
വാഷിംഗ്ടൺ: യു.എസിന്റെ 47 -ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30ന് (ഈസ്റ്റേൺ സമയം ഉച്ചയ്ക്ക് 12) വാഷിംഗ്ടണിൽ സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കും. അതിശൈത്യമായതിനാൽ ചടങ്ങുകൾ കാപ്പിറ്റോൾ മന്ദിരത്തിന്റെ ഉള്ളിലാണ് നടക്കുന്നത്. അമേരിക്കൻ കോൺഗ്രസ് ചേരുന്ന കാപ്പിറ്റോളിന് മുന്നിലെ തുറസായ സ്ഥലത്താണ് സാധാരണപ്രസിഡന്റിന്റെ സത്യപ്രതിജ്ഞ നടത്താറുള്ളത് . 1985ൽ റൊണാൾഡ് റീഗന്റെ സത്യപ്രതിജ്ഞ കാപ്പിറ്റോളിനുള്ളിലായിരുന്നു.
അതേസമയം, സ്ഥാനാരോഹണ ആഘോഷം
വിർജീനിയയിലെ ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ നടത്തി. നിരവധി പ്രമുഖർ അടക്കം അഞ്ഞൂറോളം പേർ വിരുന്നിൽ പങ്കെടുത്തു. ഇന്നലെ രാവിലെ വാഷിംഗ്ടണിലെത്തിയ ട്രംപ് ക്യാപിറ്റൽ വൺ അരീനയിൽ നടന്ന 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ വിക്ടറി റാലി'യിലും പങ്കെടുത്തു.
ചടങ്ങുകൾക്ക് സാക്ഷിയാകുമെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്
എസ്. ജയശങ്കർ പങ്കെടുക്കും
ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് പങ്കെടുക്കുന്നത്. അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗ്, ശതകോടീശ്വരൻ ഇലോൺ മസ്ക്, ആമസോൺ മേധാവി ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് തുടങ്ങിയവരും പങ്കെടുക്കും. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്ക് വിദേശ നേതാക്കളെ ക്ഷണിക്കുന്ന പതിവ് യു.എസിലില്ല.നയതന്ത്ര ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക.അതിലാണ് മാറ്റംവന്നത്.
#ആദ്യ ദിനം10 ഉത്തരവുകൾ
(ഒന്നാംദിനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്)
അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ
ജന്മാവകാശ പൗരത്വം നിറുത്തും
2021ലെ കാപ്പിറ്റോൾ കലാപകാരികൾക്ക് മാപ്പ്
റഷ്യ- യുക്രെയിൻ യുദ്ധ പരിഹാരം
മെക്സിക്കോയുടെയും കാനഡയുടെയും ഇറക്കുമതിക്ക് 25 ശതമാനം നികുതി
ഇലക്ട്രിക് വാഹന ഉത്പാദനം കൂട്ടാനുള്ള ബൈഡന്റെ ഉത്തരവ് റദ്ദാക്കും
എണ്ണ ഉത്പാദനം കൂട്ടും
വനിതാ സ്‌പോർട്സിൽ ട്രാൻസ്ജെൻഡറുകളെ വിലക്കും
ട്രാൻസ്ജെൻഡറുകൾക്കുള്ള പരിചരണ പദ്ധതികൾ നിറുത്തും
വാഹന വ്യവസായം 'മെയ്ഡ് ഇൻ അമേരിക്ക'യാക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |