
വെഞ്ഞാറമൂട്: സഞ്ചാരികൾ എത്താതായതോടെ വേനൽച്ചൂടിൽ വാടിത്തളർന്ന് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ. ചൂട് കൂടിയതോടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ രാവിലെ മുതൽ ഉച്ചവരെയെത്തുന്നത് വിരലിലെണ്ണാവുന്നവരാണ്. അതും വൈകുന്നേരങ്ങളിൽ മാത്രം. ചൂട് കൂടിയതോടെ ഹരിതാഭമായ മലമുകളെല്ലാം തീപിടിത്ത ഭീഷണിയിലാണ്. ഏറെ പേരെത്തിയിരുന്ന വെള്ളാണിക്കൽ പാറ,കടലു കാണിപാറ എന്നിവിടങ്ങൾ സഞ്ചാരികൾ മറന്ന മട്ടാണ്. വാമനപുരം നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ കല്ലാർ,മീൻമൂട് എന്നിവിടങ്ങൾ നീർച്ചാലായി മാറി. വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് കുറഞ്ഞതും അത്യുഷ്ണവുമാണ് സഞ്ചാരികളുടെ പിന്മാറ്റത്തിന് പ്രധാന കാരണം. അതേസമയം, ജലലഭ്യതയുള്ള ഇടങ്ങളിൽ ആളുകൾ എത്തുന്നുണ്ട്. മങ്കയം,വെള്ളച്ചാട്ടം,പാലരുവി എന്നിവിടങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ ഉയർച്ചയുണ്ട്.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ:
വർക്കല - വിദേശിയർ ഉൾപ്പെടെ നിരവധി ആളുകളാണ് കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ വർക്കലയിൽ എത്തിയിരുന്നത്. വെയിലിന്റെ കാഠിന്യം കൂടിയതോടെ വൈകുന്നേരങ്ങളിൽ പോലും ആളുകൾ കുറഞ്ഞു. കടലുകാണി പാറ - കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് കടലു കാണിപ്പാറ. ഇവിടെ നിന്നാൽ അറബിക്കടലിനെയും,അതിലൂടെയുള്ള കപ്പലുകളെയും കാണാം.വേനലിൽ തീ പിടിത്തം പതിവായതോടെ ടൂറിസ്റ്റുകളുടെ വരവും ഇല്ലാതായി.
ജഡായു എർത്ത് സെന്റർ - തിരുവനന്തപുരം -കൊല്ലം ജില്ലാതിർത്തിയിൽ സമുദ്ര നിരപ്പിൽ നിന്നും 750 അടി ഉയരത്തിലും 250 അടി നീളത്തിലും 200 അടി വീതിയിലും സാഹസിക വിനോദം,ഹെൽത്ത് ടൂറിസം,പിൽഗ്രിം ടൂറിസവുമൊക്കെയായി സംസ്ഥാനത്ത് ആരംഭിച്ച ആദ്യ ഹെലികോപ്ടർ ടൂറിസം പദ്ധതി. വേനൽ രൂക്ഷമായതോടെ വെക്കേഷൻ കാലത്തും സഞ്ചാരികൾ കുറഞ്ഞു.
പൊൻമുടി,മീൻമുട്ടി,മങ്കയം,അരിപ്പ,ബോണക്കാട്,കല്ലാർ എന്നിവിടങ്ങളിലെയും അവസ്ഥ ഇതു തന്നെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |