SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

വീണുടയുമോ സൂര്യ കിരീടം ?

suryakumar-yadav

ഇന്ത്യൻ ട്വന്റി-20 ടീം ക്യാപ്ടൻ സ്ഥാനത്തുനിന്ന് സൂര്യകുമാറിനെ മാറ്റിയേക്കും

മുംബയ് : ട്വന്റി-20 ലോകകപ്പ് കിരീടം നേടിത്തന്ന സൂര്യകുമാർ യാദവിന്റെ ഇന്ത്യൻ ടീം ക്യാപ്ടൻസി നഷ്ടമാകുമെന്ന് സൂചന. ഐ.പി.എല്ലിൽ ഉൾപ്പടെ ബാറ്റിംഗിൽ മോശം ഫോമിൽ തുടരുന്നതാണ് സൂര്യയെ ഒഴിവാക്കാൻ സെലക്ടർമാരെ പ്രേരിപ്പിക്കുന്നത്. ഐ.പി.എല്ലിന് ശേഷം നടക്കുന്ന അയർലാൻഡ്, ഇംഗ്ളണ്ട് പര്യടനങ്ങൾക്കുള്ള ടീമിൽ നിന്ന് സൂര്യയെ ഒഴിവാക്കുമെന്നാണ് അറിയുന്നത്. ഈ പര്യടനങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ഉടൻ സെലക്ടർമാർ യോഗം ചേരുന്നുണ്ട്. അയർലാൻഡിനെതിരെ രണ്ട് ട്വന്റി-20കളും ഇംഗ്ളണ്ടിനെതിരെ അഞ്ച് ട്വന്റി-20കളുമാണുള്ളത്.

ലോകകപ്പിന് മുമ്പ് തുടർച്ചയായി 23 മത്സരങ്ങളിൽ ഒരു അർദ്ധസെഞ്ച്വറിപോലും കണ്ടെത്താൻ കഴിയാതെ കുഴങ്ങിയ സൂര്യ ജനുവരിയിൽ ന്യൂസിലാൻഡിന് എതിരായ പരമ്പരയിൽ തുടർച്ചയായി അർദ്ധസെഞ്ച്വറികൾ അടിച്ചാണ് ഫോം തിരിച്ചുപിടിച്ചത്. എന്നാൽ ലോകകപ്പിൽ അമേരിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ 49 പന്തുകളിൽ 84 റൺസ് നേടിയതൊഴിച്ചാൽ കാര്യമായ സംഭാവനകളൊന്നുമുണ്ടായില്ല. ഒൻപത് ഇന്നിംഗ്സുകളിൽ നിന്ന് 242റൺസാണ് നേടിയത്.

35കാരനായ സൂര്യ അടുത്ത രണ്ട് വർഷത്തേക്ക്കൂടി ക്യാപ്ൻസിയിൽ തുടരാനാകുമെന്ന പ്രതീക്ഷയിലാണ്. 2028ൽ അടുത്ത ട്വന്റി-20 ലോകകപ്പും ഒളിമ്പിക്സും വരുന്നുണ്ട്. ഇതിൽ ടീമിനെ നയിക്കാനാകുമെന്നാണ് സൂര്യയുടെ കണക്കുകൂട്ടൽ. എന്നാൽ സെലക്ടർമാർ ഈ രണ്ട് വലിയ ടൂർണമെന്റുകളും കണക്കാക്കി പുതിയ ടീമിനെ വാർത്തെടുക്കാനാള്ള ശ്രമത്തിലാണെന്നാണ് അറിയുന്നത്.

പകരം ശ്രേയസ് ?

സൂര്യയ്ക്ക് പകരം ശ്രേയസ് അയ്യരെ ഇന്ത്യൻ ട്വന്റി-20 ക്യാപ്ടനാക്കാനാണ് സെലക്ടർമാർക്ക് താത്പര്യം എന്നാണ് സൂചന.അയ്യർ കഴിഞ്ഞ രണ്ടര വർഷത്തോളമായി ഇന്ത്യൻ ട്വന്റി-20 ടീമിൽ കളിച്ചിട്ട്. എന്നാൽ 2024 ഐ.പി.എല്ലിൽ കൊൽക്കത്തയെ ചാമ്പ്യന്മാരാക്കുകയും 2025ൽ പഞ്ചാബിനെ റണ്ണേഴ്സ് അപ്പാക്കുകയും ചെയ്തു. ഈ സീസണിലും പഞ്ചാബിനായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ശ്രേയസിനെ ടീമിലേക്ക് തിരിച്ചുവിളിക്കുന്നതിനൊപ്പം ക്യാപ്ടൻസിയും ഏൽപ്പിക്കാനാണ് സെലക്ടർമാരുടെ തീരുമാനമെങ്കിൽ സൂര്യയ്ക്ക് ടീമിൽ ഇടംകിട്ടുന്നത്പോലും സംശയത്തിലാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360