SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.44 AM IST

ആർ.സി.ബി ആറാട്ട്

ipl

മുംബയ് ഇന്ത്യൻസിനെതിരെ 18 റൺസ് വിജയവുമായി ആർ.സി.ബി

ആർ.സി.ബി 240/4, മുംബയ് ഇന്ത്യൻസ് 222/5

ഫിൽ സാൾട്ടിനും (78), വിരാട് കൊഹ്‌ലിക്കും (50) രജത് പാട്ടീദാറിനും (53) അർദ്ധസെഞ്ച്വറികൾ

മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ റൺസിന് 18 കീഴടക്കി ആർ.സി.ബി.

ആദ്യം ബാറ്റുചെയ്ത് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 240 റൺസടിച്ച ആർ.സി.ബിക്കെതിരെ മുംബയ്ക്ക് 222/5 എന്ന സ്കോറിലേ എത്താനായുള്ളൂ. അർദ്ധസെഞ്ച്വറികൾ നേടിയ ഫിൽ സാൾട്ടും (36 പന്തുകളിൽ ആറുവീതം ഫോറും സിക്സുമടക്കം 78 റൺസ്), വിരാട് കൊഹ്‌ലിയും (38 പന്തുകളിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 50 റൺസ്), രജത് പാട്ടീദാറും (20 പന്തുകളിൽ നാലുഫോറും അഞ്ച് സിക്സുമടക്കം 53 റൺസ് ), 16 പന്തുകളിൽ 35 റൺസടിച്ച ടിം ഡേവിഡും ചേർന്നാണ് ആർ.സി.ബിയെ ഈ സ്കോറിലെത്തിച്ചത്.

ടോസ് നേടി ആർ.സി.ബിയെ ബാറ്റിംഗിനിറക്കിയ മുംബയ് ഇന്ത്യൻസിനെ ഞെട്ടിക്കുന്ന തുടക്കമാണ് ഫിൽ സാൾട്ടും വിരാടും ചേർന്ന് നൽകിയത്. അഞ്ചാം ഓവറിൽ 50 റൺസും ഒൻപതാം ഓവറിൽ 100 റൺസും കട‌ന്ന് ആർ.സി.ബി മുന്നേറി. 25 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ച സാൾട്ടിനെ 11-ാം ഓവറിൽ ശാർദൂൽ താക്കൂർ ഹാർദിക് പാണ്ഡ്യയെ ഏൽപ്പിച്ചപ്പോൾ ആർ.സി.ബി 120 റൺസിലെത്തിയിരുന്നു. തുടർന്നിറങ്ങിയ ക്യാപ്ടനൊപ്പം വിരാട് തകർത്തടിച്ചു മുന്നേറി. 23 പന്തുകളിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 65 റൺസാണ്. 14.4-ാം ഓവറിൽ ടീം സ്കോർ 185ലെത്തിയപ്പോഴാണ് വിരാട് പുറത്തായത്. അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ വിരാട് ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗിൽ സൂര്യകുമാർ യാദവിന് ക്യാച്ച് നൽകി മടങ്ങി. അതിന് പിന്നാലെ പാട്ടീദാറും അർദ്ധസെഞ്ച്വറി തികയ്ക്കുകയും പുറത്താവുകയും ചെയ്തു. സാന്റ്നറുടെ പന്തിൽ തിലക് വർമ്മയ്ക്ക് ക്യാച്ച് നൽകിയാണ് പാട്ടീദാർ മടങ്ങിയത്. തുടർന്ന് ടിം ഡേവിഡും ജിതേഷ് ശർമ്മയും(10) ചേർന്ന് 17-ാം ഓവറിൽ 200 കടത്തി.

രജത് പാട്ടീദാറിന്റേയും വിരാട് കൊഹ്‌ലിയുടേയും സീസണിലെ രണ്ടാം അർദ്ധസെഞ്ച്വറിയാണ് ഇന്നലെ പിറന്നത്. ഫിൽ സാൾട്ടിന്റെ ആദ്യ അർദ്ധസെഞ്ച്വറി.

രോഹിതിന് പരിക്ക്

മറുപടിക്കിറങ്ങിയ മുംബയ് ഇന്ത്യൻസിന് ആദ്യം കിട്ടിയ തിരിച്ചടി രോഹിത് ശർമ്മയുടെ പരിക്കിന്റെ രൂപത്തിലായിരുന്നു. വ്യക്തിഗത സ്കോർ 19ൽ നിൽക്കുമ്പോഴാണ് രോഹിതിന് പേശിവലിവ് അനുഭവപ്പെട്ടത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബാറ്റിംഗ് തുടരാൻ കഴിയാതെ രോഹിത് മടങ്ങി.തുടർന്ന് റയാൻ റിക്കിൾട്ടൺ (37), സൂര്യകുമാർ യാദവ് (33),തിലക് വർമ്മ(1), ഹാർദിക് പാണ്ഡ്യ (40) എന്നിവർ പുറത്തായത് മുംബയ്‌യുടെ ചേസിംഗിനെ ബാധിച്ചു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷെർഫാനേ റൂതർഫോഡാണ് (31 പന്തുകളിൽ ഒരു ഫോറും ഒൻപത് സിക്സുമടക്കം പുറത്താകാതെ 71 റൺസ്) 222ലെത്തിച്ചത്.

നാലുമത്സരങ്ങളിൽ മൂന്നാം വിജയവുമായി ആറുപോയിന്റുള്ള ആർ.സി.ബി പട്ടികയിൽ മൂന്നാമതാണ്. മൂന്നാം തോൽവി വഴങ്ങിയ മുംബയ് രണ്ട് പോയിന്റുമായി എട്ടാമതും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360