SignIn
Kerala Kaumudi Online
Thursday, 25 June 2026 11.27 AM IST

അയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് വിവരം; ഉപരാഷ്‌ട്രപതിയെ അയച്ചേക്കും

narendra-modi

ന്യൂഡൽഹി: ഫെബ്രുവരി 28ന് അമേരിക്കൻ- ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാരചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. പകരം ഉപരാഷ്‌ട്രപതിയെ അയച്ചേക്കുമെന്നാണ് വിവരം. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഡൽഹിയിലെ ഇറാൻ എംബസി വഴി ചൊവ്വാഴ്‌ചയാണ് വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക ക്ഷണം ലഭിച്ചത്.

ജൂലായ് നാലിന് ടെഹ്‌റാനിൽ ആരംഭിക്കുന്ന സംസ്‌കാരച്ചടങ്ങുകൾ ജൂലായ് ഒമ്പതിന് ഖമനേയിയുടെ ജന്മനാടായ മഷാദിലാണ് അവസാനിക്കുന്നത്. ഖമനേയി കൊല്ലപ്പെട്ട് 106-ാം ദിവസമാണ് സംസ്‌കാരചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. സംസ്‌കാരചടങ്ങുകളുടെ ഭാഗമായി രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്ര സംഘടിപ്പിക്കും.

86കാരനായ ഖമനേയിയുടെ സംസ്‌കാരം മാർച്ചിൽ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, യുദ്ധം നീണ്ടുപോയതിനാൽ മാറ്റിവയ്‌ക്കുകയായിരുന്നു. സംസ്‌കാരചടങ്ങുകൾക്കിടെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലാണ് സംസ്‌കാരം നീട്ടിവയ്‌ക്കാൻ കാരണം. മോദിക്ക് പുറമേ ചൈന, റഷ്യ, ഖത്തർ, ഫ്രാൻസ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ലോക നേതാക്കൾക്കും ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടുണ്ട്. ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ചടങ്ങിൽ മോദി പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

2016 മേയ് മാസത്തിലാണ് മോദി അവസാനമായി ഇറാൻ സന്ദർശിച്ചത്. അന്ന് അദ്ദേഹം ഖമനേയിയെയും അന്നത്തെ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയെയും സന്ദർശിച്ച് ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിനുള്ള ത്രികക്ഷി കരാറിൽ ഒപ്പുവച്ചു. രണ്ട് വർഷത്തിന് ശേഷം 2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ഹസൻ റൂഹാനി ഇന്ത്യയിലെത്തി ഡൽഹിയും ഹൈദരാബാദും സന്ദർശിച്ചിരുന്നു. 2024 ഒക്‌ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് മോദിയും നിലവിലെ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാനും അവസാനമായി കൂടിക്കാഴ്‌ച നടത്തിയത്. ആ സമയം മോദി പെഷേഷ്‌കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, NARENDRA MODI, KHAMANEI, FUNERAL, VICE PRESIDENT, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360