SignIn
Kerala Kaumudi Online
Monday, 14 September 2026 10.33 PM IST

21-ാം വയസിൽ 42കാരനായ ഇമ്രാന്റെ ജീവിതസഖി,​ 52-ാം വയസിൽ വീണ്ടും വിവാഹിതയായി മുൻഭാര്യ ജെമീമ; വരൻ ശതകോടീശ്വരൻ

jemima-immran-khan
ഇമ്രാൻ ഖാന്റെ മുൻഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്

ലണ്ടൻ: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ മുൻഭാര്യ ജെമീമ ഗോൾഡ്സ്മിത്ത് വീണ്ടും വിവാഹിതയായി. 52ാം വയസിലാണ് ജെമീമയുടെ രണ്ടാം വിവാഹം. 62കാരനായ ഐറിഷ് ഓസ്‌ട്രേലിയൻ ധനകാര്യ വിദഗ്ധനും ശതകോടീശ്വരനുമായ കാമറൂൺ ഒറെയ്‌ലിയാണ് വരൻ. ജെമീമയുടെ കുടുംബമാണ് വിവാഹ വിവരം സ്ഥിരീകരിച്ചത്. ഇമ്രാൻ ഖാനുമായുള്ള വിവാഹമോചനം കഴിഞ്ഞ് 20 വർഷത്തിന് ശേഷമാണ് ജെമീമ വീണ്ടും വിവാഹിതയാകുന്നത്.

21-ാം വയസിൽ 1995ലായിരുന്നു ജെമീമ 42കാരനായിരുന്ന ക്രിക്കറ്റ് താരം ഇമ്രാനെ വിവാഹം കഴിച്ചത്. സാംസ്‌കാരിക വ്യത്യാസവും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും അന്നത്തെ കാലത്ത് വലിയ വിവാദമായിരുന്നു. ദമ്പതികൾക്ക് സുലൈമാൻ ഈസ, കാസിം എന്നീ രണ്ട് ആൺമക്കളുണ്ട്.

2004 ജൂണിലാണ് ഇരുവരും വിവാഹമോചിതരായത്. തുടർന്ന് മക്കളുമായി ലണ്ടനിലേക്ക് മടങ്ങിയ ജെമീമ ഡോക്യുമെന്ററി നിർമാണത്തിലും തിരക്കഥാരചനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടെ ഇമ്രാൻ ഖാൻ 2018ൽ പാകിസ്ഥാൻ പ്രധാനമന്ത്രിയായി. 2022ൽ അധികാരത്തിൽ നിന്ന് പുറത്തായ ഇമ്രാൻ 2023ൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ജയിലിലായി. നിലവിൽ അദ്ദേഹം റാവൽപിണ്ടിയിൽ ജയിൽവാസം തുടരുകയാണ്.

A post shared by Jemima Jones (@jemimagjones)


സിനിമ-ഡോക്യുമെന്ററി നിർമാണ മേഖലയിലെ പ്രവർത്തനങ്ങളിലൂടെയാണ് ജെമീമയും ശതകോടീശ്വരൻ കാമറൂണും പരിചയപ്പെടുന്നത്. ജമീമയുടെ ഡോക്യുമെന്ററിയിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിച്ചിട്ടുള്ള കാമറൂണുമായുള്ള ബന്ധം തുടക്കത്തിൽ അടുത്ത സൗഹൃദമായിരുന്നെന്നും പിന്നീട് പ്രണയത്തിലേക്ക് മാറിയെന്നുമാണ് റിപ്പോർട്ടുകൾ. ഒരു വർഷത്തിലേറെയായി ഇരുവരും രഹസ്യമായി പ്രണയത്തിലായിരുന്നുവെന്നും തുടർന്ന് സ്വകാര്യ ചടങ്ങിൽ വിവാഹിതരായെന്നുമാണ് വിവരം.

A post shared by Niche Lifestyle (@nichelifestyle)


ഓക്സ്ഫഡ് സർവകലാശാലയിൽ പഠിച്ച കാമറൂൺ, അന്തരിച്ച ഐറിഷ് മാദ്ധ്യമ വ്യവസായി സർ ആന്റണി ഒ'റെയ്‌ലിയുടെ മകനാണ്. ഓസ്‌ട്രേലിയയിലെ പ്രമുഖ മാദ്ധ്യമ കമ്പനിയായ എപിഎൻ ന്യൂസ് ആൻഡ് മീഡിയയുടെ (നിലവിൽ എആർഎൻ മീഡിയ) മുൻ ചീഫ് എക്സിക്യൂട്ടീവ് കൂടിയായിരുന്നു അദ്ദേഹം. പിന്നീട് ബയാർഡ് ക്യാപിറ്റൽ എന്ന സ്വകാര്യ നിക്ഷേപ സ്ഥാപനം ആരംഭിച്ചു. ആദ്യ വിവാഹത്തിൽ കാമറൂണിന് നാല് മക്കളുണ്ട്. അതേസമയം,​ ആദ്യ വിവാഹത്തിന് ശേഷം സ്വകാര്യ ജീവിതത്തെക്കുറിച്ച് പൊതുവെ മൗനം പാലിച്ചിരുന്ന ജെമീമ രണ്ടാം വിവാഹത്തെക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

English Summary

Jemima Goldsmith, former wife of Pakistan’s former Prime Minister Imran Khan, has married Irish-Australian financier Cameron O’Reilly at the age of 52. The couple reportedly met through film and documentary production and had been quietly dating for over a year.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEMIMA GOLDSMITH, SECOND MARRIAGE, CAMERON OREILLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360