
സോൾ: ദക്ഷിണ കൊറിയയിൽ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂവിനെതിരെയുള്ള ഇംപീച്ച്മെന്റ് റദ്ദാക്കി ഭരണഘടനാ കോടതി. സൂവിന്റെ ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം പുനഃസ്ഥാപിക്കുകയും ചെയ്തു.
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ദക്ഷിണ കൊറിയയിൽ ഡിസംബർ 27നാണ് സൂവിനെ പാർലമെന്റ് ഇംപീച്ച് ചെയ്തത്. പിന്നാലെ ധനമന്ത്രി ചോയ് സാങ്ങ്-മോക് ആക്ടിംഗ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തിരുന്നു. പട്ടാള നിയമം പ്രഖ്യാപിച്ച് വിവാദം സൃഷ്ടിച്ച പ്രസിഡന്റ് യൂൻ സുക് യോൾ ഇംപീച്ച്മെന്റിലൂടെ സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് സൂവിന് ആക്ടിംഗ് പ്രസിഡന്റ് ചുമതല കൂടി നൽകിയത്.
എന്നാൽ പട്ടാള നിയമം പ്രഖ്യാപിച്ചതിലെ പങ്ക് ആരോപിച്ച് സൂവിനെയും ഇംപീച്ച് ചെയ്യുകയായിരുന്നു. ഇതോടെ അദ്ദേഹവും പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. പ്രസിഡന്റോ പ്രധാനമന്ത്രിയോ പാർലമെന്റിൽ ഇംപീച്ച് ചെയ്യപ്പെട്ടാൽ അന്വേഷണം നടത്തി അന്തിമ വിധി പുറപ്പെടുവിക്കേണ്ട ഉത്തരവാദിത്വം ഭരണഘടനാ കോടതിക്കാണ്.
വിചാരണയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കോടതി ഇവരെ അധികാരത്തിൽ നിന്ന് പുറത്താക്കും. മറിച്ചായാൽ പദവിയിൽ തിരിച്ചെത്താം. യൂൻ സുക് യോളിന്റെ വിചാരണ തുടരുകയാണ്. ഇദ്ദേഹത്തെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.
ഡിസംബർ 3നാണ് യൂൻ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷം ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നെന്നും ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു നടപടി. എന്നാൽ പ്രതിഷേധം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ യൂൻ നിയമം പിൻവലിച്ചു. യൂനിനെ കോടതി പുറത്താക്കിയാൽ 60 ദിവസത്തിനുള്ളിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |