SignIn
Kerala Kaumudi Online
Friday, 23 October 2026 3.06 PM IST

യുക്രെയിൻ വിഷയത്തിൽ കടുപ്പിച്ച് ട്രംപ്: വെടിനിറുത്തലിനെ പിന്തുണച്ച് പുട്ടിൻ

pic

മോസ്കോ : യുക്രെയിനിലെ വെടിനിറുത്തലിനായി യു.എസ് മുന്നോട്ടുവച്ച വെടിനിറുത്തൽ ആശയത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. എന്നാൽ ഇനിയും നിരവധി വിശദാംശങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതൊരു വെടിനിറുത്തലും ശാശ്വത സമാധാനത്തിലേക്ക് നയിക്കുന്നതും സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതും ആകണമെന്ന് പുട്ടിൻ ഇന്നലെ ചൂണ്ടിക്കാട്ടി.

അതേ സമയം, പുട്ടിന്റെ പ്രതികരണം പ്രതീക്ഷാവഹമാണെങ്കിലും പൂർണ്ണമല്ലെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. വെടിനിറുത്തൽ കരാർ അംഗീകരിച്ചില്ലെങ്കിൽ റഷ്യ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുട്ടിൻ പ്രതികരണവുമായി രംഗത്തെത്തിയത്.

യുദ്ധം തുടർന്നാൽ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ റഷ്യ നേരിടേണ്ടിവരുമെന്നും അത് വിനാശകരമാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. വിഷയത്തിൽ പുട്ടിനുമായി ട്രംപ് ഫോൺ സംഭാഷണം നടത്തിയേക്കും. റഷ്യ കരാർ അംഗീകരിക്കുമെന്ന പ്രതീക്ഷ ട്രംപ് ആവർത്തിച്ചു. വെടിനിറുത്തൽ നിർദ്ദേശം പുട്ടിന് മുന്നിൽ അവതരിപ്പിക്കാൻ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മോസ്കോയിൽ എത്തിയിട്ടുണ്ട്. ഇദ്ദേഹത്തോട് റഷ്യ തങ്ങളുടെ ഉപാധികൾ അറിയിക്കും.

അടുത്തിടെ സൗദി അറേബ്യയിലെ ജിദ്ദയിൽ യുക്രെയിനുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് യു.എസ് 30 ദിവസത്തെ വെടിനിറുത്തൽ നിർദ്ദേശം അവതരിപ്പിച്ചത്. യുക്രെയിൻ ഇത് അംഗീകരിച്ചിരുന്നു. ഇതിനിടെ, ഇന്നലെ യുക്രെയിനിലുണ്ടായ റഷ്യൻ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു.

 സൈനിക

വേഷത്തിൽ പുട്ടിൻ

ഇതിനിടെ, റഷ്യയിലെ കുർസ്‌കിൽ സൈനിക വേഷത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പുട്ടിൻ. കുർസ്കിൽ നിന്ന് യുദ്ധത്തടവുകാരായി പിടികൂടിയ 430 യുക്രെയിൻ സൈനികരെ 'ഭീകരരായി" പരിഗണിക്കുമെന്ന് മുന്നറിയിപ്പും നൽകി. അപൂർവമായാണ് പുട്ടിൻ സൈനിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതിനാൽ യുദ്ധം തുടരുമെന്ന സൂചനയാണോ ഇതിലൂടെ നൽകുന്നതെന്ന സംശയവുമുണ്ട്. കഴിഞ്ഞ ആഗസ്റ്റ് മുതൽ യുക്രെയിൻ കടന്നുകയറ്റം നടത്തുന്ന റഷ്യൻ പ്രദേശമാണ് കുർസ്ക്. യുക്രെയിൻ പിടിച്ചെടുത്ത കുർസ്കിന്റെ ഭൂരിഭാഗം പ്രദേശവും റഷ്യ തിരിച്ചുപിടിച്ചു. കുർസ്‌കിൽ നിന്ന് യുക്രെയിൻ സൈന്യത്തെ പൂർണമായും തുരത്താനുള്ള ഓപ്പറേഷന്റെ അവസാന ഘട്ടത്തിലാണെന്നും റഷ്യ അറിയിച്ചു.

 കരാർ തള്ളി പുട്ടിന്റെ സഹായി

യുക്രെയിനുമായുള്ള ഹ്രസ്വകാല വെടിനിറുത്തൽ തള്ളി പുട്ടിന്റെ വിദേശകാര്യ നയ സഹായി യൂറി ഉഷകോവ്. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് പ്രതികരണം. ഹ്രസ്വകാല വെടിനിറുത്തൽ യുക്രെയിന് താത്കാലിക ആശ്വാസമല്ലാതെ മറ്റൊന്നുമാകില്ലെന്ന് യൂറി പ്രതികരിച്ചു. തന്റെ പ്രതികരണം വ്യക്തിപരമാണെന്നും യു.എസിലെ മുൻ റഷ്യൻ അംബാസഡറായ യൂറി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360