SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.34 PM IST

ഇങ്ങനെ സൺസ്‌ക്രീൻ ഉപയോഗിച്ചിട്ട് കാര്യമില്ല; ശരിയായ രീതി അറിഞ്ഞാൽ സൂര്യതാപം ഏൽക്കാതെ രക്ഷപ്പെടാം

sunscreen

സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ (UV Radiation) ത്വക്കിനെ സാരമായി ബാധിക്കാറുണ്ട്. തൊലിയില്‍ ചുളിവുകള്‍, പൊള്ളലുകള്‍, തൊലിപ്പുറത്ത് കാന്‍സര്‍ എന്നിവ ഉണ്ടാകാന്‍ ഇത് കാരണമാകുന്നു. ഇതിൽ നിന്നെല്ലാം ചർമത്തെ ഒരുപരിധി വരെ സംരക്ഷിക്കാൻ സൺസ്‌ക്രീനിനാകും.

സണ്‍സ്‌ക്രീനിന്റെ ഘടകങ്ങളെ രണ്ടായി തരം തിരിക്കാം

1. ആദ്യത്തേത്

· ഫിസിക്കല്‍ (സൂര്യരശ്മിയെ പ്രതിഫലിപ്പിക്കുന്നു)
· കെമിക്കല്‍ (സൂര്യ രശ്മിയെ ആഗീരണം ചെയ്ത് അതിനെ ചൂടായി പുറത്തു വിടുന്നു)

2. രണ്ടാമത്തേത്

· ചര്‍മ്മത്തിന് ഉണ്ടായേക്കാവുന്ന കേടുപാടുകള്‍ തടുക്കുന്നവ.

· ആന്റിഓക്‌സിഡന്റ്സ്, ഓസ്മോലൈറ്റ്‌സ്, ഡിഎന്‍എ റിപ്പയര്‍ എന്‍സൈമ്‌സ്

· വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, Taurine, Ectoine.

ഫിസിക്കല്‍ സണ്‍സ്‌ക്രീന്‍ അള്‍ട്രാവയലറ്റ് റേഡിയേഷനെ പ്രതിഫലിപ്പിച്ച് ത്വക്കിനെ സംരക്ഷിക്കുന്നു. കെമിക്കല്‍ സണ്‍സ്‌ക്രീന്‍ അള്‍ട്രാവയലറ്റ് റേഡിയേഷനെ ആഗീരണം ചെയ്ത് ത്വക്കിന് ദോഷം വരാതെ കാക്കുന്നു. കൃത്യമായി സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ മാത്രമേ അതിന്റെ ഗുണം ലഭിക്കുകയുള്ളൂ. ഫിസിക്കല്‍ സണ്‍സ്‌ക്രീന്‍ തൊലിയുടെ മുകളില്‍ ഒരു പാളി പോലെ ഇടേണ്ടതാണ്. അതുകൊണ്ട് തന്നെ അത് തേച്ചുപിടിപ്പിക്കാന്‍ പാടില്ല. എന്നാല്‍ കെമിക്കല്‍ സണ്‍സ്‌ക്രീന്‍ തൊലിയില്‍ നന്നായി തേച്ചു പിടിപ്പിക്കണം.

ഇന്ന് മാര്‍ക്കറ്റില്‍ കാണുന്ന സണ്‍സ്‌ക്രീന്‍ ബ്രോഡ് സ്‌പെക്ട്രം ആണ്. എന്നുവച്ചാല്‍ അതില്‍ കെമിക്കല്‍ & ഫിസിക്കല്‍ സണ്‍സ്‌ക്രീന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവ ഉപയോഗിക്കുമ്പോള്‍ രണ്ട് കോട്ട് ആയി ഉപയോഗിക്കുക. ആദ്യം തൊലിയില്‍ തേച്ച് പിടിപ്പിച്ച ശേഷം ഒന്നൂടെ ഒരു പാട പോലെ തേയ്ക്കുക.

വിയര്‍ക്കുകയോ, വെള്ളം നനയുകയോ ചെയ്താല്‍ വീണ്ടും പുരട്ടണം. 6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് സണ്‍സ്‌ക്രീന്‍ പുരട്ടരുത്. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫിസിക്കല്‍ സണ്‍സ്‌ക്രീന്‍ ആണ് നല്ലത്. അത് പുറത്ത് കളിക്കാന്‍ പോകുന്നതിനു മുമ്പ് പുരട്ടിയാല്‍ മതി. വിയര്‍ക്കുകയാണെങ്കില്‍ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ വീണ്ടും പുരട്ടുകയും വേണം.

കൗമാരക്കാരില്‍ non-comedogenic (മുഖക്കുരു ഉണ്ടാക്കാത്ത ഘടകങ്ങള്‍) ഉള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുക. സണ്‍സ്‌ക്രീന്‍ പുരട്ടിയാലും കരുവാളിപ്പ് വരാം. പ്രത്യേകിച്ച് കൗമാരക്കാരില്‍ ഹോര്‍മോണ്‍ വ്യതിയാനം കൊണ്ട് തന്നെ കരുവാളിപ്പ് ഉണ്ടാകുന്ന സമയം കൂടിയാണ്. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതിനോടൊപ്പം മറ്റു സണ്‍ പ്രൊട്ടക്ഷന്‍ കൂടെ സ്വീകരിക്കേണ്ടതാണ്.

മദ്ധ്യവയസ്‌കര്‍ക്ക് അവരുടെ തൊലിക്ക് അനുയോജ്യമായ സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കാം. എസ്പിഎഫ് 15 മുതല്‍ 100 വരെ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഉണ്ട്. നമ്മുടെ ജോലി, വിയര്‍പ്പ്, ചര്‍മ്മാവസ്ഥ (വരണ്ട / എണ്ണമയമുള്ള) എന്നിവയ്ക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കുക. പ്രായം കൂടുന്നതിനനുസരിച്ച് തൊലി വളരാനുള്ള സാദ്ധ്യത ഏറുന്നതിനാല്‍ മൃദുത്വം കൊടുക്കുന്ന സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുക. കമ്പ്യൂട്ടര്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍ ബ്ലൂ ലൈറ്റ് ഫില്‍റ്റര്‍ അടങ്ങിയ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. Sensitive skin / പെട്ടെന്ന് പ്രതികരിക്കുന്ന ചര്‍മ്മം ഉള്ളവര്‍ ഫിസിക്കല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.


സൂര്യപ്രകാശത്തില്‍ നിന്നും രക്ഷനേടാനുള്ള മറ്റു മാര്‍ഗങ്ങള്‍

1. വസ്ത്രധാരണം
അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങളാണ് ചൂടുകാലത്ത് നല്ലത്. പക്ഷേ വളരെ നേര്‍ത്ത തുണി ആയാല്‍ അതുവഴി സൂര്യതാപം ഏല്‍ക്കാം. പരമാവധി ശരീരഭാഗങ്ങളും മറഞ്ഞു കിടക്കുന്ന വേഷമാണ് ധരിക്കേണ്ടത്. കറുത്ത നിറം ചൂട് ആഗീരണം ചെയ്യുന്നതിനാല്‍ ഇളം നിറങ്ങള്‍ ഉപയോഗിക്കുക.

2. കുട, തൊപ്പി, കറുത്ത കണ്ണാടി
10നും - മൂന്നിനും ഇടയില്‍ പുറത്ത് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. പോകേണ്ടി വന്നാല്‍ കുട, തൊപ്പി, കറുത്ത കണ്ണാടി എന്നിവ ഉപയോഗിക്കാം. കാറില്‍ സഞ്ചരിക്കുന്നവര്‍ നിയമാനുസൃതമായി കറുത്ത ഫിലിം ഒട്ടിക്കാനോ, താല്‍ക്കാലികമായ കര്‍ട്ടന്‍ / ഷെയ്ഡ് ഉപയോഗിക്കാനോ ശ്രമിക്കുക. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചിലോ, നിറവ്യത്യാസമോ കണ്ടാല്‍ ഡെര്‍മറ്റോളജിസ്റ്റിനെ കാണിക്കുക.

സൂര്യതാപം ഏറ്റവര്‍ 10നും മൂന്നിനും ഇടയ്ക്ക് പുറത്തുള്ള ജോലികളും ചെയ്യരുത്. അടുപ്പില്‍ നിന്നോ, മെഷീനില്‍ നിന്നോ വരുന്ന ചൂടും സൂര്യതാപം ഏറ്റ ഭാഗങ്ങളില്‍ ചൊറിച്ചിലും റാഷസും വര്‍ദ്ധിപ്പിക്കാം. ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നതിലൂടെ സൂര്യതാപം ഏല്‍ക്കുന്നതില്‍ നിന്നും രക്ഷതേടാം.


Dr. Shalini V R
Consultant Dermatologits and Cosmetologist
SUT Hospital, Pattom

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEALTH, LIFESTYLE HEALTH, SUNSCREEN, UV PROTECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY