
വാഷിംഗ്ടൺ: യു.എസിൽ മെക്‌സിക്കൻ ഹാലപീന്യോ മുളകിൽ നിന്ന് സാൽമൊണെല്ല ബാക്ടീരിയ വ്യാപനം. 27 സംസ്ഥാനങ്ങളിലായി 345 പേർക്ക് രോഗ ബാധ കണ്ടെത്തി. വിഷയത്തിൽ യു.എസ് ആരോഗ്യ ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണ്. ബാക്ടീരിയ വ്യാപനം കണ്ടെത്തിയതോടെ ഹാലപീന്യോ മുളകിന്റെ യു.എസിലെ പ്രമുഖ വിതരണ കമ്പനിയായ കോസ്റ്റ് സിട്രസ് ഡിസ്ട്രിബ്യൂട്ടേഴ്സ് വിവിധ റെസ്റ്റോറന്റുകളിലേക്ക് അയച്ച മുളകുകൾ തിരിച്ചുവിളിച്ചു.
ഇതുവരെ 36 പേർക്ക് ആശുപത്രി ചികിത്സ വേണ്ടിവന്നതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സി.ഡി.സി) ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്.ഡി.എ) അറിയിച്ചു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ജൂൺ 19ന് ശേഷമാണ് രോഗബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. സാൽമൊണെല്ല വയറിളക്കം, പനി, വയറുവേദന, ഛർദ്ദി തുടങ്ങിയവയ്ക്ക് കാരണമാകും. ഇത് ചെറിയ കുട്ടികളിലും വൃദ്ധരിലും പ്രതിരോധശേഷി കുറഞ്ഞവരിലും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
മെക്സിക്കോയിലെ സിനലോവയിൽ നിന്ന് യു.എസിലേക്ക് വിതരണം ചെയ്ത മുളകുകളിലാണ് ബാക്ടീരിയ കയറിക്കൂടിയതെന്ന് കരുതുന്നു. ഈ മുളകുകൾ വൻകിട റെസ്റ്റോറന്റ് ശൃംഖലകൾക്ക് വേണ്ടി മാത്രം എത്തിച്ചവയാണ്. ഇവ വിൽക്കുകയോ ഭക്ഷണത്തിൽ ഉപയോഗിക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും അധികൃതർ നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |