SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.45 AM IST

ഒറ്റ റണ്ണിന്റെ ഒരു കളിയേ...

ipl

ഐ.പി.എല്ലിൽ ഗുജറാത്ത് ഒറ്റ റണ്ണിന് ഡൽഹിയെ തോൽപ്പിച്ചു

ഐ.പി.എല്ലിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ഗുജറാത്ത് ടൈറ്റാൻസ് തോൽപ്പിച്ചത് ഒറ്റ റണ്ണിന്. ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്ന അവസാനപന്തിൽ കുൽദീപ് യാദവ് റൺഔട്ടായതാണ് ഡൽഹിയുടെ തോൽവിക്ക് വഴിയൊരുക്കിയത്. 211 റൺസ് ലക്ഷ്യവുമായിറങ്ങിയ ഡൽഹി കെ.എൽ രാഹുലിന്റേയും (92) പാത്തും നിസംഗയുടേയും (41), ഡേവിഡ് മില്ലറുടെയും (41 നോട്ടൗട്ട്) പോരാട്ടത്തിലൂടെ വിജയമുറപ്പിച്ച് മുന്നേറിയെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്തിൽ ഉറപ്പായിരുന്ന സിംഗിൾ മില്ലർ വേണ്ടെന്നുവച്ചത് വഴിത്തിരിവായി.

അവസാന രണ്ട് ഓവറിൽ 36 റൺസ് ജയിക്കാൻ വേണ്ടിയിരിക്കെ മുഹമ്മദ് സിറാജ് എറിഞ്ഞ 19-ാം ഓവറിൽ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 23 റൺസ് അടിച്ചുകൂട്ടിയ മില്ലർ ഡൽഹിയുടെ പ്രതീക്ഷ ഉണർത്തി. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 13 റൺസ് . പ്രസിദ്ധ് കൃഷ്ണയെ എറിഞ്ഞ പന്തുകൾ ഓരോന്നും നാടകീയമായിരുന്നു. ഓവറിലെ നാലാം പന്തിൽ സിക്‌സർ പറത്തിയ മില്ലർ, അവസാന രണ്ട് പന്തിൽ ജയിക്കാൻ വെറും രണ്ട് റൺസ് എന്ന നിലയിലേക്ക് ഡൽഹിയെ എത്തിച്ചു. അഞ്ചാം പന്തിൽ റണ്ണെടുക്കാൻ വിസമ്മതിച്ച മില്ലറുടെ അപ്പുറത്ത് കുൽദീപ് യാദവായിരുന്നു. അവസാന പന്തിൽ രണ്ട് റൺസ് വിജയലക്ഷ്യമായിരിക്കെ, പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ സ്ലോ ബൗൺസറിൽ മില്ലർക്ക് പിഴച്ചു. സിംഗിളിനായി ഓടിയ കുൽദീപ് യാദവ് റണ്ണൗട്ടായതോടെ 209 റൺസിൽ ഡൽഹിയുടെ പോരാട്ടം അവസാനിച്ചു. ജയിക്കുമെന്ന് കരുതിയ ഇടത്തുനിന്ന് ഒരു റണ്ണിന്റെ ദയനീയ തോൽവി ഡൽഹി. സീസണിലെ ഡൽഹിയുടെ ആദ്യ തോൽവിയായിരുന്നു ഇത്. ഗുജറാത്തിന്റെ ആദ്യ ജയവും.

ഒരു റണ്ണിന്റെ പേരിലെ തർക്കം: അമ്പയർ കൊല്ലപ്പെട്ടു

വിശാഖപട്ടണം: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഒരു റണ്ണിന്റെ പേരിലെ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ അമ്പയർ കൊല്ലപ്പെട്ടു. മത്സരം നിയന്ത്രിച്ച അമ്പയർ അജിത്താണ്(23) മരിച്ചത്.മറ്റൊരു അമ്പയർ ചിരഞ്ജീവിക്ക് പരിക്കേറ്റു.

മത്സരത്തിനിടെ, റണ്ണിനെച്ചൊല്ലി കളിക്കാർക്കിടെ തർക്കമുണ്ടായി. അമ്പയർമാർ ഇടപെട്ട് പ്രശ്‌നംപരിഹരിച്ചു. എന്നാൽ, കാണിയായിരുന്ന കിഷോർ എന്ന സ്വകാര്യ ഫോട്ടോഗ്രാഫർ ഇതിനെ ചോദ്യംചെയ്തു. മത്സരശേഷം അമ്പയർമാരെ ഇയാൾ ആക്രമിക്കുകയായിരുന്നു. അജിത്തിന് കുത്തേറ്റെന്നും പോലീസ് പറഞ്ഞു. കിഷോറും അജിത്തും തമ്മിൽ നേരത്തേ പ്രശ്നമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360