
ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയും ബയേൺ മ്യൂണിക്കും തമ്മിലുള്ള രണ്ടാം പാദ സെമി ഇന്ന്
ആദ്യ പാദത്തിൽ പി.എസ്.ജി ബയേണിനെ തോൽപ്പിച്ചിരുന്നത് 5-4ന്
മ്യൂണിക്ക് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ തുടർച്ചയായ രണ്ടാം സീസണിലും ഫൈനലിൽ കളിക്കാനുള്ള ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയുടെ മോഹങ്ങൾക്ക് കടിഞ്ഞാണിടാൻ മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് കഴിയുമോ എന്ന് ഇന്നറിയാം. ആദ്യ പാദ സെമിയിൽ പാരീസിന്റെ തട്ടകത്തിൽ ചെന്ന് 5-4എന്ന സ്കോറിന് തോൽവി വഴങ്ങിയ ബയേണിന് ഫൈനൽ ബർത്ത് ലഭിക്കാൻ ഇന്ന് രണ്ടാം പാദ സെമിയിൽ മികച്ച മാർജിനിലൊരു ജയം കൂടിയേ കഴിയൂ. എന്നാൽ സമനിലകൊണ്ടുപോലും പാരീസിന് ബുദാപെസ്റ്റിൽ നടക്കുന്ന കലാശക്കളിയുടെ ടിക്കറ്റ് കിട്ടും.
യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളാണ് ഇന്ന് ബയേണിന്റെ തട്ടകമായ അലിയൻസ് അരീനയിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ ഫൈനലിൽ കീഴടക്കി തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ പി.പസ്.ജി ഇക്കുറിയും മികച്ച ആത്മവിശ്വാസത്തിലാണ്. പ്രാഥമിക റൗണ്ടിൽ എട്ട് മത്സരങ്ങളിൽ നാലുവിജയം നേടി 11-ാംസ്ഥാനത്തായിരുന്ന പി.എസ്.ജി പ്ളേ ഓഫിൽ മൊണാക്കോയെ മറികടന്നാണ് പ്രീ ക്വാർട്ടറിലെത്തിയത്. പ്രീ ക്വാർട്ടറിൽ ചെൽസിയേയും ക്വാർട്ടറിൽ ലിവർപൂളിനെയും ഇരുപാദങ്ങളിലും തോൽപ്പിച്ചാണ് സെമിയിലേക്ക് എത്തിയത്.
ഫ്രഞ്ച് ലീഗിൽ ഇക്കുറിയും കിരീടമുറപ്പിച്ച് മുന്നേറുന്ന പി.എസ്.ജിയുടെ മുന്നണിപ്പോരാളികളായെത്തുന്നത് ഒസ്മാനേ ഡെബലെ, ദിസിറെ ദുവെ, ക്വിച്ച വരാട്ഷ്ക്വേലിയ, വിറ്റീഞ്ഞ,ഗോൺസാലോ റാമോസ്, സെയർ എംറെ,യാവോ നെവസ്, ന്യൂനോ മെൻഡസ്,മാർക്വിന്യോസ്, അഷ്റഫ് ഹക്കീമി, ഗോളി മാറ്റ്‌വേയ് സഫാനോവ് തുടങ്ങിവരാണ്.
ജർമ്മൻ ബുണ്ടസ് ലീഗയിൽ തുടർച്ചയായ രണ്ടാം സീസണിലും കിരീടം നേടിക്കഴിഞ്ഞ ബയേൺ ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമികറൗണ്ടിലെ എട്ടുമത്സരങ്ങളിൽ ഏഴിലും ജയിച്ച് രണ്ടാം സ്ഥാനക്കാരായി നേരിട്ട് പ്രീക്വാർട്ടറിൽ എത്തുകയായിരുന്നു. അറ്റലാന്റയ്ക്ക് എതിരായ പ്രീക്വാർട്ടറിലെ ഇരുപാദങ്ങളിലുമായി അടിച്ചുകൂട്ടിയത് 10 ഗോളുകൾ. ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ 2-1നും 4-3നും തോൽപ്പിച്ചാണ് സെമിയിലെത്തിയത്.
ഇംഗ്ളണ്ടുകാരനായ ഗോളടിവീരൻ ഹാരി കേയ്നാണ് ബയേണിന്റെ തുറുപ്പുചീട്ട്.ജമാൽ മുസൈല, ലൂയിസ് ഡയസ്,മൈക്കേൽ ഒലൈസ്,ജോഷ്വ കിമ്മിഷ്, ദായോട്ട് ഉപമെക്കാനോ,ലിയോൺ ഗൊരെസ്ക തുടങ്ങിയവരാണ് ബയേൺ നിരയിലെ മറ്റ് പ്രമുഖർ. ദീർഘകാലത്തെ പരിചയസമ്പത്തുള്ള മാനുവൽ ന്യൂയറാണ് ഗോൾ വലയം കാക്കുന്നത്.
16 - ഇതുവരെ പതിനാറുമത്സരങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്.
9- മത്സരങ്ങളിൽ വിജയം നേടിയത് ബയേൺ മ്യൂണിക്ക്
7 - കളികളിൽ വിജയം നേടിയത് പി.എസ്.ജി
രാത്രി 12.30 മുതൽ സോണി ടെൻ സ്പോർട്സ് ചാനലിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |