
തിരുവനന്തപുരം: വികസന-ക്ഷേമ പദ്ധതികളിൽ നിന്നും സർക്കാർ ബോധപൂർവം പിൻവാങ്ങുന്നു എന്നാണ് ബഡ്ജറ്റിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ബഡ്ജറ്റിൽ ഒരു വിസ്മയവുമില്ല. വൻകിട കോർപ്പറേറ്റ് താത്പര്യമാണ് ഉയർന്നുവരുന്നത്. ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കാനാണ് ശ്രമം. കേരളത്തിന്റെ തീരം സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള നീക്കമാണ് നടക്കുന്നത്. കിഫ്ബിയുടെ ചിറകരിയാനും ലൈഫ് മിഷനെ തകർക്കാനും ശ്രമിക്കുന്നു. പ്ലാനിംഗ് കമ്മിഷൻ കേന്ദ്ര സർക്കാർ നിറുത്തലാക്കിയ മാതൃകയിൽ പ്ലാനിംഗ് ബോർഡിനെ പുന:സംഘടിപ്പിക്കാനാണ് നീക്കം.
സാമ്പത്തിക പ്രതിസന്ധിയെന്നത് രാഷ്ട്രീയ ആരോപണം മാത്രമെന്നും ബഡ്ജറ്റ് തെളിയിക്കുന്നു. 6300 കോടി നീക്കിവച്ചാണ് കഴിഞ്ഞ സർക്കാർ ഭരണം ഒഴിഞ്ഞത്. ഇതുപയോഗിച്ച് ആശ്വാസ നടപടികൾ നടപ്പാക്കാനും വികസനത്തിനുള്ള അടിത്തറ ഒരുക്കാനും സർക്കാരിന് കഴിയുമായിരുന്നു. എന്നാൽ പല കാര്യങ്ങളിലും ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ചു. പരമ്പരാഗത മേഖലയ്ക്കും കാർഷിക മേഖലയ്ക്കും ആശ്വാസം പകരുന്ന പദ്ധതികളില്ല. കേന്ദ്ര നയങ്ങളെ ബോധപൂർവം കണ്ടില്ലെന്ന് നടിക്കുന്നു.
ഭാവി കേരളത്തിനുള്ള
ബ്ളൂ പ്രിന്റില്ല
നവകേരളം പദ്ധതിയെ പൂർണമായും ബഡ്ജറ്റ് കൈയൊഴിയുന്നു. ഭാവി കേരളത്തിനുള്ള ഒരു ബ്ളൂ പ്രിന്റുമില്ല. ബഡ്ജറ്റിൽ ജീവനക്കാർക്ക് വിസ്മയമുണ്ടാകുമെന്ന് പലതവണ മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും അതൊന്നും കണ്ടില്ല. അതിദാരിദ്ര്യ നിർമ്മാർജനത്തിനുള്ള നടപടിയെക്കുറിച്ച് പരാമർശമില്ല. വൻകിടക്കാർക്ക് വീര്യം കുറഞ്ഞ മദ്യം വൻതോതിൽ നിർമ്മിക്കാനുള്ള അവസരം തുറന്നുകൊടുക്കാനാണ് ബഡ്ജറ്റ് ശ്രമിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
റബർ കർഷകരെ
പരിഹസിക്കുന്നു
റബറിന്റെ വില വിപണിയിൽ 274 രൂപയുള്ളപ്പോൾ 250 രൂപ തറവില പ്രഖ്യാപിച്ചത് കർഷകരെ പരിഹസിക്കുന്നതിന് തുല്യം
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്കായി 10 കോടിമാത്രമാണ് നീക്കിവച്ചത്. പെൻഷൻ ലഭിക്കുന്നതിലുള്ള ഉറപ്പ് നഷ്ടപ്പെടുത്തി
ശമ്പള പരിഷ്‌കരണ കമ്മിഷൻ തുടരുമോയെന്ന് പറയുന്നില്ല. എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ ചില പദ്ധതികൾ പേരുമാറ്റി പ്രഖ്യാപിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |