SignIn
Kerala Kaumudi Online
Friday, 23 October 2026 4.45 PM IST

ചൈനീസ് യുവതിയുടെ ജീവനെടുത്ത് കോസ്‌മെറ്റിക് സർജറികൾ

pic

ബീജിംഗ്: ചൈനയിൽ 24 മണിക്കൂറിനിടെ ആറ് കോസ്‌മെറ്റിക് സർജറികൾക്ക് വിധേയമായ യുവതിക്ക് ദാരുണാന്ത്യം. തെക്കൻ ചൈനയിലെ ഗ്വാംങ്ങ്ഷീ പ്രവിശ്യയിലെ ഗ്വിഗാങ്ങിൽ നിന്നുള്ള യുവതി 2020 ഡിസംബർ 11 ന് നാന്നിംഗ് നഗരത്തിലെ ക്ലിനിക്കിൽ വച്ചാണ് മരിച്ചത്. ക്ലിനിക് നഷ്ടപരിഹാരമായി 12 ലക്ഷം യുവാൻ (1,68,000 ഡോളർ) നൽകണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം പരാതി നൽകിയതോടെയാണ് സംഭവം ചർച്ചയായത്.

സർജറികൾക്കായി 40,000 യുവാനിലേറെ യുവതി വായ്പയെടുത്തിരുന്നു. സർജറികൾ പൂർത്തിയാക്കി ക്ലിനിക്കിൽ നിന്ന് മടങ്ങാൻ ഒരുങ്ങവെ ലിഫ്റ്റിന് മുന്നിൽ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സർജറിക്ക് പിന്നാലെ ശ്വാസകോശത്തിൽ രക്തംകട്ടപിടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

യുവതി മരിക്കുമ്പോൾ എട്ടും നാലും വീതം വയസുള്ള രണ്ട് കുട്ടികളുടെ അമ്മയായിരുന്നു. 2,00,000 യുവാൻ നൽകി ക്ലിനിക്ക് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും യുവതിയുടെ ഭർത്താവ് നിരസിച്ചു. കുറഞ്ഞത് 5,00,000 യുവാനെങ്കിലും വേണമെന്നായിരുന്നു ഭർത്താവിന്റെയും ബന്ധുക്കളുടെയും ആവശ്യം. ക്ലിനിക്ക് തയ്യാറാകാതെ വന്നതോടെ 12 ലക്ഷം യുവാൻ വേണമെന്ന് കാട്ടി കുടുംബം കോടതിയെ സമീപിച്ചു.

ക്ലിനിക്കിന്റെ പ്രവർത്തനവും ഡോക്ടർമാരും അധികൃതരുടെ അംഗീകാരത്തോടെയാണെന്ന് കണ്ടെത്തി. സർജറികളും മാനദണ്ഡം പാലിച്ചായിരുന്നു. എന്നാൽ പാർശ്വഫലങ്ങൾ കണക്കിലാക്കുന്നതിൽ ക്ലിനിക്ക് പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒടുവിൽ ക്ലിനിക്ക് യുവതിയുടെ കുടുംബത്തിന് 5,90,000 യുവാൻ നൽകാൻ കോടതി ഉത്തരവിട്ടു.

യുവതിക്ക് മുന്നേ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാമെന്ന് ക്ലിനിക്കിന്റെ അഭിഭാഷകർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. അതേ സമയം, ചുരുങ്ങിയ സമയത്തിനുള്ള സർജറികൾ കൂട്ടത്തോടെ നടത്തി രോഗിയുടെ ജീവൻ നഷ്ടപ്പെടുത്തിയതിന് ക്ലിനിക്കിനെതിരെ ചൈനീസ് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360