SignIn
Kerala Kaumudi Online
Monday, 22 June 2026 3.53 PM IST

'ആരോഗ്യവകുപ്പ് നേരിടുന്ന പ്രശ്‌നം പത്തുവർഷത്തെ  റീൽസും  അഞ്ചുവർഷത്തെ  വീണമീട്ടലും,​ സഹകരിക്കാത്തവർ കസേരയിലിരിക്കില്ല'

k-muraleedharan

തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചുവരുന്ന പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ. മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്. ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥതയാണെന്ന് റിയാസ് ആരോപിച്ചു. പത്തുവർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നമെന്നായിരുന്നു മുരളീധരന്റെ മറുപടി.

പകർച്ചവ്യാധി വരുന്നത് ഏതെങ്കിലുമൊരു മുന്നണി ഭരിക്കുന്നത് കൊണ്ടാണെന്ന ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്‌ചപ്പാടല്ല തങ്ങൾക്കെന്ന് റിയാസ് പറഞ്ഞു. ആരോഗ്യമേഖലയിലെ കേരള മോഡൽ ലോകമാകെ അംഗീകരിച്ച ഒന്നാണ്. എന്നാലത് കൈവിടുന്നുവെന്നാണ് ഈ 35 ദിവസത്തെ യുഡ‌ിഎഫ് സർക്കാരിന്റെ ഇടപെടലിൽ നിന്ന് മനസിലാകുന്നത്. ആരോഗ്യവകുപ്പിന് മറ്റ് വകുപ്പുകളുമായി ഏകോപനമില്ല. ചികിത്സാപ്പിഴവുകളുടെയും അനാസ്ഥയുടെയും പരമ്പരയാണ്. 101 നേക്കാൾ വലുതാണ് 35 എന്ന് നിയമസഭയിൽ തെളിയിക്കാൻ പോകുന്ന നാളുകളാണ് വരാൻ പോകുന്നതെന്നും റിയാസ് പറഞ്ഞു.

പറയുന്നയത്ര ഭീകരാന്തരീക്ഷം കേരളത്തിലും ആരോഗ്യവകുപ്പിലും ഇല്ലെന്നായിരുന്നു കെ. മുരളീധരൻ റിയാസിന് മറുപടി നൽകിയത്. ആരോഗ്യവകുപ്പ് നേരിടുന്ന ഏക പ്രശ്നം കഴിഞ്ഞ പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലുമായിരുന്നു. ഈ സ‌ർക്കാർ അധികാരത്തിലെത്തിയതിനുശേഷം എന്തെങ്കിലും കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സിസ്റ്റത്തോട് സഹകരിക്കാത്ത ഉഗ്യോഗസ്ഥർ കസേരയിൽ ഇരിക്കില്ല. ചില ഉദ്യോഗസ്ഥർ ഭരണം മാറിയതറിയാതെ ചിലരോട് കൂറ് കാണിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയപ്പോൾ കസേര മാറ്റിയിരുത്തി. അത് ഭാവിയിലുമുണ്ടാകുമെന്ന് കെ.മുരളീധരൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN, MUHAMMAD RIYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA