
പാലക്കാട്: തിരുവോണം പൊടിപൊടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഉത്രാടപാച്ചിലിലാണ് മലയാളികൾ. ഇടയ്ക്കിടെ എത്തുന്ന മഴ ഓണവിപണിയെ ബാധിക്കുന്നുണ്ടെങ്കിലും കള്ളവും ചതിയുമില്ലാത്ത സമത്വനാളുകളുടെ ഓർമ്മപ്പെടുത്തലുകളുമായി എത്തുന്ന മാവേലി തമ്പുരാനെ വരവേൽക്കാനുള്ള തിരക്കിലാണ് മലയാളികൾ.
ഓണസദ്യവട്ടങ്ങൾക്കു വിഭവങ്ങളൊരുക്കാനും ഓക്കോടിയെടുക്കാനും പൂവിപണിയിലുമെല്ലാമായി ഇന്നു നെട്ടോട്ടമാണ്. മഹാബലി തമ്പുരാനു വരവേൽപ്പുമായി ഓണത്തപ്പനെ പ്രതിഷ്ഠിച്ചു നാളെ മലയാളി സമൃദ്ധിയുടെ ഓണമുണ്ണും. ഓണദിനങ്ങൾ ഇത്തവണ വിപണിക്കു വലിയ തോതിൽ ഉണർവേകിയിട്ടുണ്ട്. കൃഷിവകുപ്പും സപ്ലൈകോയും കുടുംബശ്രീയും വിവിധ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഓണച്ചന്തകളും വിപണികളും വിപണന കേന്ദ്രങ്ങളുമൊരുക്കി ഓണസമൃദ്ധിക്കു കരുതലുണ്ട്.
അത്തം മുതലേ നാടുംനഗരവും ഓണത്തിരക്കിലമർന്നതാണ്. നഗരത്തിലെ തിരക്കേറിയ റോഡുകളിലെ വ്യാപാരസ്ഥാനങ്ങളിലെല്ലാം ദിവസങ്ങൾക്കു മുമ്പേ തിരക്കു തുടങ്ങി. മിക്ക റോഡുകളിലും ഓണവിപണി മൂലം രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രധാന വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ വഴിയോരങ്ങളിലും ഷോപ്പിംഗ് മാളുകൾ സൂപ്പർഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും കച്ചവട സുരക്ഷയുടെ ഭാഗമായി പൊലീസിന്റെ സേവനമുണ്ട്.
വിപണി സജീവം
പൂമാർക്കറ്റിനു പുറമെ വഴിയോരങ്ങളിലും പൂവിപണി സജീവമാണ്. ടെക്സ്റ്റൈൽസ്, ഫാൻസി, ഫുട്‌വെയർ, സ്റ്റേഷനറി, ഇലക്‌ട്രോണിക്സ്, ജ്വല്ലറി, ഷോപ്പിംഗ് മാൾ എന്നിവിടങ്ങളിലെല്ലാം രാത്രി വൈകിയും തിരക്കാണ്. പുതിയതായി പ്രവർത്തനമാരംഭിച്ച വൻകിട വ്യാപാര സ്ഥാപനങ്ങൾ ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും ചന്തകളെയും ബാധിച്ചിട്ടുണ്ട്. സപ്ലൈകോ ഓണം ഫെയർ, കൺസ്യൂമർ ഫെഡ് ഓണച്ചന്ത, കുടുംബശ്രീ ഓണച്ചന്ത എന്നിവിടങ്ങളിലും തിരക്കുണ്ട്.
പാലക്കാട് ഗതാഗതക്കുരുക്ക് രൂക്ഷം
ഒലവക്കോട് ജംഗ്ഷൻ, സുൽത്താൻപേട്ട, സ്റ്റേഡിയം, ടൗൺ ബസ് സ്റ്റാൻഡ്, ടി.ബി റോഡ്, ബി.ഒ.സി റോഡ്, മിഷ്യൻ സ്‌കൂൾ, ശകുന്തള ജംഗ്ഷൻ എന്നീവിടങ്ങളിലൊക്കെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം സദ്യയും പായസമേളയുമായി പ്രമുഖ ഹോട്ടൽ കാറ്ററിംഗ് ഗ്രൂപ്പുകാരും രംഗത്തുണ്ട്. ഓണവിപണിയിൽ പരസ്യം നൽകി വൻകിട കമ്പനികൾക്കൊപ്പം ഓൺലൈനിലും കച്ചവടം പൊടിപൊടിക്കുമ്പോൾ നഗരങ്ങളിൽ പർച്ചേയ്സിനെത്തുന്നവരുടെ എണ്ണത്തിലും കുറവില്ലാത്ത സ്ഥിതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |