കൊല്ലം: ഓണം പടിവാതിൽക്കലെത്തിയതോടെ ജില്ലയിൽ നേന്ത്രക്കായയുടെയും മറ്റ് പഴവർഗങ്ങളുടെയും വില കുതിച്ചുയർന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കാർഡ് വിലവർദ്ധനവാണ് നേന്ത്രക്കായയ്ക്ക്. പൊതുവിപണിയിൽ കിലോഗ്രാമിന് വില 80 രൂപ കടന്നു. ഹോൾസെയിൽ വിപണികളിൽ കിലോയ്ക്ക് 57 മുതൽ 60 രൂപ വരെയും, റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ 75 മുതൽ 78 രൂപ വരെയുമാണ് വില.
കർഷകർക്ക് കിലോഗ്രാമിന് 70 രൂപ മുതൽ ലഭിക്കുന്നുണ്ട്. ഒരുമാസം മുമ്പ് 45 രൂപ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വർദ്ധനവ്. 12 വർഷത്തിന് ശേഷമാണ് സീസണിൽ നേന്ത്രക്കായ വില ഇത്രയധികം ഉയരുന്നത്.
ശർക്കരവരട്ടിയും ചിപ്സും ഓണസദ്യയ്ക്ക് ഒഴിവാക്കാനാവാത്ത വിഭവങ്ങളായതിനാൽ നേന്ത്രക്കായയ്ക്ക് വിപണിയിൽ വൻ ഡിമാൻഡാണ്. ഇത് കർഷകർക്ക് ആശ്വാസമാണെങ്കിലും, വിലക്കയറ്റം സാധാരണക്കാരെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
ഞാലിപ്പൂവൻ ഉൾപ്പടെയുള്ള ചെറുപഴങ്ങൾക്കും വില ഉയർന്നുനിൽക്കുകയാണ്. ഞാലിപ്പൂവന് കിലോഗ്രാമിന് 80 രൂപയ്ക്ക് മുകളിലാണ് വില. മുൻവർഷത്തെ അപേക്ഷിച്ച് ഇവയുടെ ഉത്പാദനത്തിൽ 40 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഉത്പാദനക്കുറവും പ്രതികൂല കാലാവസ്ഥയും കാരണം പൂവൻപഴം ഉൾപ്പടെയുള്ള മറ്റ് പഴവർഗങ്ങൾക്കും ഉയർന്ന വിലയാണുള്ളത്.
ഉത്പാദനം കുറഞ്ഞു
പ്രതികൂല കാലാവസ്ഥ കാരണം ഉത്പാദനം ഗണ്യമായി കുറഞ്ഞു
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് നേന്ത്രക്കുലകളുടെ വരവ് കുറഞ്ഞു
സീസണുകളിൽ വില ലഭിക്കാതിരുന്നതിനാൽ കർഷകർ വാഴക്കൃഷി ഉപേക്ഷിച്ചു
കനത്ത മഴയിൽ കൃഷി നശിച്ചതും പ്രതിസന്ധി
വന്യമൃഗ ശല്യത്താൽ വ്യാപക കൃഷിനാശം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |