SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.58 AM IST

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിടാൻ വരുന്നു, കസാക്

READ ENGLISH VERSION
edu

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ റാങ്കിംഗ് നൽകാൻ 'കസാക്" (സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവപരിഗണനയിൽ. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്താനും ദേശീയ-അന്തർദേശീയ മാനദണ്ഡങ്ങൾ കൈവരിക്കാനുമാണിത്. നാഷണൽ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) മാതൃകയിലായിരിക്കും 'കസാക്". നിലവിൽ ‌‌'സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നെങ്കിലും ഫലപ്രദമല്ല. 8വർഷത്തിനിടെ മൂന്ന് സ്ഥാപനങ്ങളെയേ വിലയിരുത്താനായുള്ളൂ.

ദേശീയ ഏജൻസിയായ നാകിന് മാത്രമായി മൂല്യനിർണയം വേഗത്തിൽ പൂർത്തിയാക്കാനാവുന്നില്ല. 'വികസിത് ഭാരത് ശിക്ഷ" പരിഷ്കാരത്തിന്റെ ഭാഗമായി വികേന്ദ്രീകൃതമായ അക്രഡിറ്റേഷൻ ഏജൻസികൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. യു.ജി.സി റഗുലേഷനിലും സംസ്ഥാനതലത്തിൽ ഒന്നിലേറെ അക്രഡിറ്റേഷൻ ഏജൻസികൾക്ക് നിർദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ എക്സിക്യൂട്ടീവ് മുൻഅംഗവും കേരള, സംസ്കൃത സർവകലാശാലകളിൽ സിൻഡിക്കേറ്റംഗവുമായിരുന്ന ഡോ. ആർ. ജയപ്രകാശ് തയ്യാറാക്കിയ 'കസാക്" പദ്ധതിരേഖയാണ് സർക്കാർ പരിഗണിക്കുന്നത്.

സംസ്ഥാനത്തെ കോളേജുകളുടെ 29ശതമാനവും സർവകലാശാലകളുടെ 50 ശതമാനവും മാത്രമാണ് ഔദ്യോഗികമായി അക്രഡിറ്റേഷൻ നേടിയിട്ടുള്ളത്. 'കസാക്" വരുന്നതോടെ എല്ലാസ്ഥാപനങ്ങൾക്കും അക്രഡിറ്റേഷനാവുമെന്നാണ് പ്രതീക്ഷ. ദേശീയ മാനദണ്ഡങ്ങൾക്കനുസരിച്ച് ഗുണനിലവാരം മെച്ചപ്പെടുത്താൻ നിരന്തരസഹായം നൽകും. അദ്ധ്യാപകർക്ക് കാലാനുസൃതമായ വിദഗ്ദ്ധപരിശീലനം നൽകും. ഇതിനെല്ലാം ഫീസീടാക്കാമെന്നതിനാൽ സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാവില്ല. അന്താരാഷ്ട്ര ഗുണനിലവാര ഏജൻസികളുമായി ചേർന്നായിരിക്കും പ്രവർത്തനം.

ബാഹ്യ ഇടപെടൽ ഉണ്ടാവില്ല

1. പൂർണസ്വയം ഭരണാധികാരമുള്ളതും ബാഹ്യ ഇടപെടൽ അനുവദിക്കാത്തതുമായിരിക്കും 'കസാക്". അക്കാഡമികവും ഭരണപരവും സാമ്പത്തികവുമായ പൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.‌

2. മൂല്യനിർണയം, അക്രഡിറ്റേഷൻ, ക്വാളിറ്റി ഓഡിറ്റുകൾ, നിരന്തരമായ മെന്ററിംഗ്, കൃത്യമായ ഡാറ്റാ നിരീക്ഷണം എന്നിവ കസാകിന്റെ ചുമതലകളിൽ ഉൾപ്പെടും.

''ഉന്നതവിദ്യാഭ്യാസ രംഗത്ത് 'കസാക്' കേരളത്തെ രാജ്യത്തിന്റെ മുൻനിരയിലെത്തിക്കും. മറ്റ് സംസ്ഥാനങ്ങൾക്ക് പിന്തുടരാവുന്ന മികച്ച മാതൃകയായും മാറും

-ഡോ. ആർ. ജയപ്രകാശ്‌,

മുൻ എക്സിക്യൂട്ടീവ് കൗൺസിലംഗം,

ഉന്നതവിദ്യാഭ്യാസ കൗൺസിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA