
ചെന്നൈ: കാരൈക്കുടി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ രാഷ്‌ട്രീയ നേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് കൗൺസിലർമാർ തമ്മിൽ വാക്‌പോരുണ്ടായത്. ഇതിനിടെ നടി തൃഷയുടെ ഫോട്ടോ വയ്‌ക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കൗൺസിലർ മെയ്യാർ രംഗത്തെത്തി. ഭരണം മാറി വിജയ് മുഖ്യമന്ത്രിയായതിൽ തൃഷയ്‌ക്ക് വലിയ പങ്കുണ്ടെന്നും അതിനാൽ ഫോട്ടോ വയ്‌ക്കണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടത്. ഭാവി മുഖ്യമന്ത്രിയാണ് തൃഷയെന്നും മെയ്യാർ പറഞ്ഞു.
മെയ്യാറിന്റെ അഭിപ്രായം കേട്ട് എല്ലാവരും ആദ്യം ചിരിച്ചെങ്കിലും പിന്നീടത് വലിയ വാഗ്വാദങ്ങൾക്ക് കാരണമായി. തമിഴ്‌നാട്ടിലെ വിവിധ കോർപ്പറേഷനുകളിലെ ഹാളുകളിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി വിജയ്‌യുടെ ചിത്രത്തിനൊപ്പം മുൻ മുഖ്യമന്ത്രിമാരുടെ ഫോട്ടോയും വച്ചിട്ടുണ്ടെന്ന് ഡിഎംകെ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇതോടെ എം കെ സ്റ്റാലിന്റെ ഫോട്ടോ വയ്‌ക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ കൗൺസിലർമാർ ബഹളം വയ്‌ക്കാൻ തുടങ്ങി.
ഇതോടെ അണ്ണാ ഡിഎംകെ കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തെത്തി. മുൻ മുഖ്യമന്ത്രിമാരായ ജയലളിത, എടപ്പാടി കെ പളനിസാമി എന്നിവരുടെ ചിത്രങ്ങൾ ഹാളിൽ സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇവർ കൊണ്ടുവന്ന ചിത്രങ്ങൾ ഹാളിൽ വയ്‌ക്കുകയും ചെയ്‌തു. ഇതോടെ ഡിഎംകെ നേതാവും ഡെപ്യൂട്ടി മേയറുമായ ഗുണശേഖരനും മറ്റ് കൗൺസിലർമാരും ചേർന്ന് എം കെ സ്റ്റാലിന്റെ ചിത്രവും തൂക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |