബാറ്റിംഗിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

3. സഞ്ജു സാംസണിന് ഫോമിലെത്താൻ കഴിയാത്തത് വലിയ തിരിച്ചടിതന്നെയാണ്.

4. മികച്ച ഓപ്പണിംഗ് ബൗളേഴ്സോ ഡെത്ത് ബൗളേഴ്സോ ചെന്നൈ നിരയിലില്ല.

5. ജഡേജയെപ്പോലൊരു മികച്ച ആൾറൗണ്ടറുടെ അഭാവും ചെന്നൈയ്ക്കുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, CSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360