SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.28 AM IST

ഹോളണ്ടേ, കളി ജപ്പാനോട് വേണ്ട !

netherlands-japan

ഹോളണ്ടിനെ 2-2ന് സമനിലയിൽ തളച്ച് ജപ്പാൻ

ഡാലസ് : കിരീ‌ടപ്രതീക്ഷയുമായി അമേരിക്കയിലെത്തിയ ഹോളണ്ടുകാർക്ക് ആദ്യ മത്സരത്തിൽ മൂക്കുകയറിട്ട് ജപ്പാൻകാർ. ഇന്നലെ ഡാലസിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ടുഗോളുകൾ വീതമാണ് നേടിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം നായകൻ വിർജിൽ വാൻഡിക്കിലൂടെ ഹോളണ്ട് ആദ്യ ഗോൾ നേടിയപ്പോൾ ഏഴ് മിനിട്ടിനകം കെയ്തോ നക്കാമുറയിലൂടെ ജപ്പാൻ തിരിച്ചടിച്ചു. 64-ാം മിനിട്ടിൽ സമ്മർവില്ലെയിലൂടെ പിന്നെയും മുന്നിലെത്തിയ ഹോളണ്ടിനെ നിശ്ചിത സമയം അവസാനിക്കാൻ രണ്ട് മിനിട്ട് ശേഷിക്കേ ഒരു കോർണർ കിക്കിൽ നിന്ന് ദായ്ചി കമാഡ നേടിയ ഗോളിനാണ് ജപ്പാൻ തളച്ചത്.

അധികം ആക്രമണങ്ങൾ കാണാതിരുന്ന ആദ്യ പകുതിയുടെ തുടക്കത്തിൽ ഡോണിനെൽ മാലെൻ ജാപ്പനീസ് ഗോളിയെ ഒന്ന് പരീക്ഷിക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഫ്രീ കിക്കുകളും കോർണർ കിക്കുകളും ത്രോ ഇന്നുകളുമൊക്കെ മുതലാക്കാനായിരുന്നു ജപ്പാന്റെ ശ്രമം. എന്നാൽ രണ്ടാം പകുതിയിൽ 14 മിനിട്ടിനിടെ ഇരുവശത്തുമായി മൂന്നുഗോളുകൾ വീണതോടെ കളി ഉഷാറായി. ഇരുടീമുകളുടേയും ആരാധകരുടെ ആരവങ്ങൾ മത്സരാന്തരീക്ഷത്തെ ആവേശകരമാക്കി. ത്രില്ലിംഗ് മുഹൂർത്തങ്ങൾക്കൊടുവിലാണ് കമാഡയുടെ തലയിൽ നിന്ന് സമനില ഗോൾ പിറന്നത്. കളിയിൽ 60 ശതമാനത്തോളം സമയവും പന്ത് ഡച്ചുകാരുടെ കയ്യിലായിരുന്നു. ഡച്ചുകാർ അഞ്ച് ഷോട്ടുകൾ തൊടുത്തപ്പോൾ ജപ്പാൻകാർ മൂന്ന് ഷോട്ടുകൾ വലയ്ക്ക് നേരേ പായിച്ചു.

ജൂൺ 20ന് ഹോളണ്ട് അടുത്തമത്സരത്തിൽ സ്വീഡനെ നേരിടും. 21ന് ടുണീഷ്യയ്ക്ക് എതിരെയാണ് ജപ്പാന്റെ അടുത്ത മത്സരം.

അടി, തിരിച്ചടി

1-0

50-ാം മിനിട്ട്

വിർജിൽ വാൻഡിക്ക്

റയാൻ ഗ്രേവൻബെർച്ചിന്റെ ക്രോസിന് ഉയർന്നുചാടി തലവച്ച് വാൻഡിക്ക് ഹോളണ്ടിനെ മുന്നിലെത്തിച്ചു.

1-1

57-ാം മിനിട്ട്

കെയ്തോ നക്കാമുറ

ആദ്യ ഗോൾ വീണ് ഏഴ് മിനിട്ടിനകം തക്കിഫ്യൂസോ കുബോയിൽ നിന്ന് കിട്ടിയ കിടിലൻ പാസുമായി കടന്നുകയറി നക്കാമുറയുടെ ഫിനിഷ്.

2-1

64-ാം മിനിട്ട്

സമ്മർവില്ലെ

ഹോളണ്ടിന്റെ രണ്ടാം ഗോളിനും വഴിതുറന്നത് ഗ്രേവൻബെർച്ച്. പന്ത്കിട്ടിയ സമ്മർവില്ലെയുടെ ഇടംകാലനടി വലതുളച്ചു.

2-2

88-ാം മിനിട്ട്

ദായ്ചി കമാഡ

കോക്കി ഒഗാവ എടുത്ത കോർണർ കിക്കിന് ഉയരക്കാരായ ഡച്ചുകാർക്കിടയിൽ നിന്ന് ഉയർന്നുചാടി തലവച്ച് കമാഡ ജപ്പാൻകാരുടെ കമാൻഡോയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360