ദുബായ്: അറബിക്കടലിനെയും ഹോർമുസ് കടലിടുക്കിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഒമാൻ ഉൾക്കടലിൽ ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം. ഒമാൻ ഉൾക്കടലിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന 'വേല നോവ' എന്ന പനാമ ഫ്ലാഗ് ചെയ്ത കണ്ടെയ്നറിന് നേരെയാണ് ആക്രമണമുണ്ടായത്. പാകിസ്ഥാൻ തീരത്ത് നിന്ന് ഏകദേശം 71 നോട്ടിക്കൽ മൈൽ അകലെവച്ചായിരുന്നു ആക്രമണം.
യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ്(യുകെഎംടിഒ) ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ഒരു സൈനിക വിഭാഗം കപ്പലിന് നേരെ ആക്രമണം നടത്തിയതായി യുകെഎംടിഒ വ്യക്തമാക്കി. എന്നാൽ ആക്രമണത്തിന് പിന്നിൽ ഏതുരാജ്യമാണെന്നത് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മേഖലയിലൂടെ കടന്നുപോകുന്ന മറ്റുവാണിജ്യ കപ്പലുകൾ അതീവജാഗ്രത പാലിക്കണമെന്നും സുരക്ഷ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നതും അറബിക്കടലിനെ ഹോർമുസ് കടലിടുക്കുമായി ബന്ധിപ്പിക്കുന്നതുമായ ജലപാതയാണ് ഒമാൻ ഉൾക്കടൽ. ഗ്വാദർ പോലുള്ള പാകിസ്ഥാനിലെ പ്രധാന തുറമുഖങ്ങൾക്ക് സമീപം നിർണായകമായ ഒരു സമുദ്രപാതയായും തന്ത്രപ്രധാനമായ ജലപാതയായും ഇത് പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, മേഖലയിലെ മറ്റുഭാഗങ്ങളിലും സമുദ്ര സുരക്ഷ അതീവ സങ്കീർണമായി തുടരുകയാണ്. ചെങ്കടലിലെ ബാബ് എൽ മന്ദബ് കടലിടുക്കിൽ യെമൻ വിമത ഗ്രൂപ്പായ ഹൂതികൾ ചരക്കുക്കപ്പലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. രണ്ടുപാകിസ്ഥാൻ പൗരന്മാരും ഒരു ഇൻഡോനേഷ്യൻ പൗരനുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കപ്പൽ ചാലുകളിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ആഗോള വാണിജ്യമേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
A ship was reportedly hit by a missile in the Gulf of Oman, near Pakistan and close to the Strait of Hormuz, which connects the Persian Gulf with the Arabian Sea.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |