
5-1ന് ടുണീഷ്യയെ തൂത്തെറിഞ്ഞ് സ്വീഡൻ
യാസിൻ അയാരിക്ക് ഇരട്ട ഗോൾ
മോണ്ടിറെറി : ലോകകപ്പിൽ ഇന്നലെ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് ആഫ്രിക്കൻ ടീമായ ടുണീഷ്യയെ തകർത്തെറിഞ്ഞ് സ്വീഡൻ. ഇരട്ട ഗോളുകൾ നേടിയ യാസിൻ അയാരിയും ഓരോ ഗോളടിച്ച അലക്സാണ്ടർ ഇസാക്കും വിക്ടർ ഗ്യോക്കറസും മത്യാസ് സ്വാൻബർഗുമാണ് സ്വീഡന് വേണ്ടി ഗോളുകൾ നേടിയത്. ഏഴാം മിനിട്ടിൽ ആദ്യഗോളടിച്ചതും ഇൻജുറി ടൈമിന്റെ ആറാം മിനിട്ടിൽ അവസാന ഗോളടിച്ചതും ടുണീഷ്യക്കാരനായ പിതാവിന്റെ മകനായ യാസീനാണ്. അതുകൊണ്ടുതന്നെ താരം തന്റെ ഗോൾ നേട്ടം വലുതായി ആഘോഷിച്ചതുമില്ല.
ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് ലീഡ് ചെയ്ത സ്വീഡൻ രണ്ടാം പകുതിയിലാണ് ബാക്കി മൂന്നുഗോളുകളും നേടിയത്. വിക്ടർ ഗ്യോക്കറസിന്റെ ഒരു ഗോൾശ്രമം ടുണീഷ്യ തടഞ്ഞതിന് പിന്നാലെയാണ് യാസീൻ ഏഴാം മിനിട്ടിൽ സ്കോർ ചെയ്തത്.30-ാം മിനിട്ടിൽ അലക്സാണ്ടർ ഇസാക്കിലൂടെ ലീഡെടുത്തു. സ്വീഡിഷ് മുന്നേറ്റങ്ങൾക്ക് മുനകൂർപ്പിച്ച ഇസാക്ക് കളിയിലെ കേമനുമായി. 43-ാം മിനിട്ടിൽ ഒമർ റെക്കിക്കിലൂടെ ഒരു ഗോൾ ടുണീഷ്യ തിരിച്ചടിച്ചതോടെ ഇടവേളയ്ക്ക് 2-1ന് സ്വീഡൻ മുന്നിട്ടുനിന്നു. 59-ാം മിനിട്ടിൽ ഗ്യോക്കറസിന്റെ ഗോളും 84-ാം മിനിട്ടിൽ സ്വാൻബെർഗിന്റെ ഗോളും പിറന്നു.പകരക്കാരനായിറങ്ങിയ 18-ാം സെക്കൻഡിലായിരുന്നു സ്വാൻബെർഗിന്റെ ഗോൾ.
ആദ്യ മത്സരത്തിലെ വിജയത്തോടെ സ്വീഡൻ ഹോളണ്ടും ജപ്പാനുമടങ്ങുന്ന എഫ് ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി ഒന്നാമതെത്തി. ഓരോ പോയിന്റുമായി ജപ്പാൻ രണ്ടാം സ്ഥാനത്തും ഹോളണ്ട് മൂന്നാമതുമാണ്. പോയിന്റില്ലാത്ത ടുണീഷ്യ നാലാമത്. അടുത്ത ശനിയാഴ്ച ഹോളണ്ടും സ്വീഡനും ഞായറാഴ്ച ടുണീഷ്യയും ജപ്പാനും ഏറ്റുമുട്ടും.
ട്രയോണ്ടയിലെ ടെക്നോളജി
പറഞ്ഞു, അത് ഗോൾ...
ടുണീഷ്യയ്ക്ക് എതിരെ സ്വാൻബെർഗ് നേടിയ നാലാം ഗോൾ റഫറി ആദ്യം ഓഫ്സൈഡ് വിളിച്ചെങ്കിലും ലോകകപ്പിൽ ഉപയോഗിക്കുന്ന ട്രയോണ്ടയെന്ന പന്തിലെ സാങ്കേതികവിദ്യ ആ തീരുമാനം തെറ്റെന്ന് തെളിയിച്ചു. സ്വാൻബെർഗ് ഗോളടിക്കുന്നതിന് മുമ്പ് പന്ത് ഇസാക്കിന്റെ പുറത്ത് തട്ടിയതിനാൽ ഓഫ്സൈഡല്ലെന്നായിരുന്നു സ്വീഡന്റെ വാദം. പന്തിലെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഇത് ശരിയാണെന്ന് തെളിയുകയും ഗോൾ അനുവദിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |