SignIn
Kerala Kaumudi Online
Tuesday, 19 May 2026 1.01 AM IST

ബയേണിന് പൂട്ടിട്ട് പാരീസ് ഫൈനലിൽ

ucl

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പി.എസ്.ജി - ആഴ്സനൽ പോരാട്ടം

രണ്ടാം പാദ സെമിയിൽ പി.എസ്.ജിയും ബയേണും 1-1ന് സമനിലയിൽ

പി.എസ്.ജിക്ക് തുണയായത് ആദ്യപാദത്തിലെ 5-4ന്റെ വിജയം

ഫൈനൽ മേയ് 30ന് ബുദാപെസ്റ്റിൽ

ബയേൺ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇക്കുറി ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും ഇംഗ്ളീഷ് ക്ളബ് ആഴ്സനലും തമ്മിലുള്ള പോരാട്ടം. നിലവിലെ ചാമ്പ്യന്മായ പാരീസ് കഴിഞ്ഞരാത്രി നടന്ന രണ്ടാം പാദ സെമിഫൈനലിൽ മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ 1-1ന് സമനിലയിൽ തളച്ചാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ പാദ സെമിയിൽ ബയേണിനെ 5-4ന് തോൽപ്പിച്ചിരുന്ന പാരീസ് 6-5 എന്ന ആകെ ഗോൾമാർജിനിലാണ് ഫൈനൽ ബർത്ത് നേടിയത്.

ബയേണിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയിയുടെ മൂന്നാം മിനിട്ടിൽ തന്നെ ഒസ്മാനേ ഡെംബലെ നേടിയ ഗോളിന് പാരീസ് മുന്നിലെത്തിയിരുന്നു. ഈ ഗോളിന് പാരീസ് ജയിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇൻജുറി ടൈമിന്റെ നാലാം മിനിട്ടിൽ ഹാരി കേനിലൂടെ നേടിയ ഗോൾ ബയേണിന് സമനില നൽകി.എന്നാൽ ആദ്യ പാദത്തിലെ കുറവ് പരിഹരിക്കാൻ ഈ ഗോൾ മതിയാകുമായിരുന്നില്ല.

ആദ്യ ഗോളിന് ശേഷം ഇരുടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും അൽപ്പം മുൻതൂക്കം ബയേണിനായിരുന്നു. എന്നാൽ ലൂയിസ് ഡയസിനും മൈക്കേൽ ഒലീസിനും ലഭിച്ച അവസരങ്ങൾ പ്രയോജനപ്പെ‌ടുത്താൻ കഴിഞ്ഞില്ല. ഹാൻഡ്ബാൾ ഫൗളുകളെച്ചൊല്ലിയുള്ള തർക്കങ്ങൾ മത്സരത്തിന് ചൂടുപകർന്നു.37-ാം മിനിട്ടിൽ നെവസിന്റെ ഗോളെന്നുറപ്പിച്ച ഒരു ഷോട്ട് ബയേൺ ഗോളി ന്യൂയർ തട്ടിയകറ്റി. 43-ാം മിനിട്ടിൽ ജമാൽ മുസ്യാലയുടെ ഒരു ഷോട്ട് പാരീസ് ഗോളി സഫാനോവും തട്ടിയകറ്റി. രണ്ടാം പകുതിയിലും ഇരു ഭാഗത്തെയും ഗോളിമാർ പരീക്ഷിക്കപ്പെട്ടു. ഒടുവിലാണ് ബയേണിന് പാരീസിന്റെ വല ഭേദിക്കാനായത്.

മേയ് 30ന് ഹംഗേറിയൻ നഗരമായ ബുദാപെസ്റ്റിലാണ് ഇക്കുറിചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദ സെമിയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 1-0ത്തിന് തോൽപ്പിച്ച ആഴ്സനൽ 2-1 എന്ന ആകെ ഗോൾ മാർജിനിലാണ് ഫൈനലിലെത്തിയത്. ആദ്യപാദ സെമിയിൽ ഇരുവരും 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.

ഗോളുകൾ വന്നവഴി

1-0

3-ാം മിനിട്ട്

ഡെംബലെ

ഹാഫ് ലൈനിൽ നിന്ന് കിട്ടിയ പന്തുമായി ഇടതുവിംഗിലൂടെ കുതിച്ചുകയറിയ കിച്ച ക്വരാത്ഷ്കേലിയ ബോക്നിന് മുന്നിലുണ്ടായിരുന്ന ദിസീറെ ദുവെയയെ കണക്കാക്കിയാണ് ക്രോസ് ചെയ്തതെങ്കിലും ദുവെയെ മറികടന്ന് വലതുവിംഗിലുണ്ടായിരുന്ന ഡെംബലെയുടെ കാലുകളിലാണെത്തിയത്. ഒരുനിമിഷം പാഴാക്കാതെ ഡെംബലെയുടെ ഫിനിഷ്.

1-1

90+4-ാം മിനിട്ട്

ഹാരി കേൻ

ബോക്സിന് പുറത്തുനിന്ന് ഡേവിഡ് നൽകിയ പാസ് ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് കറങ്ങിത്തിരിഞ്ഞ ഹാരി കേൻ പാരീസ് ഗോൾ വലയുടെ മുകൾമൂലയിലേക്ക് വലിച്ചടിച്ചുകയറ്റുകയായിരുന്നു.

3

ഇത് മൂന്നാം തവണയാണ് പാരീസ് എസ്.ജി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നത്. 2010-20 ,2024-25 സീസണുകളിലായിരുന്നു ഇതിനുമുമ്പ് ഫൈനൽ പ്രവേശനം.ഇതിൽ കഴിഞ്ഞ സീസണിൽ കിരീടം നേടി.

2020ന് ശേഷം ആദ്യമായാണ് ഒരു ക്ളബ് തുടർച്ചയായ രണ്ട് വർഷം ഫൈനലിലെത്തുന്നത്. 2018ലും 19ലും ലിവർപൂൾ ഫൈനലിൽ കളിച്ചിരുന്നു.

ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ പാരീസിന്റെ ഏറ്റവും വേഗതയേറിയ ഗോളാണ് ഈ മത്സരത്തിൽ ഒസ്മാനേ ഡെംബലെ മൂന്നാം മിനിട്ടിൽ നേ‌ടിയത്.

ഇതാദ്യമായാണ് ആഴ്സനലും പാരീസും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.

പാരീസിന്റെ പ്രതികാരം

2020ൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ പാരീസ് ആദ്യമായി ഫൈനലിലെത്തുമ്പോൾ എതിരാളിയായത് ബയേണാണ്. അന്ന് ലിസ്ബണിൽ നടന്ന ഫൈനലിൽ ബയേൺ പി.എസ്.ജിയുടെ മുൻതാരമായിരുന്ന കിംഗ്സിലി കോമാൻ നേടിയ ഏക ഗോളിന് കിരീടമുയർത്തുകയായിരുന്നു. അതിനുള്ള പ്രതികാരമാണ് കഴിഞ്ഞരാത്രി മ്യൂണിക്കിൽ പാരീസ് ചെയ്തത്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ തോൽപ്പിച്ചാണ് പാരീസ് തങ്ങളുടെ ആദ്യ കിരീടം നേടിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360