SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.42 AM IST

വടം പൊട്ടി മത്സ്യബന്ധന ബോട്ട് തീരത്തേക്ക് ഇടിച്ചുകയറി

 13 തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

കൊല്ലം: തകരാറിലായതിനെ തുടർന്ന് കെട്ടിവലിച്ച് കൊണ്ടുവന്ന മത്സ്യബന്ധന ബോട്ടിലെ വടം പൊട്ടി നിയന്ത്രണംവിട്ട് തീരത്തേക്ക് ഇടിച്ചുകയറി. നീണ്ടകര പുത്തൻതുറ സ്വദേശി ജഗേഷിന്റെ ഉടമസ്ഥതയിലുള്ള കൈരളി ബോട്ടാണ് ശക്തികുളങ്ങര ജോൺ ഡി ബ്രിട്ടോ പള്ളിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ 1.30ഓടെ അപകടത്തിൽപ്പെട്ടത്.

സ്രാങ്ക് വെള്ളിമൺ സ്വദേശി മണികണ്ഠൻ ഉൾപ്പെടെ 13 മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു. ബോട്ട് മണ്ണിൽ പുതഞ്ഞ് ചരിഞ്ഞ നിലയിലാണ്. ശനിയാഴ്ച പുലർച്ചെ 3 ഓടെയാണ് ശക്തികുളങ്ങര ഹാർബറിൽ കൈരളി ബോട്ട് മത്സ്യബന്ധനത്തിന് പോയത്. വൈകിട്ട് 3ന് അഞ്ചുതെങ്ങിന് സമീപത്തുവച്ച് ബോട്ട് തകരാറിലായി. ഉടമയെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ വിഴിഞ്ഞം കോസ്റ്റ് ഗാർഡിനെ വിവരം അറിയിച്ചു. കോസ്റ്റ് ഗാർഡ് പരിശോധനയിൽ ഗിയറിന് തകരാർ കണ്ടെത്തി. കടലിൽവച്ച് തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ ബോട്ട് കെട്ടിവലിച്ച് മാറ്റാൻ നിർദേശിച്ചു.

വിവരമറിഞ്ഞ ബോട്ടുടമ പിന്നീട് മന്ത്രി ഷിബു ബേബി ജോണുമായി ബന്ധപ്പെട്ടു. തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് സംഘം ഞായറാഴ്ച വൈകിട്ടോടെ അഞ്ചുതെങ്ങിലെത്തി ബോട്ട് കെട്ടിവലിച്ച് ശക്തികുളങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്നു. ഹാർബറിന് സമീപമെത്തിയപ്പോൾ ശക്തമായ കാറ്റിലും തിരമാലയിലും മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ദിശമാറി. പെട്ടെന്ന് ദിശ തിരിക്കുന്നതിനിടെ കൈരളി ബോട്ടുമായി ബന്ധിച്ചിരുന്ന വടം പൊട്ടുകയായിരുന്നു. തിരയിൽപ്പെട്ട് നിയന്ത്രണംവിട്ട കൈരളി ബോട്ട് തീരത്തേക്ക് ഇടിച്ചുകയറി. ബോട്ടിന്റെ ഒരുഭാഗം ചരിഞ്ഞതോടെ മണ്ണും വെള്ളവും അകത്തുകയറി. അപകടസമയത്ത് ഉറങ്ങുകയായിരുന്ന തൊഴിലാളികൾ വലിയ ശബ്ദം കേട്ടാണ് ഉണർന്നത്. തുടർന്ന് ബോട്ടിൽനിന്ന് ചാടി കരയിലേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു. അടുത്തിടെ 9 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയാണ് കൈരളി ബോട്ട് വീണ്ടും കടലിലിറക്കിയത്.

മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് കെട്ടിവലിച്ച് കൊണ്ടുവരുന്നതിനിടെ പലതവണ വടം പൊട്ടി. അപകടത്തിൽ ആർക്കും പരിക്കേൽക്കാതിരുന്നത് ആശ്വാസമായി.

മണികണ്ഠൻ, സ്രാങ്ക്

മറൈൻ എൻഫോഴ്സ്മെന്റ് സംഘം എത്താൻ വൈകി. ശക്തമായ തിരമാലയുള്ളതിനാൽ ബോട്ട് അടിയന്തരമായി മാറ്റിയില്ലെങ്കിൽ പൂർണമായി തകരാൻ സാദ്ധ്യതയുണ്ട്.

ജഗേഷ്, ബോട്ടുടമ

ബോട്ട് സുരക്ഷിതമായി മാറ്റാൻ വിദഗ്ദ്ധനെ രാവിലെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ബോട്ട് വലിച്ചെടുക്കാൻ ശ്രമിച്ചാൽ ബോട്ട് തകരുമെന്നുമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ബോട്ട് സുരക്ഷിതമായി മാറ്റാനുള്ള നടപടികൾ ഇന്ന് സ്വീകരിക്കും.

മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL