ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെയും, ഇരുവശങ്ങളിലുമുള്ള കുറവൻ കുറത്തി മലകളുടെയും താഴ്വാരത്ത് ഒരു സുഖനിദ്ര. ഉണരുമ്പോൾ മഴവിൽ ആകൃതിയിൽ തലയെടുപ്പോടെ നിൽക്കുന്ന ആർച്ച് ഡാം കണികണ്ടുണരാം! സ്വപ്നമല്ല, ഇടുക്കിയിലെത്തിയാൽ ഇനി കേരളീയ വാസ്തുശില്പ സൗന്ദര്യം നിറഞ്ഞ മനോഹര പാർപ്പിടമായ ഇക്കോ ലോഡ്ജിൽ അന്തിയുറങ്ങാം.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമിനു കീഴിൽ സഞ്ചാരികൾക്ക് പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. ആകെ 12 കോട്ടേജുകളുള്ള ഇടുക്കി ഇക്കോ ലോഡ്ജിൽ കേരളീയത തുളുമ്പി നിൽക്കുന്ന അത്യാധുനികമായ താമസയിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകൾ. പൂർണമായും തടികൊണ്ട് നിർമ്മിച്ച കോട്ടേജുകളെല്ലാം എയർ കണ്ടിഷൻ ചെയ്തതാണ്. ഒരു ഡബിൾ ബെഡ്റൂം, കുളിമുറി, സിറ്റൗട്ട് എന്നിവ അടങ്ങിയതാണ് ഓരോ കോട്ടേജും.
ചെറുതോണിയിൽ നിന്ന് പുളിയന്മല റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വലതു വശത്ത് ഇക്കോ ലോഡ്ജിന്റെ ബോർഡ് കാണാം. പ്രകൃതിസൗഹൃദമായ താമസത്തിന്റെ അനുഭവം മാത്രമല്ല, പത്തു കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹിൽവ്യൂ പാർക്ക്, ഇടുക്കി ഡി.ടി.പി.സി പാർക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാൽവരി മൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കാം. പദ്ധതിയുടെ നിർമ്മാണത്തിന് വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. പ്രതിദിനം നികുതി ഉൾപ്പെടെ 4130 രൂപയാണ് ചാർജ്. നിലവിൽ ഓൺലൈൻ വഴി മാത്രമാണ് ബുക്കിംഗ്. വെബ് സൈറ്റ്:
www.keralatourism.org/yatrinivas
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |