SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

ഡൽഹി കത്തിച്ച് കൊൽക്കത്ത

ipl

ഡൽഹി ക്യാപ്പിറ്റൽസിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

ഫിൻ അല്ലെന് സെഞ്ച്വറി (47 പന്തുകളിൽ 5 ഫോറും 10 സിക്സുമടക്കം 100 നോട്ടൗട്ട്)

ന്യൂഡൽഹി : ഡൽഹി ക്യാപ്പിറ്റൽസിനെതിരായ ഐ.പി.എൽ മത്സരത്തിൽ തകർപ്പൻ ജയം നേടി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ഇന്നലെ ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 142 റൺസടിച്ചപ്പോൾ ഓപ്പണർ ഫിൻ അല്ലന്റെ സെഞ്ച്വറിയുടെ (47 പന്തുകളിൽ 100 നോട്ടൗട്ട്) മികവിൽ രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി കൊൽക്കത്ത ലക്ഷ്യത്തിലെത്തുകയായിരുന്നു. അഞ്ചു ഫോറുകളും അതിന്റെ ഇരട്ടി സിക്സുകളുമാണ് അല്ലെന്റെ ബാറ്റിൽ നിന്ന് പറന്നത്. അജിങ്ക്യ രഹാനെ (13), ആൻഗ്രിഷ് രഘുവംശി (1) എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. 33 റൺസുമായി പുറത്താകാതെ കാമറൂൺ ഗ്രീൻ കൂട്ടുനിന്നപ്പോൾ 14.2 ഓവറിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി.

നേരത്തേ നന്നായി തുടങ്ങിയെങ്കിലും നന്നായി അവസാനിപ്പിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു ഡൽഹിക്ക്. ഓപ്പണർമാരായ പാത്തും നിസംഗയും (50) കെ.എൽ രാഹുലും (23) ചേർന്ന് ആദ്യ അഞ്ചോവറിൽ 49 റൺസ് കൂട്ടിച്ചേർത്തു. രാഹുലിനെ കാർത്തിക് ത്യാഗിയുടെ ബൗളിംഗിൽ കാമറൂൺ ഗ്രീൻ പിടികൂടിയതോടെ ഡൽഹിയുടെ തകർച്ച തുടങ്ങി. പിന്നാലെ നിതീഷ് റാണയെ (8 )നരെയ്ന്റെ കയ്യിലെത്തിച്ച് ഗ്രീൻ അടുത്ത പ്രഹരംകൂടി നൽകി. പത്താം ഓവറിൽ നരെയ്ൻ സമീർ റിസ്‌വിയെ (3) പവലിന്റെ കയ്യിലെത്തിച്ചു. 11-ാം ഓവറിൽ അൻകുൽ റോയ് രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യപന്തിൽ നിസംഗയെ രഘുവംശി സ്റ്റംപ് ചെയ്തപ്പോൾ അഞ്ചാം പന്തിൽ സ്റ്റബ്സ് ബൗൾഡായി. ഇതോടെ ഡൽഹി 89/5 എന്ന നിലയിൽ പതറി.

തുടർന്ന് അഷുതോഷ് ശർമ്മ (39) ഒരറ്റത്ത് പൊരുതിയതാണ് സ്കോർ 142ലെത്തിച്ചത്. ഇതിനിടയിൽ ക്യാപ്ടൻ അക്ഷർ പട്ടേൽ (11),മിച്ചൽ സ്റ്റാർക്ക് (3) എന്നിവർകൂടി പുറത്തായി. അവസാന ഓവറിലാണ് അശുതോഷും സ്റ്റാർക്കും പുറത്തായത്.

കൊൽക്കത്തയ്ക്ക് വേണ്ടി അൻകുൽ റോയ്‌യും കാർത്തിക് ത്യാഗിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സീസണിലെ നാലാം ജയം നേടിയ കൊൽക്കത്ത 9 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്തേക്കുയർന്നു. ഏഴാം തോൽവി വഴങ്ങിയ ഡൽഹി എട്ടുപോയിന്റുമായി എട്ടാമതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360