കൊല്ലം: ഉത്രാടപ്പാച്ചിലിന്റെ ആരവങ്ങളിലേക്ക് കൊല്ലം നഗരം പൂർണമായും ഉണർന്നുകഴിഞ്ഞു. തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി നാടും നഗരവും ഒരുപോലെ തിരക്കിലാണ്. കുടുംബങ്ങൾ കൂട്ടത്തോടെ വിപണിയിലേക്കെത്തിയത് വ്യാപാര മേഖലയ്ക്ക് വലിയ ഉണർവാണ് നൽകിയിരിക്കുന്നത്.
കൊല്ലം നഗരത്തിന് പുറമെ കൊട്ടാരക്കര, കരുനാപ്പള്ളി, കുണ്ടറ, ആയൂർ തുടങ്ങി ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സപ്ലൈകോ, ഹോർട്ടികോർപ്പ് ഓണം ഫെയറുകൾ, കുടുംബശ്രീ ഓണച്ചന്തകൾ, നാട്ടുചന്തകൾ എന്നിവടങ്ങളിൽ അവശ്യസാധനങ്ങൾ വാങ്ങാൻ ആളുകളുടെ വൻ നിരയാണുള്ളത്.
റേഷൻ കടകൾ വഴിയുള്ള ഓണക്കിറ്റുകൾ കൈപ്പറ്റുന്നതിനൊപ്പം ഗൃഹോപകരണങ്ങളും പുത്തൻ വസ്ത്രങ്ങളും സ്വന്തമാക്കാൻ തുണിക്കടകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളെയും കൂട്ടി എത്തുന്ന കുടുംബങ്ങൾക്കായി വിപണിയിൽ വൈവിദ്ധ്യമാർന്ന ഓഫറുകളും ട്രെൻഡി വസ്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വഴിയോര കച്ചവടവും സജീവമായിട്ടുണ്ട്. എന്നാൽ ആഘോഷങ്ങൾക്കിടയിലും വിപണിയിലെ വിലക്കയറ്റം സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. അരി, വെളിച്ചെണ്ണ, പച്ചക്കറി എന്നിവയ്‌ക്കൊപ്പം ശർക്കരവരട്ടി, ഉപ്പേരി, നേന്ത്രക്കായ എന്നിവയുടെ വിലയും കുതിച്ചുയർന്നു. എങ്കിലും തിരക്കിന് യാതൊരു കുറവുമില്ല. വ്യാപാരികൾ ഒരുക്കിയ പ്രത്യേക ഓഫറുകളും കച്ചവടത്തിന് കൂടുതൽ കരുത്തുപകർന്നിട്ടുണ്ട്.
ഗതാഗതക്കുരുക്ക് രൂക്ഷം
നഗരങ്ങളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയും രൂക്ഷമായ ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്. ന്യൂനമർദത്തിന്റെ ഭാഗമായി ഇടയ്ക്കിടെ പെയ്യുന്ന മഴയും അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഈ തടസങ്ങളൊന്നും ഓണ ഒരുക്കത്തിന് യാതൊരു കോട്ടവും സൃഷ്ടിച്ചിട്ടില്ല. എല്ലാവരും ഓണത്തെ വരവേൽക്കാനുള്ള ഓട്ടത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |