
തിരുവനന്തപുരം:''യാദനും ദാരിയയും ഇന്ന് വീണ്ടും കരയും. പക്ഷേ, അത് ആനന്ദാശ്രു ആയിരിക്കും. എല്ലാവരും ആഹ്ളാദത്തിലും ആവേശത്തിലുമാണ്. ഞങ്ങളുടെ റോമി മടങ്ങി വരികയാണ്.ഹമാസ് ബന്ദിയാക്കിയ റോമി ഗോനന്റെ മോചനം സഹോദരിമാരായ യാദനും ദാരിയയ്ക്കും മാതാപിതാക്കൾക്കും മാത്രമല്ല കുടുംബത്തിനാകെയും രണ്ടാം ജന്മം ലഭിച്ചതുപോലെയാണ്."" - ഇതു പറയുമ്പോൾ വിഖ്യാത ഇസ്രായേലി ചലച്ചിത്രകാരൻ ഡാൻ വോൾമാന്റെ കണ്ഠമിടറി.ടെൽ അവീവിൽ നിന്ന് കേരളകൗമുദിയോട് ഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹമാസ് മോചിപ്പിച്ചവരിൽ ആദ്യ പേരുകാരിയാണ് റോമി ഗോനൻ.
' കണ്ണീരിൽ കുതിർന്ന കാത്തിരിപ്പിന്റെ നാളുകളായിരുന്നു. കൃത്യമായി പറഞ്ഞാൽ റോമി ബന്ദിയാക്കപ്പെട്ടിട്ട് 470 ദിവസം പിന്നിട്ടു. ..എന്താവും അവളുടെ അവസ്ഥ എന്ന ഉത്ക്കണ്ഠയിൽ ആണ് ഈ 15 മാസങ്ങൾ തീ തിന്നുന്നപോലെകഴിച്ചുകൂട്ടിയത്." വോൾമാൻ തുടർന്നു. എന്റെ ഭാര്യ ഷോഷിയുടെ സഹോദരി ഡോറാ ലെഷമിന്റെ പേരക്കുട്ടിയാണ് റോമി. അതായത് ഡോറയുടെ മകൾ മേയ് രവിന്റെ മകൾ. ഞങ്ങളെല്ലാം വളരെ ഇഴുകിച്ചേർന്ന് കഴിയുന്ന കുടുംബമാണ്. ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടക്കുന്ന കുട്ടിയാണ് ഞങ്ങൾക്ക് റോമി. ആർമിയിൽ നഴ്സായി സേവനം അനുഷ്ഠിച്ച അവൾക്ക് ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കണമെന്നായിരുന്നു ആഗ്രഹം.അവൾ ധീരയാണ്.കുടുംബത്തിന്റെ തണലിൽ അവൾ ഇനി ഉയിർത്തെഴുന്നേൽക്കും."
2023 ഒക്ടോബർ ഏഴിന് കൂട്ടുകാരോടൊപ്പം സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുകയായിരുന്നു റോമി.ഹമാസ് സൈനികർ അവിടെ ഇരച്ചുകയറി. 364 പേർ അവിടെ കൊല്ലപ്പെട്ടു.പലർക്കും പരിക്കേറ്റു.40പേരെ ബന്ദികളാക്കി . അതിൽ ഒരാൾ റോമിയായിരുന്നു. കൂട്ടുകാരോടൊപ്പം കാറിലാണെന്ന് റോമി അമ്മയോടു പറഞ്ഞു. പിന്നീട് വെടിയേറ്റുവെന്നും രക്തത്തിൽ മുങ്ങിയെന്നും പറഞ്ഞു.അതായിരുന്നു അവസാന സന്ദേശം. ജീവനോടെയുണ്ടോയെന്ന് ആശങ്കയായിരുന്നു.ഏതാനും ആഴ്ചകൾ മുമ്പാണ് ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞത്. ഹമാസ് ആദ്യം പുറത്തുവിട്ട മൂന്നുപേരുടെ പട്ടികയിൽ ആദ്യം റോമിയുടെ പേരു കണ്ടപ്പോൾ ആശ്വാസമായി. സ്വകാര്യ കമ്പനിയിൽ പ്രൊഡക്ട് മാർക്കറ്റിംഗ് മാനേജരാണ് റോമിയുടെ അച്ഛൻ എയ്തൻ ഗോനൻ. അമ്മ മെയ് രവ് ബിസിനസ് കൺസൾട്ടിംഗ് കമ്പനിയുടെ ഡയറക്ടറും.ഇവർ 10 വർഷം മുമ്പ് വിവാഹബന്ധം വേർപെടുത്തി.
റോമിയെ നേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.അവിടെ അവൾക്ക് വിദഗ്്ദ്ധ പരിശോധന വേണ്ടിവരും.അനുഭവിച്ച മാനസിക പീഡനങ്ങളിൽ നിന്ന് മുക്തി നേടാൻ സാന്ത്വന ചികിത്സയും.റോമിയെ തിരിച്ചുകിട്ടിയല്ലോ.അതിൽപ്പരം എന്തുവേണം ഡാൻ ചോദിച്ചു. ഗാസ അതിർത്തിയിൽ റോമിയെ സ്വീകരിക്കാൻ അമ്മയും മുത്തശ്ശിയും പോയിട്ടുണ്ടെന്നും ഡാൻ പറഞ്ഞു.
ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഇഫിയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചിട്ടുള്ള സംവിധായകനാണ് ഡാൻ.തന്റെ പുതിയ ചിത്രത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് ഡാൻ അടുത്ത ദിവസം ഇന്ത്യയിൽ എത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |