
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര സംഭാവന വിവാദത്തിൽ സി.ബി.ഐ അന്വേഷണം അടക്കം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ തിങ്കളാഴ്‌ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. ആർ.ജെ.ഡിയുടെ എം.പി സുധാകർ സിംഗ്, നരേന്ദ്ര കുമാർ ഗോസ്വാമി, അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് തുടങ്ങിയവരുടെ പൊതുതാത്പര്യ ഹർജിയാണ് പരിഗണിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സാമ്പത്തിക ഇടപാടുകളുടെ ഓഡിറ്റിംഗ്, തെളിവുകൾ നശിപ്പിക്കുന്നത് തടയൽ, കോടതി മേൽനോട്ടത്തിൽ മേൽനോട്ട സമിതി തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. സംഭാവനാ തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ ചില ഹർജികൾ വന്നെങ്കിലും സുപ്രീംകോടതി ഇടപെട്ടിരുന്നില്ല. അലഹബാദ് ഹൈക്കോടതിയിലും സമാന ഹർജികളുണ്ട്.
23 ജീവനക്കാർ രാജിവച്ചു
തട്ടിപ്പ് വാർത്ത പുറത്തുവന്നതിന് പിന്നാലെ ഭക്തർ 10, 20 രൂപ നോട്ടുകൾ കൂടുതലായി നൽകുന്നതിനാൽ ജോലി കൂടിയെന്നും വേതനം പോരെന്നും ചൂണ്ടിക്കാട്ടി അയോദ്ധ്യാ ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്ന 23 ജീവനക്കാർ രാജിവച്ചു. ഇതോടെ കാണിക്ക എണ്ണാൻ എസ്.ബി.ഐ നിയോഗിച്ച 13 ജീവനക്കാർ മാത്രമായി. നേരത്തെ 500 ന്റെ നോട്ടുകൾ കൂടുതൽ ലഭിച്ചതിനാൽ എണ്ണാൻ എളുപ്പമായിരുന്നു. 500 രൂപയുടെ 70-80 കെട്ടുകളുണ്ടായിരുന്നത് പരമാവധി 15 കെട്ടുകൾ മാത്രമായി. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ഒറ്റ ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടി വരുന്നുണ്ട്.
യൂണിഫോം കോഡ്
കാണിക്ക എണ്ണുന്നതിനിടെ മോഷണം തടയാൻ പോക്കറ്റുകളില്ലാത്ത വസ്ത്രവും ജീവനക്കാർക്ക് പൊലീസ് സ്വഭാവ സർട്ടിഫിക്കറ്റും നിർബന്ധമാക്കി. കാണിക്ക എണ്ണാൻ പ്രത്യേകം റിക്രൂട്ട്മെന്റ് നടത്തി. നേരത്തെ ഹൗസ് കീപ്പിംഗ് ജീവനക്കാരെയും നിയോഗിച്ചിരുന്നു.
ഐ.എ.എസ് തലത്തിൽ അഴിച്ചുപണി
ന്യൂഡൽഹി: അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ ഐ.എ.എസ് തലത്തിൽ വൻ അഴിച്ചു പണി നടത്തി യോഗി ആദിത്യനാഥ് സർക്കാർ. സെക്രട്ടറി, സ്പെഷ്യൽ സെക്രട്ടറി തലങ്ങളിലുള്ള 20 ഐ.എ.എസ് ഉദ്യോഗസ്ഥരെ മാറ്റുകയും നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല നൽകുകയും ചെയ്തു. അസംഗഢ്, ബല്ലിയ, ഇറ്റാവ എന്നിവിടങ്ങളിലെ ചീഫ് ഡെവലപ്മെന്റ് ഓഫീസർമാരുടെ (സി.ഡി.ഒ) തസ്തികകളിലും മാറ്റം വരുത്തി. പ്രൊവിൻഷ്യൽ സിവിൽ സർവീസസ് (പി.സി.എസ്) കേഡറിൽ നിന്ന് അടുത്തിടെ ഐ.എ.എസിൽ ചേർന്ന നിരവധി ഉദ്യോഗസ്ഥർക്കും പുതിയ നിയമനം നൽകി. റവന്യൂ സെക്രട്ടറിയായിരുന്ന സുധാ വർമ്മയെ ലേബർ കമ്മിഷണറായും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ജനറലും മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറിയുമായിരുന്ന ഡോ. സരിക മോഹനെ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലുമാക്കി. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ആയിരുന്ന നേഹ ശർമ്മയാണ് മെഡിക്കൽ മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി. സംസ്ഥാന ലൈവ്ലിഹുഡ് മിഷൻ മിഷൻ ഡയറക്ടർ ആയിരുന്ന ദീപ രഞ്ജനെ സാംസ്കാരിക വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയാക്കി. സാംസ്കാരിക സ്പെഷ്യൽ സെക്രട്ടറി സഞ്ജയ് കുമാറിനെ സാംസ്കാരിക ഡയറക്ടറാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |