
ബുക്കാറസ്റ്റ്: റൊമേനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റ് നഗരത്തിൽ ശനിയാഴ്ച ഒത്തുകൂടിയത് പതിനായിരക്കണക്കിന് പേരാണ്. എല്ലാവർക്കും ഒറ്റ ലക്ഷ്യം. ഗിന്നസ് ലോക റെക്കാഡ് തകർക്കുക, ഒപ്പം കുട്ടികൾക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യ മാനസികാരോഗ്യ ആശുപത്രി നിർമ്മിക്കുന്നതിനായി പണം സമാഹരിക്കുക....
ഇതിനായി കിലോമീറ്ററുകൾ നീളമുള്ള ഭീമൻമേശയ്ക്ക് ചുറ്റും ആളുകൾ ഇരുന്നു. ബുക്കാറസ്റ്റിലെ പാലസ് ഒഫ് പാർലമെന്റിന് മുന്നിലെ കോൺസ്റ്റിറ്റ്യൂഷൻ സ്‌ക്വയർ മുതൽ 5,055 മീറ്റർ (5 കിലോമീറ്റർ ) നീളത്തിൽ 'യുണൈറ്റിംഗ് ടേബിൾ' എന്ന പേരിലാണ് ഗിന്നസ് മേശ ഒരുക്കിയത്. റൊമേനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലൂം ദ വേൾഡ് അസോസിയേഷൻ എന്ന സംഘടനയാണ് ഇതിന് പിന്നിൽ.
പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഏറ്റവും നീളമേറിയ മേശ എന്ന ഗിന്നസ് ലോക റെക്കാഡ് ആണ് സംഘടന സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം റൊമേനിയയിലെ അൽബ യൂലിയയിൽ ബ്ലൂം ദ വേൾഡ് തന്നെ സ്ഥാപിച്ച 2,782 മീറ്റർ നീളമുള്ള മേശയുടെ റെക്കാഡാണ് തകർക്കപ്പെട്ടത്. പൂക്കളും പലഹാരങ്ങളും കൊണ്ട് അലങ്കരിച്ച മേശയ്ക്ക് ചുറ്റുമായി ഏകദേശം 20000 ത്തോളം ആളുകൾ ഒത്തുകൂടിയതായാണ് റിപ്പോർട്ടുകൾ. നൂറുകണക്കിന് മോഡുലാർ ടേബിൾ സെക്ഷനുകൾ ഒട്ടും വിടവില്ലാത്ത വിധം കൂട്ടിയോജിപ്പിച്ചാണ് ഭീമൻ മേശ തയ്യാറാക്കിയത്.
പരിപാടിയിലൂടെ സമാഹരിച്ച തുക ബുക്കാറസ്റ്റിലെ ഒബ്രെജിയ ഹോസ്പിറ്റൽ കോംപ്ലക്‌സിനുള്ളിൽ നിർമ്മിക്കുന്ന കുട്ടികളുടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് നൽകും. സ്വകാര്യ സംഭാവനകളിലൂടെയും സ്‌പോൺസർഷിപ്പുകളിലൂടെയുമാണ് ആശുപത്രിക്കായി ധനസഹായം കണ്ടെത്തുന്നത്. ഏകദേശം 16.5 ദശലക്ഷം യൂറോ ചെലവ് വരുമെന്നാണ് കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |