SignIn
Kerala Kaumudi Online
Saturday, 18 July 2026 3.48 AM IST

സ്വകാര്യ റോക്കറ്റിലെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്ന്

vikram

തിരുവനന്തപുരം: ഇന്ത്യയിൽ നിർമ്മിച്ച സ്വകാര്യ റോക്കറ്റായ 'വിക്രം 1"ന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്ന്. ഹൈദരബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോ സ്‌പേസ് കമ്പനിയാണ് ഭൂമിയുടെ ഭ്രമണപഥംവരെ ഉപഗ്രഹങ്ങളെ എത്തിക്കാനാകുന്ന 'വിക്രം1" റോക്കറ്റ് നിർമ്മിച്ചത്. രാവിലെ 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം.

വിജയിച്ചാൽ അത് ബഹിരാകാശ മേഖലയിൽ ഐ.എസ്.ആർ.ഒ അല്ലാതെ മറ്റൊരു ഏജൻസിയുടെ റോക്കറ്റിന്റെ ആവിർഭാവമായിരിക്കും. പി.എസ്.എൽ.വി, ജി.എസ്.എൽ.വി, എസ്.എസ്.എൽ.വി തുടങ്ങിയ ഐ.എസ്.ആർ.ഒയുടെ മൂന്ന് വിക്ഷേപണ റോക്കറ്റുകളാണ് ഇന്ത്യയ്ക്ക് നിലവിലുള്ളത്.

'ആഗമൻ" എന്നാണ് വിക്രം 1 ദൗത്യത്തിന്റെ പേര്. ഗ്രാഹ സ്‌പേസ്, കോസ്‌മോ സർവ്, ഡിക്യൂബ്ഡ് തുടങ്ങിയ ചെറിയ ഉപഗ്രഹങ്ങളും സ്‌കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് ഉപഗ്രഹവുമാണ് വിക്രം റോക്കറ്റിൽ വിക്ഷേപിക്കുക.


സ്വകാര്യ റോക്കറ്റിന്റെ ആദ്യ വിക്ഷേപണമായതിനാൽ വലിയ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. വ്യോമ,​ നാവിക,​ ഗതാഗത നിയന്ത്രണ ഏജൻസികൾ വ്യോമാതിർത്തിയും നാവിഗേഷനും സംബന്ധിച്ച മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. റോക്കറ്റ് ബൂസ്റ്ററുകൾ പതിക്കാനിടയുള്ള കടൽ മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിക്ഷേപണ വേളയിൽ റോക്കറ്റിന്റെ സഞ്ചാരപഥത്തിലടക്കം നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചു.

7 നില കെട്ടിടത്തിന്റെ ഉയരം

1.നാലുഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്രം. ഏഴ് നില കെട്ടിടത്തിന്റെ ഉയരം. ആദ്യ മൂന്ന് ഘട്ടങ്ങളും പ്രവർത്തിക്കുക ഖര ഇന്ധനത്തിൽ. നാലാംഘട്ടം ദ്രവ ഇന്ധനത്തിലും

2.ഭാരം കുറഞ്ഞതും കൂടുതൽ ഉറപ്പേറിയതുമായ കാർബൺ കോംപോസിറ്റ് ലോഹങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം

3.നാന്നൂറ്റമ്പത് കിലോഗ്രാം വരെഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയുടെ ഏറ്റവും താഴ്ന്ന ഭ്രമണപഥത്തിൽ എത്തിക്കാനാകും

സ്‌കൈറൂട്ട് എയ്റോ സ്‌പേസ്

ഐ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദന, നാഗ ഭരത് ദാക എന്നിവരാണ് സ്‌കൈറൂട്ട് എയ്റോ സ്‌പേസ് കമ്പനി തുടങ്ങിയത്. ഇന്നത്തെ വിക്ഷേപണം വിജയിച്ചാൽ കുറഞ്ഞ ചെലവിൽ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടത്തിക്കൊടുക്കുന്ന സ്ഥാപനമായി സ്കൈറൂട്ട് പ്രവർത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROCKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360