
കൊറിയ കറങ്ങി നിൽക്കുന്നു
മെക്സിക്കോ 3-0 ചെക് റിപ്പബ്ളിക്ക് 0
ദക്ഷിണാഫ്രിക്ക 1- ദക്ഷിണ കൊറിയ 0
മെക്സിക്കോ സിറ്റി / മോണ്ടിറെറി :ലോകകപ്പ് എ ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ അവസാനിച്ചപ്പോൾ മൂന്നാം ജയം നേടി മെക്സിക്കോയും അപ്രതീക്ഷിത ജയത്തിലൂടെ ദക്ഷിണാഫ്രിക്കയും അകത്തായി. ദക്ഷിണാഫ്രിക്കയോട് ഒറ്റഗോളിന് തോറ്റ ദക്ഷിണകൊറിയ അകത്തോ പുറത്തോ എന്നറിയാൻ മറ്റ് ഗ്രൂപ്പുകളിലെ അവസാന മത്സരം കൂടി പൂർത്തിയാകേണ്ടതുണ്ട്.
മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന ചെക്ക് റിപ്പ്ളിക്കിനെതിരെ 55-ാം മിനിട്ടിൽ മാറ്റിയോ ഷാവേസ്,61-ാം മിനിട്ടിൽ ഈ ലോകകപ്പിലെ ആദ്യ ഗോളടിച്ചിരുന്ന ജൂലിയൻ ക്വിനോനസ്,90+4-ാം മിനിട്ടിൽ അൽവാരോ ഫിഡാൽഗോ എന്നിവരാണ് ആതിഥേയർക്ക് വേണ്ടി സ്കോർ ചെയ്തത്.ആദ്യമത്സരത്തിൽ 2-0ത്തിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച മെക്സിക്കോ അടുത്ത കളിയിൽ ദക്ഷിണ കൊറിയയെ 1-0ത്തിനാണ് കീഴടക്കിയത്.
ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ളിക്കിനെ തോൽപ്പിച്ചിരുന്ന ദക്ഷിണകൊറിയയുടെ മൂന്നാമത്തെ തോൽവിയായിരുന്നു ഇന്നലെ. മത്സരത്തിൽ പന്ത്കൂടുതൽ സമയവും കൊറിയക്കാരുടെ പക്കലായിരുന്നെങ്കിലും ആക്രമണങ്ങൾ സംഘടിപ്പിച്ചതും ഗോളടിച്ചതും ആഫ്രിക്കക്കാരായിരുന്നു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 64-ാം മിനിട്ടിൽ തപേലോ മസേക്കോയാണ് ആഫ്രിക്കക്കാർക്ക് വേണ്ടി ഗോളടിച്ചത്. തിരിച്ചടിക്കാൻ കൊറിയക്കാർ അവസാനം വരെ പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
9 പോയിന്റുമായാണ് മെക്സിക്കോ രണ്ടാം റൗണ്ടിലെത്തുന്നത്.ഓരോ ജയവും സമനിലയും തോൽവിയുമായി നാലുപോയിന്റുള്ള ദക്ഷിണാഫ്രിക്ക എ ഗ്രൂപ്പിലെ രണ്ടാമന്മാർ. മൂന്ന് പോയിന്റുള്ള കൊറിയയ്ക്ക് മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായി നോക്കൗട്ടിലെത്താൻ മറ്റ് ഗ്രൂപ്പുകളിലെ അവസാന മത്സരങ്ങൾ കഴിയണം. ഒരു സമനിലയും രണ്ട് തോൽവികളുമായി ചെക്ക് മടങ്ങി.
ചരിത്രത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ ആദ്യറൗണ്ടിൽ നിന്ന് മുന്നേറുന്നത്.ഞായറാഴ്ച നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തിൽ കാനഡയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |