SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.17 AM IST

ബാഴ്സയ്‌ക്ക് അടി അത്‌ലറ്റിക്കോ വക

ucl

ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ ബാഴ്സലോണയെ 2-0ത്തിന് തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ആദ്യ പാദ ക്വാർട്ടർ ഫൈനലിലെ സ്പാനിഷ് പോരിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ബാഴ്സലോണയെ തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. കഴിഞ്ഞരാത്രി ബാഴ്സലോണയുടെ തട്ടകമായ കാംപ് നൗവിൽ ഇരു പകുതികളിലുമായി ഓരോ ഗോളടിച്ച അത്‌ലറ്റിക്കോ കഴിഞ്ഞവാരം സ്പാനിഷ് ലാ ലിഗയിൽ ബാഴ്സയിൽ നിന്നേറ്റ 2-1ന്റെ തോൽവിക്ക് പകരം ചോദിക്കുകയായിരുന്നു. 45-ാം മിനിട്ടിൽ ജൂലിയൻ അൽവാരേസും 71-ാം മിനിട്ടിൽ അലക്സാണ്ടർ സൊർലോത്തുമാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ ലാമിൻ യമാലും മാർക്കസ് റാഷ്ഫോർഡും ചേർന്ന് ബാഴ്സയ്ക്ക് വേണ്ടി ആക്രമണം അഴിച്ചുവിട്ടെങ്കിലും അത്‌ലറ്റിക്കോയുടെ അർജന്റീനിയൻ ഗോളി യുവാൻ മ്യൂസോയുടെ തകർപ്പൻ സേവുകൾ വിലങ്ങുതടിയായി.17-ാം മിനിട്ടിൽ അത്‌ലറ്റിക്കോയുടെ വലകുലുങ്ങിയെങ്കിലും യമാൽ ഓഫ്സൈഡായിരുന്നു. 41-ാം മിനിട്ടിൽ ബാഴ്സയുടെ ബോക്സിന് തൊട്ടുമുന്നിൽ വച്ച് അത്‌ലറ്റിക്കോ താരം ഗ്വിലിയാനോ സിമിയോണിയെ പാവു കുബാർസി പിന്നിൽനിന്ന് വലിച്ചിട്ടതാണ് കളിത്തിരിവായത്. ആദ്യം മഞ്ഞക്കാർഡ് നൽകിയ റഫറി പിന്നീട് വാർ പരിശോധിച്ച് കുബാർസിക്ക് നേരെ ചുവപ്പുകാർഡ് വീശി. ഈ ഫൗളിന് അനുവദിച്ച ഫ്രീകിക്കാണ് ബാഴ്സ ഗോളി ജൊവാൻ ഗാർഷ്യയെ നിഷ്പ്രഭനാക്കി അൽവാരേസ് വലയ്ക്കകത്തേക്ക് വളച്ചടിച്ചു കയറ്റിയത്.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ബാഴ്സ പലവട്ടം ശ്രമിച്ചെങ്കിലും 71-ാം മിനിട്ടിൽ ഇടതുവിംഗിൽ നിന്ന് റുഗ്ഗേരി നൽകിയ തകർപ്പൻ ക്രോസ് ബോക്സിനുള്ളിൽ നിന്ന് സൊർലോത്ത് വലയിലേക്ക് കണക്ട് ചെയ്തിട്ടതോടെ അത്‌ലറ്റിക്കോയുടെ ലീഡ് വർദ്ധിച്ചു. അവസാനസമയം വരെ ബാഴ്സ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. അടുത്ത ചൊവ്വാഴ്ച രാത്രി അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ രണ്ടാം പാദ ക്വാർട്ടർ ഫൈനൽ നടക്കും.

പറന്നുയർന്ന് പാരീസ്

ആദ്യ പാദ ക്വാർട്ടറിൽ ലിവർപൂളിനെ 2-0ത്തിന് കീഴടക്കി പി.എസ്.ജി

പാരീസ് : കഴിഞ്ഞരാത്രി നടന്ന മറ്റൊരു ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് എസ്.ജി മുൻ ചാമ്പ്യന്മാരായ ലിവർപൂളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു.പി.എസ്.ജിയുടെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ 11-ാം മിനിട്ടിൽ ദിസീറെ ദുവേയും 65-ാം മിനിട്ടിൽ ക്വിഷ്വ ക്വരാട്സ്കേലിയയുമാണ് ഗോളുകൾ നേടിയത്.

ബോക്സിന് പുറത്തുനിന്ന് കിട്ടിയ പന്തുമായി ഇടതുവിംഗിലൂടെ കടന്നുകയറി വെട്ടിത്തിരിഞ്ഞ് വലയ്ക്ക് നേരേ വെടിയുതിർത്ത ദുവേയുടെ അപ്രതീക്ഷിത നീക്കത്തിലാണ് ലിവർപൂളിന് ആദ്യ മുറിവേറ്റത്. ആദ്യ പകുതിയിൽ വീണ്ടും സ്കോർ ചെയ്യാൻ നിലവിലെ ചാമ്പ്യന്മാർക്ക് പല അവസരങ്ങളും ലഭിച്ചെങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ യാവോ നെവസ് മദ്ധ്യനിരയിൽ നിന്ന് നീട്ടിനൽകിയ പന്തുമായി മുന്നേറിയാണ് ക്വരാട്സ്കേലിയ പി.എസ്.ജിയുടെ രണ്ടാം ഗോൾ നേടിയത്.അടുത്ത ചൊവ്വാഴ്ച രാത്രി ലിവർപൂളിന്റെ തട്ടകത്തിൽ രണ്ടാം പാദ ക്വാർട്ടർ ഫൈനൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360