
ചിറയിൻകീഴ്: 29കരകളിൽ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട ഉരുൾ ഘോഷയാത്രകൾ ഇന്ന് പുലർച്ചെ 3ഓടെ ശാർക്കര പറമ്പിലെത്തി ഉരുൾ സന്ധിപ്പ് നടത്തി. ഉരുൾ ഘോഷയാത്രയ്ക്ക് മുന്നോടിയായി ഇന്നലെ വൈകിട്ട് 4ന് വിവിധ കരക്കാരുടെ ഉരുൾ വഴിപാടിൽ സംബന്ധിക്കുന്ന നാദസ്വര-വാദ്യമേളങ്ങളുടെ സേവ ആനക്കൊട്ടിലിലും സേവാപന്തലിലും നടന്നു. മീന ഭരണി മഹോത്സവത്തിന് സമാപനമൊരുക്കി ക്ഷേത്ര സന്നിധിയിലെ പ്രധാന ചടങ്ങായ ഗരുഡൻ തൂക്ക നേർച്ച ഇന്ന് നടക്കും. കഴിഞ്ഞ ഒരാഴ്ചയായി കഠിനവ്രതാനുഷ്ഠാനങ്ങളോടെ കഴിഞ്ഞുവന്നിരുന്ന 201 നേർച്ചക്കാരാണ് തൂക്കവില്ലേറുന്നത്. ഇന്ന് പുലർച്ചയോടെ ദേവീസന്നിധിയിലെത്തുന്ന നേർച്ച ഭക്തർ ദേവിയെ ഏഴു വലം ചുറ്റി അനുഗ്രഹം വാങ്ങിയ ശേഷം ക്ഷേത്ര സന്നിധിക്ക് അരകിലോമീറ്ററോളം അകലെയുള്ള ദേവസ്വം വക ഭഗവതി കൊട്ടാരത്തിലേക്ക് ഉടുത്തുകെട്ടലിനും ചുട്ടികുത്തലിനുമായി പുറപ്പെടും. ഉടുത്തുകെട്ടിനായി നിയോഗിക്കപ്പെട്ടിട്ടുള്ള കീഴതിൽ കുടുംബത്തിലെ കാരണവരുടെ അനുഗ്രഹം വാങ്ങി ആദ്യ ചടങ്ങായ ചുട്ടികുത്തലിന് തുടക്കമിടും. തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ് ഒറ്റ തോർത്ത് ചൂടിയാണ് നേർച്ച തൂക്കത്തിൽ തൂക്കക്കാർ പങ്കെടുക്കുന്നത്. നേർച്ചതൂക്കക്കാർ ക്ഷേത്ര സന്നിധിയിലെത്തി ദേവിയെ സ്തുതിച്ച ശേഷമാണ് വില്ലിന്മേൽ കയറുന്നത്. രാവിലെ 8.30നാണ് ഗരുഡൻതൂക്കം ആരംഭിക്കുന്നത്. തൂക്കവഴിപാടുകൾ വൈകിട്ടോടെ സമാപിക്കും.
ക്ഷേത്രത്തിൽ ഇന്ന്
വെളുപ്പിന് 3ന് ഉരുൾ സന്ധിപ്പ്, രാവിലെ 7ന് പായസവിതരണം, 8.30ന് ഗരുഡൻതൂക്കം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 3.30ന് ശിങ്കാരിമേളം,രാത്രി 9ന് തിരുആറാട്ടെഴുന്നള്ളത്ത്,സ്പെഷൽ നാദസ്വരം,9.30ന് പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയുടെ മ്യൂസിക് മേനിയ,12ന് തിരു ആറാട്ട് തിരിച്ചെഴുന്നള്ളത്ത്,തൃക്കൊടിയിറക്ക്,വലിയകാണിക്ക,കളമെഴുത്തുംപാട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |