
കൻസാസ് സിറ്റി: കാലം കഴിഞ്ഞെന്ന് എഴുതിത്തള്ളിയവരുടെ വായടപ്പിച്ച് വൺ,ടു, ത്രീ... മെസി മാനിയയായി മാറിയ കൻസാസ് സിറ്രി സ്റ്റേഡിയത്തിൽ മൂന്നടിയിൽ അൾജീരിയുടെ കഥ കഴിച്ച് അർജന്റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസി ,ഫുട്ബോൾ ചക്രവർത്തിയുടെ സിംഹാസനത്തിൽ താൻ തന്നെയിരിക്കുമെന്ന് പ്രഖ്യാപിച്ചു.ആറ് ലോകകപ്പുകളിൽ കളത്തിലിറങ്ങിയ ആദ്യ താരമെന്ന റെക്കാഡിനൊപ്പം ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും മെസിക്കായി.
മെസിയും തിയാഗോ അൽമേഡയും വശങ്ങളിലും ലൗട്ടാരോ മാർട്ടിനസിനെ മദ്ധ്യത്തിലും ആക്രമണത്തിന് നിയോഗിച്ചാണ് സ്കലോണി നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെ അൾജിരിയക്കെത്തിരെ കളത്തിൽ വിന്യസിച്ചത്. ഡി പോളും എൻസോ ഫെർണാണ്ടസും മക്അലിസ്റ്ററുമായിരുന്നു മദ്ധ്യനിരയിൽ. മെസിയെന്ന അച്ചുതണ്ടിനെച്ചുറ്റി എണ്ണയിട്ട യന്ത്രം പോലെ കളത്തിൽ നിറഞ്ഞാടി കഴിഞ്ഞ തവണ ലോക കിരീടം ഉയർത്തിയ അർജന്റീന ഖത്തറിൽ നിറുത്തിയേടത്തു നിന്ന് തന്നെയാണ് കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ തുടങ്ങിയത്. ഇടതുവിംഗിൽ എയ്ഞ്ചൽ ഡി മരിയയുടെ വിടവ് അൽമേഡ ഒരു പരിധിവരെ നികത്തി. ആറാം മിനിട്ടിൽ തന്നെ മാർട്ടിനസിൽ നിന്ന് കിട്ടിയ പന്തുമായി കുതിച്ച് മെസി വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു, പത്താം മിനിട്ടിൽ അൾജീരിയയുടെ ഫാരെസ് ചൈബി അർജന്റീനയുടെ വലയിൽ പന്തെത്തിച്ചെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് അർജന്റീനയുടെ ആധിപത്യമായിരുന്നു മത്സരത്തിൽ. പാസിംഗിലും പൊസഷനിലും അൾജീരിയ മികച്ചു നിന്നെങ്കിലും ടാർജറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാൻ അവർക്കായില്ല. അർജന്റീന 6 ഷോട്ടുകൾ ടാർജറ്റിലേക്ക് അടിച്ചു.
ലിച്ച മാർട്ടിനസും റൊമീറോയും മോണ്ടിയേലും മെദിനയും അണി നിരന്ന അർജന്റീനൻ പ്രതിരോധം അവസരത്തിനൊത്തുയർന്നതോടെ ഗോളി എമിലിയാനോ മാർട്ടിനസിന് വലിയ പരീക്ഷണങ്ങളൊന്നും നേരിടേണ്ടി വന്നില്ല.
ചൈബിയെക്കൂടാതെ അമിനെ ഗൗരി, അനിസ് മൂസ, ഇസ്സ എന്നിവരായിരുന്നു അൾജീരിയയുടെ മുന്നേറ്റ നിരയിൽ. ആദ്യ മത്സരത്തിൽ ടീമെന്ന നിലയിൽ മികച്ച ഒത്തിണക്കം കാണിക്കാനായതും വലിയ ജയം നേടാനായതും കിരീടം നിലനിറുത്താനിറങ്ങുന്ന അർജന്റീനയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.
ഗോൾ ഗോൾ ഗോൾ
17-ാം മിനിട്ട്- മെസി മാജിക്കിലൂടെ അർജന്റീന ആദ്യ ഗോൾ നേടുന്നു. അർജന്റീനൻ ആക്രമണങ്ങൾ തങ്ങളുടെ ബോക്സിലേക്ക് കടക്കാതെ അൾജീരിയൻ താരങ്ങൾ കോട്ടകെട്ടി പ്രതിരോധിക്കുന്നതിനിടെ മെസിയുടെ ഫാൻ ബോയി കൂടിയായ ഡി പോൾ മദ്ധ്യവരയുടെ തൊട്ടടുത്ത് സ്വന്തം ഹാഫിൽ നിന്ന് ത്രൂപാസ് നൽകുന്നു. അൾജീരിയൻ പ്രതിരോധം തുളച്ച് പന്ത് മെസിയുടെ കാലിൽ. പന്തുമായിമുന്നോട്ട് കടന്ന മെസി ബോക്സിന് തൊട്ട് വെളിയിൽ നിന്ന് കൊടുത്ത ഇടങ്കാലൻ ഷോട്ട് അൾജീരിയൻ ഗോളി ലൂക്കാ സിദാന്റെ കൈയിൽ തട്ടി പോസ്റ്രിന്റെ ഇടത്തേ മൂലയിലെത്തി.
60-ാം മിനിട്ട്- മക്അലിസ്റ്ററുടെ നിലം പറ്റെയുള്ള ലോംഗ് റേഞ്ചർ വലത്തേക്ക് ഡൈവ് ചെയ്ത് ലൂക്ക തട്ടിയിട്ടെങ്കിലും തൊട്ടു മുന്നിലുണ്ടായിരുന്ന മെസി ഓടിയെത്തി റീബൗണ്ട് പിടിച്ചെടുത്ത് പന്ത് വലയിലാക്കി.
76-ാം മിനിട്ട്- ഹാട്രിക്ക് മെസി. ഇടതുഭാഗത്ത് നിന്ന് നിക്കോ ഗോൺസാലസ് നൽകിയ പന്തുമായി മുന്നോട്ടുകയറി തന്റെ ട്രേഡ്മാർക്കായ ഇടങ്കാലൻ ഷോട്ടിലൂടെ മെസി വലകുലുക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |