
മുടപുരം: കാലിത്തീറ്റയുടെ വിലവർദ്ധനവ് ക്ഷീരകർഷകരുടെ നടുവൊടിക്കുന്നു.വരവും ചെലവും പൊരുത്തപ്പെടാത്തതിനാൽ കാലി വളർത്തൽ നഷ്ടക്കച്ചവടമായ അവസ്ഥയിലാണ് കർഷകർ. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ പരുത്തിപ്പിണ്ണാക്കിന് ഒരു ചാക്കിന് 2750രൂപയാണ് ഉയർന്നത്.മറ്റുള്ളവയ്ക്കും ഇതുപോലെ വില വർദ്ധിച്ചതാണ് കർഷകർക്ക് തിരിച്ചടിയായത്.പച്ചപ്പുല്ല് കിട്ടാത്തതാണ് മറ്റൊരു പ്രതിസന്ധി.ത്രിതല പഞ്ചായത്തുകൾ ക്ഷീര സംഘങ്ങൾ വഴി പാൽ നൽകുന്ന കർഷകർക്ക് ഒരു ലിറ്റർ പാലിന് 3 രൂപയാണ് സബ്സിഡിയായി നൽകുന്നത്.15 വർഷം മുൻപാണ് 3 രൂപ നിശ്ചയിച്ചത്.എന്നാൽ അത് 15 രൂപയായി ഉയർത്തണമെന്നുള്ള കർഷകരുടെ ആവശ്യവും ഇതുവരെ നടപ്പിലായിട്ടില്ല.മിൽമ മൂന്ന് മാസമായി കർഷകർക്ക് ഇൻസെന്റീവ് നൽകിയിട്ടില്ല. അത് ഉടൻ നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
നടപടി വേണം
ഒരുദിവസം 15 ലിറ്റർ പാൽ ലഭിക്കുന്ന പശുവിന് ഒരുദിവസം പുല്ലും വയ്ക്കോലും തീറ്റയും എല്ലാം ചേർത്ത് 500 രൂപ ചെലവാകും. എന്നാൽ പാൽവിലയായി ലഭിക്കുന്നത് 600 രൂപ മാത്രമാണ്.തമിഴ്നാട്,കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന പിണ്ണാക്ക്,പെല്ലറ്റ് തുടങ്ങിയവ ഉയർന്ന വിലയ്ക്ക് കേരളത്തിൽ വില്പന നടത്തുമ്പോൾ വില വർദ്ധനവ് തടയാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നാണ് കർഷകർ പറയുന്നത്.
പരുത്തിപ്പിണ്ണാക്ക് - 52 രൂപ (ഒരു കിലോ)
തവിട് - 45 (ഒരു കിലോ )
പെല്ലെറ്റ് - 1380 രൂപ (ഒരു ചാക്കിന്)
വയ്ക്കോൽ - 350 (ഒരുബണ്ട്)
കാലിത്തീറ്റ വില വർദ്ധനവ് തടയാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. മിൽക്ക് ഇൻസെന്റീവ് വർദ്ധിപ്പിച്ച് ഉടൻ കർഷകർക്ക് വിതരണം ചെയ്യണം
പി.ആർ.പ്രശാന്തൻ,മുൻ പ്രസിഡന്റ്
പെരുങ്ങുഴി ക്ഷീര വ്യവസായ സഹകരണ സംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |